Top

നാല് എഴുത്തുകാരും രണ്ടു ശക്തികളും

രണ്ടു ലോകമഹാശക്തികളാണ് അമേരിക്കന്‍ ഐക്യനാടുകളും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും. ഒന്ന് ജനാധിപത്യത്തിന്റെ നിറകുടവും മറ്റേത് ഏകാധിപത്യത്തിന്റെ പരമകാഷ്ഠയും ആണെന്നാണ് വെയ്പ്. എന്നാല്‍ ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രണ്ടും തമ്മില്‍ വ്യത്യാസം എന്തെന്ന് ചോദിച്ചുപോകുന്നവരെ കുറ്റം പറയാനാകുമോ?

നാല് എഴുത്തുകാരും രണ്ടു ശക്തികളും

വി ആര്‍ ഗോവിന്ദനുണ്ണി

ചൈന വിപ്ലവത്തിനു മുമ്പ് രാജഭരണ കാലത്ത് 1885ല്‍ ബ്രിട്ടനു 99 കൊല്ലത്തെ പാട്ടത്തിനു കൊടുത്ത ഹോങ്കോങ്. പിന്നീട് ബ്രിട്ടന്റെ കോളനിയായിത്തീര്‍ന്ന ഇവിടം 'രണ്ടു രാജ്യം, രണ്ടു ഭരണസംവിധാനം' എന്ന കരാര്‍ പ്രകാരം 1997ല്‍ ചൈനയ്ക്കു തിരികെ ലഭിക്കുന്നു. കരാറിന്റെ കാലാവധി 2047ല്‍ അവസാനിക്കുമെങ്കിലും അതിനു മുമ്പേ ചൈനയോട് പൂര്‍ണമായി ലയിപ്പിക്കുന്ന വിധത്തിലുള്ള നിയമനിര്‍മാണങ്ങള്‍ക്കെതിരേ ഹോങ്കോങില്‍ പ്രതിഷേധമിരമ്പുമ്പോള്‍ ഈ ലോകമഹാശക്തിയുടെ മറ്റൊരു പ്രവിശ്യയില്‍ ദശകങ്ങളായി നടന്നുവരുന്ന അടിച്ചമര്‍ത്തലുകള്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ല എന്നുതന്നെ പറയാം.

ചൈനയുടെ പശ്ചിമഭാഗത്തുള്ളതും പാകിസ്താന്‍, മംഗോളിയ, താജിക്കിസ്താന്‍, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതും അഫ്ഗാനിസ്താനു സമീപസ്ഥവുമായ സിങ്ജിയാങ് പ്രവിശ്യയാണിത്. ഇവിടെ വൈഗൂര്‍ മുസ്്‌ലിംകളാണ് ഭൂരിപക്ഷം. എന്നാല്‍ മതവിശ്വാസങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ആരാധനകള്‍ക്കുമെല്ലാം വിലക്കുണ്ട്. ഇതു ലംഘിക്കുന്നുവെന്ന പേരു പറഞ്ഞ് ജനക്കൂട്ടത്തെ തന്നെ ചോദ്യംചെയ്യാതെ തടവിലിടുന്നു. സിങ്ജിയാങ് പ്രവിശ്യയിലെ തടങ്കല്‍പാളയങ്ങളില്‍ മാത്രം 15 ലക്ഷത്തോളം മുസ്്‌ലിംകള്‍ ഉണ്ടെന്നാണ് കണക്ക്. ചൈനയില്‍ കര്‍ശനവും കര്‍ക്കശവുമായ സെന്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ നിലവിലുള്ളതുകൊണ്ട് ഇവിടെ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അതിക്രമങ്ങളൊന്നും കാര്യമായി പുറത്തുവരാറില്ല. അടുത്തകാലത്തായി പുറംലോകം അറിയാനിടവന്ന മൂന്നു എഴുത്തുകാരുടെ ദാരുണസ്ഥിതി അവിടെ നടക്കുന്ന കാര്യങ്ങള്‍ക്ക് ഒരുദാഹരണമായി കണക്കാക്കാമെന്ന് തോന്നുന്നു.ആസ്‌ത്രേലിയന്‍ പൗരനാണ് ചൈനീസ് വംശജനും എഴുത്തുകാരന്‍കൂടിയായ രാഷ്ട്രീയ നിരീക്ഷകന്‍ യാംഗ് ഹെംഗ്ജൂന്‍. ആ അമ്പത്തിനാലുകാരന്‍ എട്ടുമാസം മുമ്പ് ജന്മനാട് സന്ദര്‍ശിക്കാന്‍ ചെന്നതായിരുന്നു. എന്നാല്‍ ഈ ആഗസ്ത് 23ന് യാംഗ് അറസ്റ്റിലായി; സിങ്ജിയാങില്‍ പോകാന്‍ ശ്രമിച്ചതായിരുന്നു കുറ്റം. അക്കാദമീഷ്യന്‍ കൂടിയായ അദ്ദേഹത്തെ തടവിലാക്കിയത് ചാരവൃത്തി ആരോപിച്ചായിരുന്നു. ബെയ്ജിങിലെ തടവറയിലാണ് യാംഗ് ഇപ്പോള്‍.

