Latest News

ഒമ്പതുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ഒമ്പതുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍
X

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ ഒമ്പതുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോ മുസ്തഫ, ഡോ സര്‍ഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍ നടപടി.

സാഹചര്യങ്ങള്‍ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. ചികിത്സാ സഹായം ഉള്‍പ്പെടെ ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎല്‍എ കെ ബാബുവും പറഞ്ഞിരുന്നു. ചികിത്സാപ്പിഴവ് ആരോപണത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ആരോപണത്തില്‍ ഉറച്ചുനിന്നു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഓര്‍ത്തോ വിഭാഗം മേധാമി വ്യക്തമാക്കിയിരുന്നു.

സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് കൈക്ക് പരിക്ക് പറ്റിയത്. ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്ന് കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷമാണ് കുട്ടിയുടെ കൈയ്ക്ക് അസഹനീയമായ വേദന തുടങ്ങുന്നത്. ഇതോടെ കുട്ടിയെ വീണ്ടും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും കൈ രക്തയോട്ടം കുറഞ്ഞു കറുത്തിരുന്നു. ദുര്‍ഗന്ധമുള്ള പഴുപ്പും വരാന്‍ തുടങ്ങി. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയതും വലതു കൈ മുറിച്ചുമാറ്റിയതും. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര ചികില്‍സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it