Latest News

പെൻഡിംഗ് ഫയൽ അദാലത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം; മന്ത്രി

പെൻഡിംഗ് ഫയൽ അദാലത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം; മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലകളിലും സംഘടിപ്പിച്ച നവകേരള തദ്ദേശകം 2022ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന പെന്‍ഡിംഗ് ഫയല്‍ അദാലത്ത് ഓരോ തലത്തിലും നിശ്ചയിച്ച സമയത്തിന് തന്നെ പൂര്‍ത്തിയാക്കണമെന്ന് തദ്ദേശ സ്വയംഭരണ, മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള വിവിധ തലങ്ങളിലാണ് ഫയല്‍ അദാലത്ത്. ഈ വര്‍ഷം ജനുവരി 31 വരെ സ്വീകരിച്ചതും ആരംഭിച്ചതും തീര്‍പ്പാക്കാത്തതുമായ എല്ലാ ഫയലുകളും വര്‍ഷം തിരിച്ചും കാറ്റഗറി തിരിച്ചും ഓഫിസ് അടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കിയാണ് അദാലത്ത് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കെട്ടിക്കിടക്കുന്നതും തീര്‍പ്പ് കല്‍പ്പിക്കാത്തതുമായ എല്ലാ ഫയലുകളും അതാത് ഓഫിസില്‍ തീര്‍പ്പാക്കാനും ഉയര്‍ന്ന തട്ടിലെ ഓഫിസുകളിലേക്ക് നല്‍കാനുള്ളവ നല്‍കിയ ശേഷം റിപോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്തരം ഫയലുകള്‍ ഏപ്രില്‍ 12നകം തദ്ദേശ സ്ഥാപന തലത്തിലും മറ്റ് ഓഫിസ് തലങ്ങളിലും തീര്‍പ്പാക്കി ഉയര്‍ന്ന തലത്തിലുള്ള ഓഫിസുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ജില്ലാതല ഓഫിസുകള്‍ ഏപ്രില്‍ 20നകവും ഡയറക്ടറേറ്റുകള്‍ ഏപ്രില്‍ 25നകവും ഫയലുകള്‍ തീര്‍പ്പാക്കി അടുത്ത തലത്തിലേക്ക് നല്‍കാന്‍ നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ തീര്‍പ്പാക്കേണ്ട എല്ലാ ഫയലുകളും ഏപ്രില്‍ 21നകം തീര്‍പ്പാക്കണം. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകനുമായോ മറ്റുള്ള ആരെങ്കിലുമായോ നേരിട്ട് സംസാരിക്കേണ്ടതുണ്ടെങ്കില്‍ അവരെ വിളിച്ച് ചര്‍ച്ച നടത്തുവാന്‍ മുന്‍കൂര്‍ നോട്ടിസ് നല്‍കണം. ഏപ്രില്‍ 21 വരെ ഫിസിക്കല്‍ അദാലത്ത് നടത്തി ഫയലുകളില്‍ തീര്‍പ്പുണ്ടാക്കും. ഇത്തരത്തിലെ ഫയലുകളിലെ അന്തിമ തീരുമാനത്തിന് മേല്‍ത്തട്ടിന്റെ സ്പഷ്ടീകരണം ആവശ്യമെങ്കില്‍ അവിടെ നടത്തുന്ന ഫയല്‍ അദാലത്തിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും അദാലത്തില്‍ പങ്കെടുക്കുന്നയാള്‍ക്ക് ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ജില്ലാതലത്തില്‍ ഏപ്രില്‍ 23നകവും ഡയറക്ടറേറ്റ് തലത്തില്‍ ഏപ്രില്‍ 28നകവും സര്‍ക്കാര്‍ തലത്തില്‍ ഏപ്രില്‍ 30നകവും ഫയലുകള്‍ തീര്‍പ്പാക്കണം. ഓരോ ഓഫിസ് തലത്തിലും ജില്ലകള്‍ക്കും സംസ്ഥാനത്തിനും പൊതുവായും ഫയല്‍ അദാലത്ത് സംവിധാനം വിജയിപ്പിക്കുന്നതിനായി നോഡല്‍ ഓഫിസര്‍മാരെ നോമിനേറ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫയല്‍ അദാലത്ത് സംവിധാനം ഓരോ തലത്തിലും കൃത്യമായി ഡോക്യുമെന്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it