സിങ്ജിയാങില്‍ 'അയുപ്' എന്ന പേരില്‍ ഒരു പുസ്തക പ്രസിദ്ധീകരണ-വില്‍പന നടത്തുകയായിരുന്നു യാല്‍ക്വന്‍ റോസി. ഈ അമ്പത്തിനാലുകാരന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കൃതികള്‍ പ്രധാനമായും ക്ലാസിക് കവിതകളും നാടോടികഥകളും ഗാനങ്ങളുമാണ്. 2006ല്‍ റോസിയെ തടവിലാക്കി അധികൃതര്‍ പുസ്തകശാല അടച്ചുപൂട്ടി. (ഭാഷ, മതം, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളിലെല്ലാം ചൈനയിലെ ഭൂരിപക്ഷമായ 'ഹാന്‍' വിഭാഗത്തില്‍ നിന്നു തികച്ചും വ്യത്യസ്തരാണ് പതിനൊന്നു കോടിയോളം വരുന്ന വൈഗൂറുകള്‍). മൂന്നു വര്‍ഷം മുമ്പ് റോസിയുടെ പേരില്‍ ചുമത്തിയ അപരാധം ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നു എന്നുള്ളതും. സിങ്ജിയാങിലെ തടങ്കല്‍പ്പാളയങ്ങളില്‍ ഒന്നിലാണ് ഒരു ദശകത്തിലേറെക്കാലമായി റോസി.

ചൈനയിലെ തടങ്കല്‍പാളയങ്ങളില്‍ ഒന്ന്


സിങ്ജിയാങില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന പൗരാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നത് നാനൂറിലധികം ബുദ്ധിജീവികള്‍ ഇവിടത്തെ തടങ്കല്‍പ്പാളയങ്ങളിലുണ്ട് എന്നതാണ്. അവരില്‍ അക്കാദമീഷ്യന്മാരും അഭിനേതാക്കളും എഴുത്തുകാരും കലാകാരന്മാരും എല്ലാം ഉള്‍പ്പെടുന്നു.

സിങ്ജിയാങിലെ ഹോടാന്‍ നഗരത്തിലാണ് നൂര്‍മുഹമ്മദ് തോഹ്തിയുടെ ഗൃഹം. പ്രവിശ്യയിലെ പ്രധാന സര്‍വകലാശാലകളില്‍ നിന്നു ബിരുദം നേടിയിട്ടുള്ള അദ്ദേഹം കോളജ് അധ്യാപകനും സാഹിത്യകാരനുമായിരുന്നു. വൈഗൂര്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട രചനകളായിരുന്നു തോഹ്തിയുടേത്. ഗുരുതരമായ കരള്‍രോഗം, പ്രമേഹം തുടങ്ങിയവമൂലം വിഷമിക്കുകയായിരുന്നു ഈ എഴുത്തുകാരന്‍. അദ്ദേഹത്തെ തടങ്കല്‍പാളയത്തില്‍ അടച്ചത് 2018 നവംബറില്‍. ഇക്കഴിഞ്ഞ മെയില്‍ തോഹ്തി അന്തരിച്ചു. ആരോഗ്യനില തീര്‍ത്തും വഷളായപ്പോഴാണ് അദ്ദേഹത്തെ മാര്‍ച്ച് മാസത്തില്‍ കുടുംബത്തിനു കൈമാറിയത്. ആവശ്യമായ ചികില്‍സകള്‍ തടങ്കല്‍പാളയത്തില്‍ നല്‍കാതിരുന്നതായിരുന്നു മരണകാരണം.

