Latest News

സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളെന്ന് സര്‍വേ

സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളെന്ന് സര്‍വേ
X

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയായി. നിലവില്‍ 64,006 കുടുംബങ്ങളാണ് സംസ്ഥാനത്ത് അതിദരിദ്രരായുള്ളത്. വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍വ്വേക്കായി നടത്തിയത്.

അതിദാരിദ്ര്യ നിര്‍ണയത്തിനായി സംസ്ഥാനത്താകെ 1,034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 19,489 വാര്‍ഡുകളിലായി 69,119 ഫോക്കസ് ഗ്രൂപ്പുകള്‍ ചര്‍ച്ച നടത്തി. 1,18,326 പേരെ കണ്ടെത്തി. ഉപസമിതികളുടെ അംഗീകാരത്തോടെ 87,158 പേരുടെ പ്രീ എന്യുമെറേഷനും, എന്യുമെറേഷനും പൂര്‍ത്തീകരിച്ചു. ഈ വിവരങ്ങളുടെ കൃത്യത പരിശോധിക്കുന്നതിന് 20 ശതമാനം സൂപ്പര്‍ ചെക്ക് ചെയ്തു.

അങ്ങനെയുണ്ടായ അതിദരിദ്രരുടെ കരട് പട്ടികയില്‍ 73,747 കുടുംബങ്ങളുണ്ടായിരുന്നു. സൂപ്പര്‍ ചെക്കിന് ശേഷമുള്ള പട്ടിക ഗ്രാമസഭകളില്‍ വെച്ച് ചര്‍ച്ച ചെയ്തു, അന്തിമ പട്ടികയുണ്ടാക്കി.

അന്തിമപട്ടികയില്‍ 12,763 പേര്‍ പട്ടികജാതി വിഭാഗത്തിലും, 3,021 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും, 48,222 പേര്‍ മറ്റ് വിഭാഗങ്ങളിലും ഉള്‍പ്പെടുന്നു. ഇതില്‍ 2,737 പേര്‍ തീരദേശവാസികളാണ്. അതിദരിദ്രരെ കണ്ടെത്തി, ഓരോ കുടുംബത്തിനും അതിജീവനത്തിനുള്ള 'മൈക്രോപ്ലാന്‍' തയ്യാറാക്കി ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.

Next Story

RELATED STORIES

Share it