Latest News

പുരാരേഖ വകുപ്പിന്റെ ഇന്റര്‍നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റര്‍ ഈ വര്‍ഷം

പുരാരേഖ വകുപ്പിന്റെ ഇന്റര്‍നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റര്‍ ഈ വര്‍ഷം
X

തിരുവനന്തപുരം: പുരാരേഖ വകുപ്പിന്റെ സ്വപ്‌ന പദ്ധതിയായ കാര്യവട്ടം ഇന്റര്‍നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്ററിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ചരിത്ര രേഖ സംരക്ഷണം, ഭരണ നിര്‍വ്വഹണം, ഗവേഷണം എന്നിവ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക, ചരിത്ര രേഖകള്‍ക്കായി ഒരു സംരക്ഷണ ഗ്രാമം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് കാര്യവട്ടത്തെ മ്യൂസിയം ഒരുക്കുന്നത്. പുരാരേഖ വകുപ്പ് ഡയറക്‌ട്രേറ്റില്‍ ഏര്‍പ്പെടുത്തിയ ഇ ഓഫിസ് ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഇ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ നിശ്ചയിച്ച ഫീസൊടുക്കി ഗവേഷകര്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും വകുപ്പിന്റെ പുരാരേഖാശേഖരത്തില്‍ നിന്ന് ആവശ്യമായ രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് സുതാര്യമായും വേഗത്തിലും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് ഇഗവേണന്‍സ് സംവിധാനം നടപ്പിലാക്കുന്നത്. ഗവേഷണാനുമതി, പകര്‍പ്പിനായുള്ള അപേക്ഷ എന്നിവ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനും പരിശോധിച്ച് ഉടന്‍ തന്നെ അനുമതി നല്‍കുന്നതിനും പുതിയ സംവിധാനത്തിലൂടെ കഴിയും. നിലവില്‍ റെക്കോര്‍ഡ് ചെയ്ത ചരിത്രരേഖകളുടെ ഇമേജുകള്‍ ഉടന്‍ തന്നെ ഓണ്‍ലൈനില്‍ ലഭ്യമാകും. ഇതിനായി സോഫ്റ്റ്‌വെയര്‍ തയ്യാറാവുന്നുണ്ട്. ഇതോടെ ലോകത്ത് എവിടെയുള്ള ഗവേഷകനും വിരല്‍ത്തുമ്പിലൂടെ സേവനം ലഭിക്കും. ഈ വര്‍ഷം തന്നെ വകുപ്പിന്റെ റീജ്യണല്‍ ഓഫിസുകളിലും ഹെറിറ്റേജ് ഓഫീസുകളിലും ഇഓഫിസ് സംവിധാനം നിലവില്‍ വരുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുരാരേഖകളെ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടക്കുകയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദമായി വകുപ്പിന്റെ കൈവശമുള്ള രേഖകളാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.

Next Story

RELATED STORIES

Share it