ചൈനയ്ക്കു പുറത്ത് അഭയം തേടാന്‍ സാധിച്ച വൈഗൂറുകള്‍ക്ക് ഫേസ്ബുക്ക് ഗ്രൂപ്പുണ്ട്. അതിലൂടെയാണ് പല വിവരങ്ങളും പുറംലോകം അറിയുന്നത്. 'ആംനെസ്റ്റി' അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ തടങ്കല്‍പ്പാളയങ്ങള്‍ അടച്ചുപൂട്ടണമെന്ന് നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും അവ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ മാത്രമാണെന്നാണ് ചൈനയുടെ വാദം.

2

അമേരിക്കന്‍ ഐക്യനാടുകളില്‍ പരമോന്നത പദവി അലങ്കരിക്കുന്ന പ്രസിഡന്റുമാരെ എപ്പോഴും ലൈംഗികാരോപണങ്ങള്‍ വേട്ടയാടിയിട്ടുണ്ട്. സമീപകാലത്തുണ്ടായ രണ്ടു സംഭവങ്ങളിലും ഡെമോക്രാറ്റിക് കക്ഷിക്കാരായ രണ്ടു ജനപ്രിയ പ്രസിഡന്റുമാരായിരുന്നുവെന്നത് ഏറ്റവും കൗതുകകരം. ആദ്യത്തേത് അമേരിക്കന്‍ ജനതയുടെ 'ലഹരി' ആയിരുന്ന എഡ്വാര്‍ഡ് കെന്നഡി ആയിരുന്നു. 'ഹോളിവുഡ്' നടിയായിരുന്ന മര്‍ലിന്‍ മണ്‍റോ ആത്മഹത്യ ചെയ്തതിനു പിന്നില്‍ അദ്ദേഹത്തിന്റെ കൈകളാണെന്നു ആരോപണം ഉണ്ടായിരുന്നു. നടിയെ കൊല്ലിപ്പിച്ചതാണോയെന്നു പോലും ശ്രുതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പുസ്തകങ്ങള്‍വരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. രണ്ടാമത്തേത്, വളരെ അടുത്ത കാലത്തുണ്ടായ ബില്‍ ക്ലിന്റണ്‍-മോണിക്കാ ലെവിന്‍സ്‌കി സംഭവമാണ്.

ഇപ്പോള്‍ റിപബ്ലിക്കന്‍ കക്ഷിക്കാരനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ലൈംഗികാരോപണത്തിന് വിധേയനായിരിക്കുന്നത്. ആരോപണമുന്നയിച്ചിരിക്കുന്നതാവട്ടെ എഴുത്തുകാരിയായ എലിസബത്ത് കരോളും. വെറുമൊരു സാധാരണ എഴുത്തുകാരിയല്ല. ഈ എഴുത്തുകാരി അമേരിക്കയിലെ അറിയപ്പെടുന്ന നോവലിസ്റ്റാണ്. അവര്‍ പ്രശസ്ത വനിതാ മാസികയായ 'എലെ' യുടെ കോളമിസ്റ്റും.

