Latest News

രോഗിയായ പഠിതാവിന്റെ ആഗ്രഹം; സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ കാണാനെത്തി

രോഗിയായ പഠിതാവിന്റെ ആഗ്രഹം; സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ കാണാനെത്തി
X

സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല കേശവേട്ടന്റെ വീട്ടില്‍




കല്‍പ്പറ്റ: ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുന്ന രോഗബാധിതനായ പഠിതാവിനെ കാണാന്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല വീട്ടിലെത്തി. മാനന്തവാടി വാളാട് കോളിച്ചാലിലെ കേശവേട്ടനെ (65) കാണാനാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ തിരുവനന്തപുരത്ത് നിന്നും എത്തിയത്.


കഴിഞ്ഞ ദിവസം വയനാട് ഒരു പ്രാദേശിക ചാനലില്‍ വന്ന വാര്‍ത്തയിലൂടെയാണ് കേശവേട്ടന്‍ എന്ന പഠിതാവിനെ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ അറിഞ്ഞത്. കാന്‍സര്‍ രോഗിയാണ്, അറുപത്തിയഞ്ചു വയസാണ്, പഠിക്കുകയാണ് പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. ഇതൊക്കെ അറിഞ്ഞ ശേഷം ഫോണ്‍ നമ്പര്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്ററില്‍ നിന്ന് സംഘടിപ്പിച്ച് വിളിച്ചിരുന്നു. കേശവേട്ടന്റെ പരിശോധനാ റിപോര്‍ട്ടുകള്‍ വാട്‌സാപ്പിലൂടെ സംഘടിപ്പിച്ച ഡോ. പി എസ് ശ്രീകല തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. നോബിള്‍ ഗ്രേഷ്യസിന് അയച്ചു കൊടുത്തു. അദ്ദേഹത്തില്‍ നിന്ന് രോഗത്തെ കുറിച്ച് വിശദമായി മനസിലാക്കി. അതിന് ശേഷമാണ് തിങ്കളാഴ്ച തുടങ്ങുന്ന പരീക്ഷയ്ക്ക് മുന്‍പ് തന്നെ കേശവേട്ടനെ കാണണമെന്ന് തോന്നിയത്.


കുന്നിന്‍ മുകളിലെ വീട്ടിലേക്ക് എത്തിയ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ കേശവേട്ടന്റെ അടുത്തിരുന്ന് സംസാരിച്ചു. അദ്ദേഹത്തിന്റെ നോട്ട്ബുക്കും ടെക്സ്റ്റ് ബുക്കും ആവശ്യപ്പെട്ടു. നോട്ട്ബുക്ക് മറിച്ച് നോക്കിയ ശ്രീകല അത്ഭുതപ്പെട്ടു. വടിവൊത്ത അക്ഷരങ്ങള്‍; വാചകങ്ങളും ഖണ്ഡികകളും വൃത്തിയായി എഴുതിയിരിക്കുന്നു. ജീവന്‍ പോകുന്നത് വരെ പഠിക്കും, അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കും എന്നായിരുന്നു കേശവേട്ടന്റെ വാക്കുകള്‍. സംസ്ഥാന സാക്ഷരതാ മിഷന്റെ സംസ്ഥാന കലോത്സവ വിജയി കൂടെയാണ് കേശവേട്ടന്‍. സംസ്ഥാന സാക്ഷരതാമിഷന്‍ പ്രൊജക്ട് സെല്‍ കോ ഓര്‍ഡിനേറ്റര്‍ ഇ വി അനില്‍, സാക്ഷരതാ മിഷന്‍ വയനാട് ജില്ലാ കോഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പ്രേരക് ജസി തോമസ് എന്നിവരും ഡോ. പി എസ് ശ്രീകലക്കൊപ്പമുണ്ടായിരുന്നു.




Next Story

RELATED STORIES

Share it