Latest News

എം എ യുസുഫലിയെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്താന്‍ ആസൂത്രിത ശ്രമമെന്ന് ലുലു ഗ്രൂപ്പ്

എം എ യുസുഫലിയെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്താന്‍ ആസൂത്രിത ശ്രമമെന്ന് ലുലു ഗ്രൂപ്പ്
X

ദുബയ്: നയതന്ത്ര ബാഗേജുമായി എം എ യൂസുഫലിയെ ബന്ധപ്പെടുത്താന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില മാധ്യമപ്രവര്‍ത്തകരും ആസൂത്രിതമായി ശ്രമിക്കുന്നതായി ലുലു ഗ്രൂപ്പ്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തവിധമാണ് കളളക്കഥ ചമക്കുന്നതെന്ന് ഗ്രൂപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ലോക്ക് ഡൌണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസുഫലിയുടെ അനുജന്റെ മകന്‍ ഫഹാസ് അഷ്‌റഫ് വഴി യുഎഇയിലേക്ക് സഞ്ചരിക്കാന്‍ യുഎഇ കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കിയ കത്തിനെ വളച്ചൊടിച്ച് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് ലേഖകര്‍ വ്യാജ വാര്‍ത്ത ചമച്ചതെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. നയതന്ത്ര ബാഗേജ് വഴി വന്ന സ്വര്‍ണം ഫഹാസ് അഷ്റഫ് വഴി യൂസഫലിയ്ക്ക് തിരികെ അയക്കാന്‍ ആവശ്യപ്പെട്ടുള്ള ഒരു കത്ത് ഹാജരാക്കിയെന്നാണ് ആരോപണം. യുഎഇ കോണ്‍സല്‍ ജനറല്‍ അയച്ച കത്താണിത് എന്ന് പറഞ്ഞാണ് സ്വപ്ന ഈ കത്ത് ഹാജരാക്കിയതെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ പറയുന്നു.

ലുലു ഗ്രൂപ്പ് നല്‍കുന്ന വിശദീകരണം ഇങ്ങനെ: വിദ്യാര്‍ഥിയായ ഹഫാസ് ലോക്ക് ഡൌണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങിപ്പോയി. യുഎഇയിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കോണ്‍സല്‍ ജനറലിന്റെ അനുമതി കത്ത് വേണം. യുഎഇയിലേക്ക് തിരിക്കാനുള്ള അനുമതി തേടി ഹഫാസ് കത്ത് നല്‍കി. യുഎഇയില്‍ ആയിരുന്ന കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കി കത്ത് തിരികെ അയച്ചു. ഈ കത്തിന്റെ കോപ്പി സ്വപ്നയ്ക്കും ലഭിച്ചു. താന്‍ കോണ്‍സുലെറ്റ് ജീവനക്കാരി എന്ന് വ്യക്തമാക്കാന്‍ സ്വപ്ന ഈ കത്തിന്റെ കോപ്പി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഒപ്പം നല്‍കി. ഇത് വളച്ചൊടിച്ചാണ് സ്വര്‍ണം ഹഫാസ് വഴി യൂസഫലിയ്ക്ക് തിരികെ അയയ്ക്കാന്‍ കോണ്‍സല്‍ ജനറല്‍ കത്ത് നല്‍കി എന്ന് ചിലര്‍ പറയുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപാടുകയും ചെയ്യുന്നത്. ഫഹാസ് തിരുവനന്തപുരത്ത് നിന്നല്ല കൊച്ചിയില്‍ നിന്നാണ് യുഎഇയിലേക്ക് പോയത് എന്ന് കൂടി അറിയുമ്പോഴാണ് പ്രമുഖരെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതൊക്കെ രീതിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കപ്പെടുന്നു എന്ന് വ്യക്തമാക്കപ്പെടുന്നത്.''

ജൂണ്‍ മുപ്പതിനാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നയതന്ത്ര വഴിയില്‍ ഉള്ള സ്വര്‍ണം എത്തുന്നതും തടഞ്ഞുവയ്ക്കുന്നതും. ജൂണ്‍ 23നാണ് ഹഫാസ് യുഎഇയിലേക്ക് പോകുന്നത്.

Next Story

RELATED STORIES

Share it