Latest News

'സുല്‍ത്താന്‍ വാരിയന്‍കുന്നന്‍' പ്രസരിപ്പിക്കുന്ന വിപ്ലവാഗ്നി

സുല്‍ത്താന്‍ വാരിയന്‍കുന്നന്‍ പ്രസരിപ്പിക്കുന്ന വിപ്ലവാഗ്നി
X

സി അബ്ദുല്‍ ഹമീദ്

ഏതാനും ദിവസങ്ങള്‍ക്കു മുമ്പു റമീസ് മുഹമ്മദിന്റെ കൃതി 'സുല്‍ത്താന്‍ വാരിയന്‍കുന്നന്‍' മലപ്പുറത്തുവച്ചു പ്രകാശിതമായി. മലബാറിലെ പോരാട്ടങ്ങളെക്കുറിച്ചും പ്രത്യേകിച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും വര്‍ഷങ്ങളായി പഠനം നടത്തിവന്നിരുന്ന വ്യക്തിയുടെ രചനയെന്ന നിലയ്ക്കു പ്രതീക്ഷയോടെയാണ് അതിനെ സ്വീകരിച്ചത്. കുഞ്ഞഹമ്മദ് ഹാജിയുടെ ഇതുവരെ വെളിച്ചംകാണാത്ത ചിത്രം അതിലുണ്ടെന്നത് ആവേശവും ജനിപ്പിച്ചു. 395 പുറങ്ങളിലായി ആകര്‍ഷകവും ഗംഭീരവുമായ കെട്ടുംമട്ടുമൊക്കെയായി ഈ പുസ്തകം മലയാളിയുടെ കൈയിലെത്തിയിരിക്കുകയാണ്. പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ പ്രസക്തി എത്രത്തോളമുണ്ടോ അത്ര തന്നെയോ അതിലേറെയോ പ്രസക്തമാണ് ഈ പുസ്തകവും ഇതേ ശ്രേണിയിലെ മറ്റു പുസ്തകങ്ങളും പുറത്തിറങ്ങുന്ന കാലവും എന്നു തോന്നിയിട്ടുണ്ട്. കുഞ്ഞഹമ്മദ് ഹാജിയുടെ വിപ്ലവത്തിനും രക്തസാക്ഷ്യത്തിനും നൂറു വര്‍ഷം പിന്നിടുമ്പോഴും ഒരു നൂറ്റാണ്ട് മുമ്പുള്ള സാമൂഹികാവസ്ഥയ്ക്ക് എന്തു മാറ്റമാണുണ്ടായതെന്നു ചിന്തിക്കേണ്ടതുണ്ട്. ഗ്രാംഷിയന്‍ വാചകങ്ങള്‍ കടമെടുത്താല്‍, അടിസ്ഥാനവര്‍ഗത്തിനു മേല്‍ ഭരണവര്‍ഗം നടത്തുന്ന ഒരുതരം ആധിപത്യത്തിനു (ഒലഴലാീി്യ) നേരെയുള്ള പ്രതികരണമാണ് വിപ്ലവമെങ്കില്‍ കാലം മാറിയതല്ലാതെ ചുറ്റുപാടില്‍ എന്തു മാറ്റമാണുണ്ടായത്?

സെര്‍ബിയന്‍ നാടകകൃത്തായ സ്റ്റീവ് ടെസിച്ചിന്റെ പ്രബന്ധത്തിലെ പ്രയോഗമായ ഒരു കൊച്ചു പദം -പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തരം- അന്തരീക്ഷത്തില്‍ ഫാഷിസത്തിന്റെ പര്യായമായി മുഴങ്ങിനില്‍ക്കുമ്പോള്‍ സംവാദ കേന്ദ്ര നിര്‍മിതിയുടെ കേരളീയ ഉദാഹരണമാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സംഘപരിവാര ഫാഷിസത്തിന് ഏറ്റവും അരോചകമായ നാമം. തങ്ങള്‍ക്കു സ്വീകരിക്കാന്‍ സാധ്യമായതിനെ തങ്ങളുടേതാക്കി മാറ്റാന്‍ ശ്രമം നടത്തുന്നു. ബിര്‍സാമുണ്ട, സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങി അതിന്റെ പ്രയത്‌നങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഏറനാട്ടിലെ വിപ്ലവവും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന നേതാവും അവര്‍ക്കു സ്വീകാര്യമാവാത്തതിനാല്‍ പിശാചുവല്‍ക്കരണമാണ് ഇവിടെ സ്വീകരിച്ചത്. മലബാര്‍ സമരവും കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള നേതാക്കളും ചരിത്ര വസ്തുതകളാല്‍ തീര്‍പ്പുകല്‍പ്പിക്കപ്പെട്ടുകഴിഞ്ഞ കാര്യങ്ങളാണെന്നതാണ് ഈ പിശാചുവല്‍ക്കരണത്തിന്റെ കാരണം.

