Latest News

21 വയസ് തികഞ്ഞവരുടെ മദ്യപാനം കുറ്റകരമല്ല, അവിവാഹിതരുടെ സഹവാസത്തിന് അനുമതി: നിയമങ്ങള്‍ മാറ്റാനൊരുങ്ങി യുഎഇ

സ്ത്രീകളെ ഉപദ്രവിക്കുന്ന കേസില്‍ ബന്ധുവായ പുരുഷന്മാര്‍ക്ക് കുറഞ്ഞ ശിക്ഷ ലഭിക്കുന്ന നിലവിലെ രീതി ഒഴിവാക്കും. ഇവയെല്ലാം കുറ്റകൃത്യമായി തന്നെ കണ്ട് അതിനനുസരിച്ചുള്ള ശിക്ഷ നല്‍കും.

21 വയസ് തികഞ്ഞവരുടെ മദ്യപാനം കുറ്റകരമല്ല, അവിവാഹിതരുടെ സഹവാസത്തിന് അനുമതി: നിയമങ്ങള്‍ മാറ്റാനൊരുങ്ങി യുഎഇ
X

ദുബൈ: രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താനുള്ള നീക്കവുമായി യുഎഇ. 21 വയസ് തികഞ്ഞവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീ പുരുഷന്‍മാരുടെ ഒന്നിച്ചുള്ള താമസം എന്നിവ ഇതുപ്രകാരം രാജ്യത്തെ നിയമത്തിനു മുന്നില്‍ കുറ്റകരമല്ലാതെയായി മാറും. ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റങ്ങളുണ്ടാകും. പ്രവാസികളുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും പുതിയ പരിഷ്‌കാരം ലക്ഷ്യമിടുന്നു. ഇരൂന്നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ യുഎഇയില്‍ താമസിക്കുന്നുണ്ട്.

സ്ത്രീകളെ ഉപദ്രവിക്കുന്ന കേസില്‍ ബന്ധുവായ പുരുഷന്മാര്‍ക്ക് കുറഞ്ഞ ശിക്ഷ ലഭിക്കുന്ന നിലവിലെ രീതി ഒഴിവാക്കും. ഇവയെല്ലാം കുറ്റകൃത്യമായി തന്നെ കണ്ട് അതിനനുസരിച്ചുള്ള ശിക്ഷ നല്‍കും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിന് കഠിനമായ ശിക്ഷ ലഭിക്കും.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയോ മാനസിക വെല്ലുവിളി നേരിടുന്നവരെയോ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാനും തീരുമാനമുണ്ട്.

സ്വദേശത്ത് വിവാഹിതരാവുകയും യുഎഇയില്‍ വെച്ച് വിവാഹമോചിതരാകുകയും ചെയ്യുന്ന ദമ്പതികള്‍ക്ക് അവരുടെ രാജ്യത്തെ നിയമമായിരിക്കും ഇനി മുതല്‍ ബാധകമാകുക. വില്‍പത്രങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരും. മദ്യപാനത്തിന് വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത നിയമങ്ങളാണ് നിലവിലുള്ളത്. മദ്യപാനം സ്വകാര്യമായിട്ടോ ലൈസന്‍സുള്ള ഇടങ്ങളിലോ ആകണം, 21 വയസ്സ് കഴിഞ്ഞിരിക്കണം എന്ന നിബന്ധന മാത്രമാണ് ഇനിയുണ്ടാകുക. യുഎഇയില്‍ നിലവില്‍ മദ്യപിച്ചതിന് കേസെടുക്കുന്നത് അപൂര്‍വമായിരുന്നു, എന്നാല്‍ മറ്റൊരു കുറ്റത്തിന് അറസ്റ്റിലാകുകയും അയാള്‍ ലൈസന്‍സില്ലാതെ മദ്യം കഴിച്ചിട്ടുമുണ്ടെങ്കില്‍ അതിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. ഇതിലാണ് മാറ്റംവരുന്നത്. അറബി സംസാരിക്കാത്ത പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതിയില്‍ വിവര്‍ത്തകരെ നല്‍കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.

Next Story

RELATED STORIES

Share it