Latest News

മരം കൊള്ള; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24ന്

കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റ ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാരോപിച്ച് പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടും

മരം കൊള്ള;  ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24ന്
X

തിരുവനന്തപുരം: മരം കൊള്ളയെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു 24ന് യുഡിഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ ധര്‍ണ നടത്തും. സംസ്ഥാനതല ഉല്‍ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.

വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടക്കുന്ന ധര്‍ണ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉല്‍ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യുഡിഎഫ് നേതാക്കളായ കെ മുരളീധരന്‍ എം.പി., ഡോ.എംകെ മുനീര്‍ എം.എല്‍.എ., എഎ അസീസ്, സി പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും, ആലപ്പുഴ രമേശ് ചെന്നിത്തലയും, ഇടുക്കിയില്‍ പിജെ ജോസഫും, കോട്ടയത്ത് എംഎം ഹസ്സനും, കൊല്ലത്ത് എംകെ പ്രേമചന്ദ്രനും ധര്‍ണ ഉല്‍ഘാടനം ചെയ്യും.

എറണാകുളത്ത് പിറ്റി തോമസും, തൃശൂരില്‍ ബെന്നി ബഹനാനും, പാലക്കാട് വി കെ ശ്രീകണ്ഠനും, കോഴിക്കോട് എം കെ രാഘവനും, പത്തനംതിട്ടയില്‍ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജനും, വയനാട് റ്റി സിദ്ദിഖും, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് ധര്‍ണ ഉല്‍ഘാടനം ചെയ്യുന്നത്. യുഡിഎഫ്. നേതാക്കളായ അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, ജോണ്‍ ജോണ്‍, രാജന്‍ ബാബു, മോന്‍സ് ജോസഫ് എന്നിവര്‍ വിവിധ ജില്ലകളിലെ ധര്‍ണയ്ക്കു നേതൃത്വം നല്‍കും.

കെ.റയില്‍ പദ്ധതിയെക്കുറിച്ച് പഠിച്ച് റിപോര്‍ട്ടു നല്‍കാന്‍ യുഡിഎഫ് ഒരു ഉപസമിതിയെ നിയോഗിച്ചു. ഡോ.എം.കെ.മുനീര്‍ കണ്‍വീനരായും വി റ്റി ബലറാം, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സിപി ജോണ്‍, ജി ദേവരാജന്‍, മാണി സി കാപ്പന്‍, രാജന്‍ ബാബു, ജോണ്‍ ജോണ്‍ എന്നിവര്‍ സമിതിയംഗങ്ങളുമാണ്.

കൊവിഡ് കേസ് നിയമപരമായി നേരിടും: യുഡിഎഫ്

കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റ ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. എകെജി സെന്ററില്‍ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും കൂട്ടം കൂടി നിന്ന് കേക്ക് മുറിച്ചാണ് ഇടതുമുന്നണിയുടെ വിജയാഘോഷം നടത്തിയത്. അന്ന് കേസ് എടുത്തില്ല. സര്‍ക്കാര്‍ തലത്തില്‍ തന്നെ വേറെയും പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ പലതുണ്ടായി. അതിലൊന്നും കേസ് എടുക്കാതെ കോണ്‍ഗ്രസിന്റെ ചടങ്ങിനെതിരെ കേസ് എടുത്തത് രാഷ്ട്രീയ വിരോധത്തോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it