ബ്രിട്ടിഷ് ഭരണകൂടത്താല്‍ രേഖപ്പെടുത്തപ്പെട്ടതും ദേശീയ ചരിത്രകാര•ാരുടെ ലേബലില്‍ വലതുപക്ഷ യുക്തിയാല്‍ മലീമസമാവുകയും ചെയ്ത മലബാര്‍ ചരിത്രത്തില്‍ നിന്നു മലബാര്‍ സമരവും കുഞ്ഞഹമ്മദ് ഹാജിയും വസ്തുതകളുടെ അരിപ്പയാല്‍ വേര്‍തിരിക്കപ്പെട്ട് ആവിഷ്‌കരിക്കുകയെന്നത് ഏറെ ശ്രമകരമാണ്. ആ ശ്രമകര ദൗത്യത്തില്‍ റമീസ് മുഹമ്മദ് വിജയിച്ചിരിക്കുന്നു. കര്‍ണാ കര്‍ണകിയാ അറിഞ്ഞ ഒരു ചരിത്ര പുരുഷനെക്കുറിച്ചു കൂടുതല്‍ ഗ്രഹിക്കാന്‍ തുടങ്ങിയപ്പോള്‍ അതൊരു വിസ്മയമായി മാറുകയും അന്വേഷണമായി ഒരു ലഹരിയായി മാറുകയും ചെയ്തത് റമീസ് ആമുഖത്തില്‍ വിവരിക്കുന്നുണ്ട്. ഇന്ത്യയില്‍ ബ്രിട്ടിഷ് പട്ടാളം നേരിട്ട ഏറ്റവും കരുത്തനായ ഒരു വിപ്ലവനായകന് ഒരു സ്മാരകം പോലും കാണാനാവാത്തത് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തിയതും ആമുഖത്തില്‍ പങ്കുവച്ചിട്ടുണ്ട്.

പുസ്തകം ആരംഭിക്കുന്നത് ഒന്നാം അധ്യായത്തിനു മുമ്പായി നന്ദി എന്ന തലക്കെട്ടിലെ ഒരു കൊച്ചു അധ്യായത്തിലൂടെയാണ്. വായനക്കാരില്‍ താല്‍പ്പര്യം ജനിപ്പിക്കുന്ന ആഖ്യാനശൈലി ഈ അധ്യായത്തിനുണ്ട്. ചിത്രരചനയില്‍ വസ്തുതകള്‍ നിരത്തേണ്ടിവരുമ്പോള്‍ നാടകീയശൈലി ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ഒന്നാം അധ്യായമായ 'പാരമ്പര്യം' മുതല്‍ നേര്‍ക്കുനേര്‍ ചരിത്രവസ്തുതകളെ അപഗ്രഥിക്കുന്ന ശൈലിയിലേക്കു മാറാന്‍ നിര്‍ബന്ധിതനായിട്ടുണ്ട്. ഒന്നാം അധ്യായം മലബാറിന്റെ പുരാതന ചരിത്രം മുതല്‍ കുഞ്ഞഹമ്മദ് ഹാജിയുടെ കാലം വരെ എത്തിനില്‍ക്കുന്ന വിവരണമാണ്. കേരള ചരിത്രത്തെ ആദ്യമായി സമീപിക്കുന്ന ഒരാള്‍ക്ക് അനിവാര്യമായതും വാരിയന്‍കുന്നത്തിലേക്കു മലബാര്‍ ചരിത്രത്തെ ആനയിച്ചു നിര്‍ത്തുകയും ചെയ്യുന്ന അധ്യായമാണിത്.

