Latest News

പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി

പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി
X

കൊച്ചി: പെട്രോള്‍ പമ്പിലെ ടോയ്‌ലറ്റുകള്‍ പൊതുശൗചാലയങ്ങളാക്കി മാറ്റരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുശൗചാലയങ്ങളാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് ജസ്റ്റിസ് സി എസ് ഡയസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും നിര്‍ബന്ധം പിടിക്കരുതെന്ന് കോടതി പറഞ്ഞു . അടിയന്തര ആവശ്യങ്ങള്‍ക്കായി ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ നിര്‍ബന്ധിതരാക്കുകയാണെന്ന് ഹരജിക്കാര്‍ വാദിച്ചു. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും മറ്റ് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചില പെട്രോള്‍ പമ്പിുകളില്‍ പൊതുശൗചാലയങ്ങളാണെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇത്തരം തെറ്റായ വിവരങ്ങള്‍ കാരണം, പലരും ടോയ്‌ലറ്റ് സൗകര്യം ആവശ്യപ്പെട്ട് ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തുന്നു, ഇത് പെട്രോള്‍ പമ്പുകളുടെ പതിവ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും അപകടങ്ങള്‍ ഉണ്ടാക്കുമെന്നും ഹരജിക്കാര്‍ വാദിച്ചു. യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി ടൂറിസ്റ്റ് ബസുകള്‍ പെട്രോള്‍ പമ്പുകളില്‍ എത്തുന്നുണ്ടെന്നും ഹരജിക്കാര്‍ പറഞ്ഞു.അഭിഭാഷകരായ ആദര്‍ശ് കുമാര്‍, കെ എം അനീഷ്, ശശാങ്ക് ദേവന്‍, പി എം യദു കൃഷ്ണന്‍ എന്നിവര്‍ ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായി.





Next Story

RELATED STORIES

Share it