Latest News

ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി

ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നടപടിയുടെ ഭാഗമായി ഇസ്രായേലിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ലയുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന്‍ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര്‍ അറിയിച്ചു.

സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേര്‍ന്ന മുഖ്യമന്ത്രി സൗമ്യക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇസ്രായേല്‍ നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായി ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് മരിച്ചത്. ഇസ്രായേലില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുകയാണ് സൗമ്യ. സൗമ്യ ജോലി ചെയ്യുന്ന വീട് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആ സമയത്ത് സൗമ്യ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. സ്‌ഫോടനം നടന്ന സമയത്ത് സൗമ്യക്ക് പെട്ടെന്ന് സുരക്ഷാമുറിയിലേക്ക് മാറാന്‍ കഴിഞ്ഞില്ല.

റമദാന്‍ 27നും ഇന്നും ഇസ്രായേല്‍ ഗസയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തിനു പ്രതികരണമെന്ന നിലയിലാണ് ഹമാസ് ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണമഴിച്ചുവിട്ടത്. റോക്കറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it