Latest News

ഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട് സെമിനാര്‍

ഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട് സെമിനാര്‍
X

ആലപ്പുഴ: ഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് ആലപ്പുഴയില്‍ നടക്കുന്ന ജനമഹാസമ്മേളനത്തോടനുബന്ധിച്ച് പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഫാഷിസത്തിന്റെ സവിശേഷ സ്വഭാവം ജാതിവ്യവസ്ഥയാണ്. ജാതിവ്യവസ്ഥയെ ഉന്‍മൂലനം ചെയ്‌തെങ്കില്‍ മാത്രമേ ഫാഷിസത്തെ കുഴിച്ചുമൂടാന്‍ പറ്റുകയുള്ളൂവെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഫാഷിസ്റ്റ് കാലത്തെ ജനകീയ പ്രതിരോധം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റ് കാലത്തെ ജനാധിപത്യ പ്രതിരോധം എന്നത് ഗൗരവപൂര്‍വം ഇന്ത്യന്‍ ജനത ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മതേതര ജനാധിപത്യത്തിന്റെ ഭാവനകളെ അപ്പാടെ സംഘപരിവാരം അട്ടിമറിച്ചിരിക്കുന്നു. ഭീതിതമായ ഒരു ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക ചരിത്രമാണ് നമ്മള്‍ ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ തിണ്ണമിടുക്കില്‍ സംഘപരിവാരം അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. മനുസ്മൃതിയില്‍ അധിഷ്ടിതമായ രാഷ്ട്രീയസാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ഇത്തരമൊരു അവസ്ഥയിലേക്ക് രാജ്യമെത്തിയതിന് പിന്നില്‍ ഇന്ത്യയിലെ സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പങ്കുണ്ട്. ജനാധിപത്യത്തിനും നീതിക്കും തുല്യതയ്ക്കും വേണ്ടി ജനാധിപത്യപരമായ പ്രതിരോധത്തിന് തയ്യാറെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫാഷിസവും ജനാധിപത്യവും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന പ്രത്യയശാസ്ത്രമാണെന്ന് സെമിനാറില്‍ വിഷയാവതരണം നടത്തിയ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം പി വി ശുഐബ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ തൂണിലും ഫാഷിസമുണ്ട്. ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും മാധ്യമങ്ങളും ഫാഷിസ്റ്റ്വല്‍ക്കരിക്കപ്പെട്ടു. ഇനി ആകെയുള്ള പ്രതീക്ഷ ജനാധിപത്യത്തില്‍ മാത്രമാണ്. ജനാധിപത്യവും ഫാഷിസവും വേര്‍തിരിക്കാനാവാത്ത വിധം മാറ്റിയെടുക്കുന്നതില്‍ ആര്‍എസ്എസ് വിജയിച്ചു. ഇന്ത്യന്‍ മതേതര ചേരിക്ക് ആര്‍എസ്എസ് എതിരാണെന്ന് ബോധ്യപ്പെടുത്താന്‍ കൂട്ടായ പരിശ്രമമുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഇസ് ലാമിക മതവിശ്വാസികള്‍ വലിയ അരക്ഷിതാവസ്ഥയും വംശഹത്യാ ഭീഷണിയും നേരിടുകയാണെന്ന് എഴുത്തുകാരന്‍ ജെ രഘു പറഞ്ഞു. 14.2 ശതമാനമുള്ള മുസ് ലിംകള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാണെന്ന് പറഞ്ഞത് ആരാണ്, ഇന്ത്യയില്‍ മുസ് ലിംകള്‍ ന്യൂനപക്ഷമല്ല, ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് പ്രശ്‌നമെന്നും ഹിന്ദുക്കള്‍ പ്രശ്‌നമല്ലെന്നുമുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇതിന് അടിസ്ഥാനമില്ല. ഹിന്ദുയിസവും എതിര്‍ക്കപ്പെടേണ്ടതാണ്. ചരിത്രത്തില്‍ ഏറ്റവും ഭീതിതമായി ജാതിവ്യവസ്ഥ നിലനിന്നതും അധസ്ഥതരെ ജാതീയമായി വേര്‍തിരിച്ചതും ഹിന്ദുയിസമാണ്. ബ്രിട്ടീഷുകാര്‍ വന്നതോടെയാണ് ജാതി സമ്പ്രദായം അലങ്കോലമായതെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയകള്‍ വഴി സംഘപരിവാരം യുക്തിയില്ലാത്ത തരത്തിലുള്ള പ്രചാരണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടി രിക്കുന്നതെന്ന് എന്‍.സി.എച്ച്.ആര്‍.ഒ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റെനി ഐലിന്‍ അഭിപ്രായപ്പെട്ടു. ഇത്തരം ഫാഷിസ്റ്റ് നയങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഇക്കാലത്ത് നാം ചിന്തിക്കണം. ഫാഷിസ്റ്റുകള്‍ ഇതുവരെ അവരുടെ പ്രത്യയശാസ്ത്രം മാറ്റിയിട്ടില്ല. ഫാഷിസ്റ്റ് വിരുദ്ധരാണ് പ്രതിരോധത്തിന് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. ഫാഷിസത്തിനെതിരേ കൂട്ടായ്മകള്‍ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഫാഷിസത്തിനെതിരേ ജനാധിപത്യപരമായ പ്രതിരോധം വേണമെന്ന് ദേശീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ. വിന്‍സന്റ് ജോസഫ് ചൂണ്ടിക്കാട്ടി. സാംസ്‌കാരിക ആധിപത്യമാണ് ഫാഷിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്നത്. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ആശയഗതികള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. ഭരണകൂടത്തെ ജനാധിപത്യവല്‍ക്കരിക്കുകയും ഭരണഘടനയ്ക്കുള്ളില്‍നിന്നുകൊണ്ട ജനാധിപത്യ പ്രതിരോധം കൂട്ടായി ഉയര്‍ന്നുവരികയും ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍ മോഡറേറ്ററായിരുന്നു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, സോണല്‍ പ്രസിഡന്റ് നവാസ് ശിഹാബ് സംസാരിച്ചു.

Next Story

RELATED STORIES

Share it