നാലാം അധ്യായത്തിനു നല്‍കിയ 'മൗനം' എന്ന തലക്കെട്ട് ആകാംക്ഷയുളവാക്കി. 1914 മുതല്‍ മക്കയില്‍നിന്നു തിരിച്ചുവന്ന കാലത്തെ കുഞ്ഞഹമ്മദ് ഹാജിയുടെ കച്ചവടത്തിലും വീട്ടുകാര്യങ്ങളിലും മുഴുകിയ കാലമാണ് ഇവിടെ കടന്നുവരുന്നത്. മാളുവുമായുള്ള വിവാഹവും അന്നത്തെ ദേശീയ പ്രസ്ഥാന നേതാക്കളുമായി ഇടപഴകുന്നതുമൊക്കെ ചേര്‍ന്ന വിപ്ലവം തുടങ്ങുന്ന 1920-21 കാലം വരെയുള്ള ഇടവേള മഹാവിസ്‌ഫോടനത്തിനു മുമ്പുള്ള ശാന്തതയായി കണക്കാക്കാം. പിന്നീട് 1920 ഏപ്രിലില്‍ മഞ്ചേരിയില്‍ നടക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തോടെ കുഞ്ഞഹമ്മദ് ഹാജി രാഷ്ട്രീയരംഗത്തു സജീവമാവുന്നതാണ് കാണുന്നത്. ഖിലാഫത്ത് പ്രസ്ഥാനം രൂപീകൃതമാവുകയും മഹാത്മാഗാന്ധിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് 1920 ആഗസ്ത് 20ന് നടന്ന മഹാസമ്മേളനത്തില്‍ കുഞ്ഞഹമ്മദ് ഹാജി പങ്കെടുത്തത് രാഷ്ട്രീയാശയങ്ങള്‍ രൂപപ്പെടുന്നതിനു കൂടുതല്‍ സഹായകരമാവുകയും എം പി നാരായണ മേനോന്റെ കൂടെ കോണ്‍ഗ്രസ്-ഖിലാഫത്ത്-കുടിയാന്‍ സംഘടനകളുടെ സംഘാടനത്തിനു മുന്നില്‍ നില്‍ക്കുകയും ചെയ്തു. ഈ അധ്യായത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാറിലെ വളര്‍ച്ചയും ബ്രിട്ടന്‍ കുഴപ്പങ്ങള്‍ നടത്താന്‍ തുടങ്ങുന്നതും വിശദമാക്കുന്നു.

മലബാറിലെ പോരാട്ടങ്ങളുടെ തുടക്കം തിരൂരങ്ങാടിയില്‍ നിന്നായിരുന്നു. ആഗസ്ത് 20ന് ആലി മുസ്‌ല്യാരെയും സംഘത്തെയും അറസ്റ്റ് ചെയ്യാന്‍ വന്ന ബ്രിട്ടിഷ് സേന പിന്തിരിഞ്ഞതും പിന്നീട് പൂക്കോട്ടൂര്‍ യുദ്ധം, പാണ്ടിക്കാട് സ്റ്റേഷന്‍ ആക്രമണം, പാണ്ടിയാട് കളത്തിലെ യോഗം, വിപ്ലവ സര്‍ക്കാര്‍ രൂപീകരണം, നിലമ്പൂര്‍ കോവിലകത്തെ സംഭവങ്ങള്‍ തുടങ്ങി മലബാര്‍ ഇളകിമറിഞ്ഞ കാലത്തെ 'യുദ്ധം' എന്ന അധ്യായത്തില്‍ പറഞ്ഞുവച്ചിട്ടുണ്ട്. ആറാം അധ്യായമായ 'പദ്ധതി' ചരിത്രപ്രസിദ്ധമായ വിപ്ലവസര്‍ക്കാരിന്റെ നയനിലപാടുകളും ഭരണ സംവിധാനവും വിവരിക്കുന്നതാണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണകൂടവും വിപ്ലവ പ്രവര്‍ത്തനങ്ങളും മതകേന്ദ്രീകൃതമായിരുന്നില്ലെന്നും വര്‍ഗീയ ശ്രമങ്ങളെ തടയുന്നതുമായിരുന്നുവെന്നും 'അവര്‍ഗീയം' എന്ന ഭാഗത്ത് പറയുന്നു. എട്ടും ഒമ്പതും അധ്യായങ്ങളിലാണ്് സൈനിക സംഭരണവും ചേക്കുട്ടി വധം, മഞ്ചേരി പ്രഖ്യാപനം പോലെയുള്ള ചരിത്ര സംഭവങ്ങളും കടന്നുവരുന്നത്.

