Latest News

തൃശൂര്‍ തീപിടിത്തം; സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തല്‍

തൃശൂര്‍ തീപിടിത്തം; സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തല്‍
X

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംങ് കേന്ദ്രങ്ങളിലുണ്ടായ തീപിടിത്തത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് പോലfസിന്റെ പ്രാഥമിക നിഗമനം. തീപിടിത്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ നിയോഗിച്ചു. റെയില്‍വേ എസ്പിയുടെ നേതൃത്വത്തില്‍ ഉടന്‍ എല്ലാ സ്റ്റേഷനുകളിലെയും സുരക്ഷ ഓഡിറ്റ് നടത്തും. മറ്റ് പാര്‍ക്കിംങ് കേന്ദ്രങ്ങളിലും പോലിസ് സുരക്ഷ ഓഡിറ്റ് നടത്തും. എല്ലാ പാര്‍ക്കിംങ് കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഗുരുതര സുരക്ഷ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ. രാജനും പ്രതികരിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ അതിവേഗം നടത്തിയനാല്‍ വലിയൊരു സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടതായും മന്ത്രി പറഞ്ഞു. അടിയന്തര അന്വേഷണത്തിന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടു.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ്ങില്‍ ഇന്ന് രാവിലെയാണ് വന്‍ തീപിടിത്തമുണ്ടായത്. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന പാര്‍ക്കിങ്ങിലാണ് തീ പടര്‍ന്നത്. നൂറിലേറെ ബൈക്കുകളാണ് കത്തിനശിച്ചത്. ആദ്യം ഇലക്ട്രിക് വാഹനത്തിനാണ് തീ പിടിച്ചതെന്ന് സംശയം. ഈ മേഖലയിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഏകദേശം 200ലധികം ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതായാണ് റിപോര്‍ട്ട്.

ആളുകള്‍ക്ക് അപകടമുണ്ടായിട്ടില്ല. തീ ഇത്രയും വലിയതോതില്‍ പടര്‍ന്നതിന് കാരണം റെയില്‍വേ പാര്‍ക്കിങ്ങിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. ആദ്യം ചെറിയ തോതിലാണ് ഒരു ബൈക്കില്‍ തീ പിടിച്ചത്. ആ സമയത്ത് പാര്‍ക്കിങ്ങില്‍ ഫയര്‍ എക്സ്റ്റിങ്യൂഷര്‍ ഉണ്ടായിരുന്നെങ്കില്‍ തീപിടിത്തം ഇത്രയും വലുതാകുമായിരുന്നില്ല എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായിരുന്നതിനാല്‍ സമീപത്തേക്ക് അടുക്കാനും സാധിച്ചിരുന്നില്ല. ഏറെ പണിപ്പെട്ടാണ് കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ എത്തി തീ അണച്ചത്.

Next Story

RELATED STORIES

Share it