Latest News

ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകം; നേരത്തെ പിടികൂടിയ വയോധികനല്ല പ്രതിയെന്ന് പോലിസ്; മറ്റു രണ്ടു പേര്‍ കസ്റ്റഡിയില്‍

ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകം; നേരത്തെ പിടികൂടിയ വയോധികനല്ല പ്രതിയെന്ന് പോലിസ്; മറ്റു രണ്ടു പേര്‍ കസ്റ്റഡിയില്‍
X

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നേരത്തെ അറസ്റ്റ് ചെയ്ത ആളല്ല യഥാര്‍ത്ഥ പ്രതിയെന്ന് പോലിസ്. മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി അബൂബക്കര്‍ എന്നയാളാണ് പ്രതിയെന്നാണ് പോലിസ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, യഥാര്‍ഥ പ്രതികള്‍ മറ്റു രണ്ടു പേരാണെന്നാണ് പോലിസ് ഇപ്പോള്‍ പറയുന്നത്. ഒരു മോഷണക്കേസ് പ്രതിയും ഭാര്യയേയും മൈനാഗപ്പള്ളിയില്‍ നിന്ന് പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വയോധികയുമായി ബന്ധമുള്ള അബൂബക്കര്‍ കൊല നടന്ന ദിവസം രാത്രി അവരുടെ വീട്ടില്‍ എത്തിയിരുന്നു. ഈ സമയത്ത് ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ട വയോധികയ്ക്ക് അബൂബക്കര്‍ ശീതളപാനീയം നല്‍കുകയും അവര്‍ ഉറങ്ങുകയും ചെയ്തു. ഈ സമയത്താണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനായി പ്രതികള്‍ വീട്ടില്‍ എത്തുന്നത്. അബൂബക്കര്‍ പോയ ശേഷം വീട്ടിനകത്തേക്ക് കടന്ന പ്രതികള്‍ വയോധികയെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് പോലിസ് ഇപ്പോള്‍ പറയുന്നത്.

മോഷണത്തിനായി ഇരുവരും വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. കൊലപാതകത്തിന് ശേഷം മുളകുപൊടി വിതറുകയും ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈല്‍ ഫോണും കമ്മലും ഇരുവരു കൈക്കലാക്കുകയും ചെയ്തിരുന്നു. മൊബൈല്‍ഫോണാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. മൊബൈല്‍ഫോണ്‍ മറ്റൊരു സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് ഇരുവരെയും കുടുക്കിയത്. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പിടിയിലായ സ്ത്രീ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ചികില്‍സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it