Latest News

കേരളത്തിലെ പക്ഷിപ്പനി; അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി തമിഴ്നാട്

നാടുകാണി ചുരം ഉള്‍പ്പെടെയുള്ള ചെക്ക്പോസ്റ്റുകള്‍ വഴിയെത്തുന്ന വാഹനങ്ങളില്‍ അണുനശീകരണവും ആരോഗ്യ പരിശോധനയും നടത്തിവരികയാണ്

കേരളത്തിലെ പക്ഷിപ്പനി; അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി തമിഴ്നാട്
X

സുല്‍ത്താന്‍ബത്തേരി: കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളില്‍ അണുനശീകരണവും ആരോഗ്യ പരിശോധനയും ശക്തമാക്കി തമിഴ്നാട്. നാടുകാണി ചുരം വഴി നീലഗിരിയിലേക്കെത്തുന്ന ചരക്കുവാഹനങ്ങളിലാണ് അണുനശീകരണം നടത്തുന്നത്. ഇതിനു പുറുമെ വാഹനങ്ങളിലുള്ള ആരോഗ്യം സംബന്ധിച്ച കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. സംശയമുള്ളവര്‍ക്കായി ആരോഗ്യപരിശോധനയും നടത്തുന്നുണ്ട്.

നാടുകാണിക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള അതിര്‍ത്തി ചെക്പോസ്റ്റുകളായ പാട്ടവയല്‍, താളൂര്‍, ചോളാടി ചെക്പോസ്റ്റുകളിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ചരക്കുവാഹനങ്ങള്‍ പൂര്‍ണമായും അണുനാശിനി സ്പ്രേ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി കേസുകള്‍ കണ്ടെത്തിയതും ഇവിടെയുള്ള താറാവുകള്‍ കൂട്ടത്തോടെ ചാകുന്നതും കണക്കിലെടുത്ത് തമിഴ്നാട്ടില്‍ രോഗം പടരുന്നത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം.

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാനും തമിഴ്നാട് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തമിഴ്നാട്-കേരള അതിര്‍ത്തികളില്‍ മൃഗസംരക്ഷണ വകുപ്പ് വെള്ളിയാഴ്ച മുതല്‍ ആരോഗ്യവിഭാഗം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നീലഗിരി ജില്ലയിലേക്ക് കടക്കുന്നതടക്കം എട്ട് ചെക്പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നതും കേരളത്തില്‍ ചരക്ക് ഇറക്കി തിരികെ പോകുന്നതുമായ ഗുഡ്സ് വാഹനങ്ങളുടെ ടയറുകളിലടക്കം അണുനാശിനി തളിച്ചതിനു ശേഷം മാത്രമാണ് കടന്നുപോകാന്‍ അനുവദിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അണുനശീകരണം തുടരാനാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Next Story

RELATED STORIES

Share it