ബില്‍ ക്ലിന്റണ്‍-മോണിക്കാ ലെവിന്‍സ്‌കി

ഇരുപത്തിമൂന്നു വര്‍ഷം മുമ്പാണ് സംഭവം നടക്കുന്നത്. കരോളിന്റെ വാക്കുകളില്‍: 'വാഷിങ്ടണിലെ ബെര്‍ഗ്‌ഡോഫ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസ്സിങ് റൂമില്‍വെച്ച് 1995ലാണ് ട്രംപ് എന്നെ അപമാനിക്കാന്‍ ശ്രമിച്ചത്. ട്രംപിന് അന്ന് 49 വയസ്സായിരുന്നു. തങ്ങള്‍ നേരത്തെ പരിചയക്കാരായിരുന്നു. അതുവെച്ച് ഒരു സമ്മാനം വാങ്ങാന്‍ കൂടെ ചെല്ലാന്‍ ട്രംപ് ക്ഷണിച്ചു. അവിടെവച്ച് എന്നെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ഞാന്‍ പോലിസില്‍ റിപോര്‍ട്ട് ചെയ്തില്ല. എന്നാല്‍ രണ്ടു അടുത്ത സുഹൃത്തുക്കളോട് ഈ വിവരം അന്നുതന്നെ പറഞ്ഞിരുന്നു.

കരോളിന്റെ പുതിയ പുസ്തകമായ 'വാട്ട് ഡു വീ നീഡ് മെന്‍ ഫോര്‍?-എ മോഡസ്റ്റ് പ്രൊപ്പോസല്‍' എന്ന അനുസ്മരണക്കുറിപ്പുകളിലാണ് ഈ പരാമര്‍ശം ഉള്ളത്.

ട്രംപ് സ്വാഭാവികമായും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. പുസ്തകം വിറ്റുപോകാനുള്ള ഗൂഢതന്ത്രമാണ് ഇത് എന്നും അദ്ദേഹം പ്രതികരിക്കുന്നു. എല്ലായിടത്തുമുള്ള രാഷ്ട്രീയ നേതാക്കളുടെ പതിവുപോലെ എതിരാളികളായ ഡെമോക്രാറ്റിക് കക്ഷിയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ട്രംപ് എന്തൊക്കെ പറഞ്ഞാലും 2016ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ അദ്ദേഹം ഒരുപാട് സംശയങ്ങളുടെ നിഴലിലാണ്. 'കള്ളക്കളി'കളിലൂടെയാണ് അദ്ദേഹം ജയിച്ചതെന്ന ആരോപണം മുതല്‍ ഇത് ആരംഭിക്കുന്നു. പിന്നീടുള്ള രാജ്യത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ ഓരോ നടപടികളും വിവാദം സൃഷ്ടിക്കുകയും ചോദ്യം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഇതിനു മുമ്പും കോടീശ്വരനായ ട്രംപിനെതിരേ ലൈംഗികാരോപണം ഉണ്ടായിട്ടുണ്ട് എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.

രണ്ടു ലോകപ്രശസ്ത പുരസ്‌കാരങ്ങള്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിക്കിടക്കുന്ന സമയമാണിത്. ഓസ്‌കാര്‍ അവാര്‍ഡും നൊബേല്‍ സമ്മാനവുമാണവ. ഓസ്‌കാര്‍ തികച്ചും ഒരു അമേരിക്കന്‍ ഇടപാടുതന്നെ; നൊബേല്‍ സമ്മാനമാവട്ടെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെ നിയന്ത്രണത്തിലാണെന്ന ആക്ഷേപം പണ്ടേക്കുപണ്ടേ ഉള്ളതാണല്ലോ.

രണ്ടു ലോകമഹാശക്തികളാണ് അമേരിക്കന്‍ ഐക്യനാടുകളും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും. ഒന്ന് ജനാധിപത്യത്തിന്റെ നിറകുടവും മറ്റേത് ഏകാധിപത്യത്തിന്റെ പരമകാഷ്ഠയും ആണെന്നാണ് വെയ്പ്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രണ്ടും തമ്മില്‍ വ്യത്യാസം എന്തെന്ന് ചോദിച്ചുപോകുന്നവരെ കുറ്റം പറയാനാകുമോ?

Next Story

RELATED STORIES

Share it