Latest News

സഹപ്രവർത്തകന്റെ 15കാരിയായ മകളെ ബലാത്സംഗം ചെയ്ത കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

സഹപ്രവർത്തകന്റെ 15കാരിയായ മകളെ ബലാത്സംഗം ചെയ്ത കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
X

മുംബൈ: സഹപ്രവര്‍ത്തകന്റെ 15കാരിയായ മകളെ ബലാത്സംഗം ചെയ്ത കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ 30ഉം 23ഉം പ്രായമുള്ള രണ്ട് ഉദ്യോഗസ്ഥന്മാരെയാണ് മുംബൈ പോലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പവായില്‍ കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. ഇവര്‍ക്കൊപ്പം ജോലി ചെയ്യുകയും ഇവരുടെ സുഹൃത്തുമായ ഉദ്യോഗസ്ഥന്റെ മകളെയാണ് പവായിലെ വീട്ടില്‍ വച്ച് പീഡിപ്പിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 17ന് അയല്‍വാസി കൂടിയായ ഉദ്യോഗസ്ഥന്റെ മകളായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തന്ത്രപരമായി പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. സ്‌കൂള്‍ കഴിഞ്ഞ് 15 കാരി തിരികെ വീട്ടിലെത്തിയ സമയത്ത് അമ്മയും സഹോദരിയും സഹോദരനും കോളനിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ഓഫീസിലുമായിരുന്നു. ഈ സമയത്ത് അയല്‍വാസിയായ പ്രതികളിലൊരാള്‍ കുട്ടിയോട് ഭാര്യ ഒരു സഹായം ആവശ്യപ്പെട്ടതായി പറഞ്ഞു. കുടുംബങ്ങള്‍ തമ്മില്‍ നല്ല ബന്ധമായിരുന്നതിനാല്‍ കുട്ടിക്ക് സംശയമൊന്നും തോന്നിയില്ല. ഈ ഉദ്യോഗസ്ഥനൊപ്പം ഇയാളുടെ വീട്ടിലെത്തിയ കുട്ടിയെ രണ്ട് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

ക്രൂരപീഡനത്തിന് പിന്നാലെ ഭീഷണി കൂടിയായതോടെ 15കാരി സംഭവത്തേക്കുറിച്ച് ആരോടും പറഞ്ഞില്ല. ഇതിന് ശേഷം കെട്ടിടത്തിലെ ഫ്‌ലാറ്റിലടക്കം വച്ച് കുട്ടിയെ കടന്നുപിടിക്കാനും ശല്യപ്പെടുത്താനും ഈ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ഭയന്നുപോയ പെണ്‍കുട്ടി വിഷാദരോഗത്തിന് കീഴ്‌പ്പെട്ട് ചികിത്സ തേടേണ്ട അവസ്ഥയിലായി. ഇതിനിടെ ഡിസംബര്‍ മാസത്തില്‍ സംഘര്‍ഷം താങ്ങാനാവാതെ പെണ്‍കുട്ടി അമ്മയോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇവര്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥന്‍ കോസ്റ്റ് ഗാര്‍ഡിന് പരാതി നല്‍കുകയും ആിരുന്നു.

കോസ്റ്റ്ഗാര്‍ഡ് സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുന്നതിനിടെ 15കാരി മാര്‍ച്ച് 8ന് കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇമെയിലായി പരാതി നല്‍കി. ഇതോടെ പെണ്‍കുട്ടിക്ക് പോലിസില്‍ പരാതിപ്പെടാനുള്ള സഹായമൊരുക്കാന്‍ കോസ്റ്റ് ഗാര്‍ഡ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പവായി പോലിസ് സ്‌റ്റേഷനില്‍ ബുധനാഴ്ചയാണ് പരാതിയുമായി എത്തിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി എ, 506(2), 34, പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it