Latest News

കൊവിഡ് 19: അമേരിക്കയില്‍ ലോക് ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടി

മാര്‍ച്ച് 16 മുതല്‍ പതിനഞ്ച് ദിവസത്തേക്കാണ് സമൂഹഅകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അതാണിപ്പോള്‍ ഒരു മാസത്തേക്ക് നീട്ടിയത്.

കൊവിഡ് 19: അമേരിക്കയില്‍ ലോക് ഡൗണ്‍  ഏപ്രില്‍ 30വരെ നീട്ടി
X

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധ തീവ്രമായതോടെ ട്രംപ് ഭരണകൂടം സാമൂഹ്യഅകലം സംബന്ധിച്ച മാര്‍ഗരേഖ നടപ്പാക്കുന്നത് ഏപ്രില്‍ 30വരെ നീട്ടി. രാജ്യത്ത് 2000ത്തില്‍ കൂടുതല്‍ ആളുകള്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ച പശ്ചാത്തലത്തിലാണ് ഭരണകൂടം കടുത്ത നടപടിയിലേക്ക് കടന്നത്.

''വൈറസ് ബാധ ലഘൂകരണ നടപടിയെന്ന നിലയില്‍ പ്രഖ്യാപിച്ച സമൂഹഅകല മാര്‍ഗനിര്‍ദേശങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചു'' വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രംപ് അറിയിച്ചു. എന്താണ് കൊറോണ വൈറസ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന പദ്ധതികള്‍, അതിന് അടിസ്ഥാനമാക്കിയ കണ്ടെത്തലുകളും രേഖകളും ഡാറ്റയും ഇവയൊക്കെ ചൊവ്വാഴ്ചയോടെ പരസ്യപ്പെടുത്തും.

ഞായറാഴ്ച രാത്രിവരെ അമേരിക്കയില്‍ 139,000 പേര്‍ക്ക് വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. അതില്‍ 2425 പേര്‍ മരണത്തിനു കീഴടങ്ങി.

മാര്‍ച്ച് 16 മുതല്‍ പതിനഞ്ച് ദിവസത്തേക്കാണ് സമൂഹഅകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അതനുസരിച്ച് പത്തില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും പ്രായമായവര്‍ പുറത്തിറങ്ങുന്നതും നിരോധിച്ചു.

ഇപ്പോഴത്തെ വൈറസ്‌വ്യാപനം ജൂണ്‍ ഒന്നോടെ ദുര്‍ബലമായേക്കുമെന്നാണ് പ്രതീക്ഷ. ഇനിയും വിവിധ രീതിയിലുള്ള നിയന്ത്രണങ്ങളുണ്ടായേക്കുമെന്ന സൂചനയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ യാത്രാമാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. അതനുസരിച്ച് ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കണക്ടിക്കട്ട് തുടങ്ങി മൂന്നു സംസ്ഥാനങ്ങളില്‍ യാത്രാനിരോധം നിലവില്‍ വന്നു. ഇവിടങ്ങളില്‍ ജനങ്ങളോട് അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആര്‍ക്കൊക്കെ യാത്രാവിലക്കുകള്‍ ഒഴിവാക്കാമെന്ന കാര്യത്തില്‍ സര്‍ക്കാരിനാണ് പൂര്‍ണ അധികാരം. തന്ത്രപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നവരെ വിലക്കില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ രോഗബാധയുടെ കാര്യത്തില്‍ ചൈനയ്ക്കും ഇറ്റലിക്കും മുന്നിലാണ് അമേരിക്ക. ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളതും ഇവിടെത്തന്നെ. യുവാക്കള്‍ക്കിടയിലെ കടുത്ത വൈറസ്ബാധ കൂടുതലായി റിപോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. പുതിയ പ്രദേശങ്ങളിലേക്ക് വൈറസ് വ്യാപിച്ചുകഴിഞ്ഞു.

കഴിഞ്ഞ ദിവസം ഒരു വയസ്സിനു താഴെയുള്ള ഒരു കൈക്കുഞ്ഞ് അമേരിക്കയില്‍ വൈറസ് ബാധ മൂലം മരിച്ചിരുന്നു.

ലോകത്ത് 700000 പേര്‍ക്കാണ് രോഗബാധയുള്ളത്. അതായത് രോഗമുള്ള ഏഴിലൊരാള്‍ അമേരിക്കക്കാരനാണ്. രോഗത്തില്‍ മുക്തി നേടാന്‍ ലോകം വര്‍ഷങ്ങളല്ലെങ്കില്‍ മാസങ്ങളെങ്കിലും എടുക്കുമെന്ന് ലോകനേതാക്കള്‍ കരുതുന്നു.

Next Story

RELATED STORIES

Share it