മാപ്പിള സേനയെ ഒതുക്കാന്‍ ഗൂര്‍ഖകള്‍ രംഗത്തുവരുകയും മാപ്പിള സേനാംഗങ്ങള്‍ കൂടുതലായി പോരാട്ടങ്ങളില്‍ കൊല്ലപ്പെടുകയും തനിക്ക് ഏറെ വേണ്ടപ്പെട്ട ആലി മുസ്‌ല്യാരുടെയും എം പി നാരായണമേനോന്റെയും അറസ്റ്റുകളും മാപ്പിള സേനയ്ക്ക് ഒളിവില്‍ പോവേണ്ടിവന്നതുമായ കാലയളവിലെ ചരിത്രത്തെ 'നഷ്ടം' എന്ന അധ്യായത്തിലാണ് രേഖപ്പെടുത്തിയത്. 'ഗറില്ല' എന്ന അധ്യായത്തില്‍ ഒളിപ്പോരും വെള്ളിനേഴി സൈനിക ക്യാംപും ഭരണത്തിന്റെ ഭാഗമായി കറന്‍സി, പാസ്‌പോര്‍ട്ട് തുടങ്ങിയ പരിഷ്‌കാരങ്ങളെയും വിശദമാക്കുന്നു. 12ാം അധ്യായത്തില്‍ മാപ്പിളമാരെ ഒതുക്കാന്‍ ബ്രിട്ടന്‍ തയ്യാറാക്കിയ സൈനിക വ്യൂഹങ്ങളെയും ഒറ്റുകാരുടെ സംവിധാനങ്ങളെയുമാണ് വിവരിക്കുന്നത്. വാഗണ്‍ ട്രാജഡിയും പാണ്ടിക്കാട് യുദ്ധവും വിവരിച്ച ശേഷം 'കീഴടങ്ങലുകള്‍' ആണ് വരുന്നത്. വിപ്ലവം അനന്തമായി നീണ്ടുപോയപ്പോള്‍ മാപ്പിളമാരിലുണ്ടായ സ്വാഭാവിക നിരാശ മുതലെടുത്തു കീഴടങ്ങിയാല്‍ മക്കയിലേക്കയക്കാമെന്ന വാഗ്ദാനവുമായി അധികാരികള്‍ രംഗത്തുവരുകയും ചിലരെയെങ്കിലും അതു സ്വാധീനിക്കുകയും ചെയ്തു. ഇത് ഉണ്ടാക്കിയ അങ്കലാപ്പില്‍ പലരും കീഴടങ്ങുകയും ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്നു കുഞ്ഞഹമ്മദ് ഹാജി അനുമതി നല്‍കുകയും ചെയ്തു.

