Latest News

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി; ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി; ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം
X

തിരുവനന്തപുരം: തലസ്ഥാനത്തെ ലൈറ്റ് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് അംഗീകാരം നല്‍കിയത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍)മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

ടെക്‌നോപാര്‍ക്കിന്റെ മൂന്നു ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു.

പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്നതാണ് മെട്രോ പാത. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍.

തിരുവനന്തപുരം നഗരത്തില്‍ മെട്രോ റെയില്‍ പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം 2025-26 സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it