'ബേറ്ററി' എന്ന സൈനിക സംവിധാനം രൂപീകരിച്ചു കുഞ്ഞഹമ്മദ് ഹാജിയെ ജീവനോടെ പിടിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. അതിനു മുമ്പു കീഴടങ്ങാന്‍ പ്രേരണയുമായി പലരെയും കുഞ്ഞഹമ്മദ് ഹാജിയുടെ അടുക്കലേക്കവര്‍ അയച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ രാമനാഥയ്യരുടെ നേതൃത്വത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടിക്കുന്നിലെ താവളത്തിലെത്തി ചതിയില്‍ പിടികൂടുന്നതും വിവരിക്കുന്ന അധ്യായത്തിന്റെ പേര് 'ചതി' എന്നാണ്. ജനുവരി 5ന് പിടികൂടപ്പെട്ട ഹാജിയെ മലപ്പുറം പട്ടാള ബാരക്കിലടയ്ക്കുകയും ജനുവരി 20ന് മലപ്പുറം കോട്ടക്കുന്നില്‍വച്ചു വെടിവച്ചു കൊല്ലുകയും ചെയ്ത സംഭവത്തെ 16ാം അധ്യായമായ 'രക്തസാക്ഷ്യം' പ്രതിനിധീകരിക്കുന്നു. 17 മുതല്‍ അധ്യായങ്ങള്‍ ചരിത്രത്തിന്റെ കഥാകഥനത്തില്‍ നിന്നു നിലപാടുകളിലേക്കും മറ്റും രൂപംമാറുകയാണ്. 'ശേഷം' എന്ന അധ്യായത്തിലെ രണ്ടാം വരിയിലെ 'വാരിയന്‍കുന്നന്റെ രക്തസാക്ഷിത്വത്തോടെ മലബാര്‍ യുദ്ധം അവസാനിച്ചു' എന്നെഴുതിയത് പക്ഷേ, വസ്തുതയ്ക്കു നിരക്കുന്നതല്ല. കൊന്നാര തങ്ങള്‍, അബൂബക്കര്‍ മുസ്‌ല്യാര്‍, കാരാട്ട് മൊയ്തീന്‍കുട്ടി ഹാജി, മുക്രി അയമ്മത് തുടങ്ങിയവര്‍ പിന്നീട് മാസങ്ങളോളം സമരരംഗത്തുണ്ടായിരുന്നുവെന്നതാണ് വസ്തുത. അന്നത്തെ പത്രമാധ്യമങ്ങള്‍ മലബാര്‍ സമരത്തെ എത്രത്തോളം വക്രീകരിച്ചുവെന്ന് ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു. 18ാം അധ്യായത്തില്‍ വാരിയന്‍കുന്നനെതിരായ ആരോപണങ്ങള്‍ മറുപടി പറയുന്നുണ്ട്. 'വ്യക്തി' എന്ന തലക്കെട്ടില്‍ വാരിയന്‍കുന്നന്റെ രൂപഭാവങ്ങളെ വിവരിക്കുകയും മാളു ഹജ്ജുമ്മയെക്കുറിച്ചും കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബത്തെക്കുറിച്ചുമാണ് വിവരിക്കുന്നത്.

320 മുതല്‍ 356 വരെ പേജുകള്‍ അവലംബ കൃതികള്‍ക്കായി മാറ്റിവച്ചിരിക്കുന്നുവെന്നതു പുസ്തകത്തിന്റെ ആധികാരികതയുടെ തെളിവാണ്. അതിനു ശേഷം രേഖകള്‍ എന്ന് അനുബന്ധമായി കൊടുത്തതില്‍ വാരിയന്‍കുന്നന്റെ ഫോട്ടോ ലഭിച്ചതിന്റെ നാള്‍വഴികളും അതു സ്ഥിരീകരിച്ചതിന്റെ വിശദാംശങ്ങളുമാണ്. പ്രസ്തുത ഫോട്ടോയുടെ ആധികാരികത സ്ഥാപിക്കാന്‍ അമിതമായ ഊന്നല്‍ കൊടുക്കാതിരിക്കുന്നത് നല്ല സമീപനമായി തോന്നി. തുടര്‍ന്നു നല്‍കിയ ഫോട്ടോകള്‍ നിലവില്‍ ലഭ്യമായതാണെങ്കിലും ഒറ്റനോട്ടത്തില്‍ കൗതുകമുണര്‍ത്തുന്നു. ഏറ്റവും ആകര്‍ഷകമായി തോന്നുന്നത് പുസ്തകത്തിന്റെ അവസാനത്തില്‍ നല്‍കിയ പത്രക്കുറിപ്പുകളാണ്. അവ തീര്‍ച്ചയായും മലബാര്‍ സമരത്തിനും വാരിയന്‍കുന്നനും ആഗോളമാനമുണ്ടെന്നതിനെ അരക്കിട്ടുറപ്പിക്കുന്നു. നവവായനക്കാരില്‍ അവ സൃഷ്ടിക്കുന്ന അമ്പരപ്പ് ചെറുതായിരിക്കില്ല, തീര്‍ച്ച.

മലബാര്‍ സമരവും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പല നിലയ്ക്കും ചര്‍ച്ചയ്ക്കായി വന്ന ഈ സാഹചര്യത്തില്‍ പല പുസ്തകങ്ങള്‍ പരതുന്നതിനു പകരം ഈ പുസ്തകം വായിക്കാന്‍ സമയം ചെലവഴിച്ചാല്‍ നിലവിലെ ആരോപണങ്ങള്‍ക്കു കൃത്യമായ മറുപടി ലഭിക്കുമെന്നതില്‍ സംശയമില്ല. 16ാം അധ്യായം വരെ നിലവില്‍ ലഭ്യമായ ചരിത്ര പുസ്തകങ്ങളിലെ റഫറന്‍സിലെ ധാരാളിത്തം പ്രകടമാവുന്നുണ്ട്. എ കെ കോഡൂര്‍, കെ കെ കരീം, ടി മുഹമ്മദ്, എം പി എസ് മേനോന്‍ എന്നിവരെ പിന്തുടരുന്നതിനാല്‍ അവരെ വായിച്ചവര്‍ക്ക് പുത്തന്‍ അനുഭവമായി തോന്നാന്‍ സാധ്യതയില്ല. നവാഗതര്‍ക്ക് അങ്ങനെ തോന്നണമെന്നുമില്ല.

വാരിയന്‍കുന്നന്റെ ഫോട്ടോഗ്രാഫ് അച്ചടിച്ചുവന്ന പ്രസിദ്ധീകരണം

ബിട്ടിഷ് ഭരണകൂടത്താല്‍ രേഖപ്പെടുത്തപ്പെട്ടതും ദേശീയ ചരിത്രകാര•ാരുടെ ലേബലില്‍ വലതുപക്ഷ യുക്തിയാല്‍ മലീമസമാവുകയും ചെയ്ത മലബാര്‍ ചരിത്രത്തില്‍ നിന്നു മലബാര്‍ സമരവും കുഞ്ഞഹമ്മദ് ഹാജിയും വസ്തുതകളുടെ അരിപ്പയാല്‍ വേര്‍തിരിക്കപ്പെട്ട് ആവിഷ്‌കരിക്കുകയെന്നത് ഏറെ ശ്രമകരമാണ്. ആ ശ്രമകര ദൗത്യത്തില്‍ റമീസ് മുഹമ്മദ് വിജയിച്ചിരിക്കുന്നു.

ചിത്രരചനയില്‍ വസ്തുതകള്‍ നിരത്തേണ്ടിവരുമ്പോള്‍ നാടകീയശൈലി ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ഒന്നാം അധ്യായമായ 'പാരമ്പര്യം' മുതല്‍ നേര്‍ക്കുനേര്‍ ചരിത്രവസ്തുതകളെ അപഗ്രഥിക്കുന്ന ശൈലിയിലേക്കു മാറാന്‍ നിര്‍ബന്ധിതനായിട്ടുണ്ട്.

മലബാര്‍ സമരവും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പല നിലയ്ക്കും ചര്‍ച്ചയ്ക്കായി വന്ന ഈ സാഹചര്യത്തില്‍ പല പുസ്തകങ്ങള്‍ പരതുന്നതിനു പകരം ഈ പുസ്തകം വായിക്കാന്‍ സമയം ചെലവഴിച്ചാല്‍ നിലവിലെ ആരോപണങ്ങള്‍ക്കു കൃത്യമായ മറുപടി ലഭിക്കുമെന്നതില്‍ സംശയമില്ല.16ാം അധ്യായം വരെ നിലവില്‍ ലഭ്യമായ ചരിത്ര പുസ്തകങ്ങളിലെ റഫറന്‍സിലെ ധാരാളിത്തം പ്രകടമാവുന്നുണ്ട്. എ കെ കോഡൂര്‍, കെ കെ കരീം, ടി മുഹമ്മദ്, എം പി എസ് മേനോന്‍ എന്നിവരെ പിന്തുടരുതിനാല്‍ അവരെ വായിച്ചവര്‍ക്ക് പുത്തന്‍ അനുഭവമായി തോന്നാന്‍ സാധ്യതയില്ല.

Next Story

RELATED STORIES

Share it