Latest News

സിറിയയുടെ ഇടക്കാല ഭരണഘടനക്ക് അംഗീകാരം

സിറിയയുടെ ഇടക്കാല ഭരണഘടനക്ക് അംഗീകാരം
X

ദമസ്‌കസ്: സിറിയയുടെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഇടക്കാല ഭരണഘടനക്ക് അംഗീകാരം. പുതിയ സിറിയയ്ക്ക് തുടക്കം കുറിക്കുകയാണെന്നും അടിച്ചമര്‍ത്തലിന് പകരം നീതി കൊണ്ടുവരുമെന്നും പ്രസിഡന്റ് അഹമദ് അല്‍ ഷറ പറഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റ് മുസ്‌ലിം ആയിരിക്കണമെന്ന മുന്‍ ഭരണഘടനയിലെ വ്യവസ്ഥ പുതിയ ഭരണഘടനയിലും ഉണ്ട്. എക്‌സിക്യൂട്ടീവ് അധികാരങ്ങളെല്ലാം പ്രസിഡന്റിന്റെ കീഴിലാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശവും ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തെ എല്ലാ നിയമങ്ങളുടെയും അടിത്തറ ഇസ്‌ലാമിക നിയമം ആയിരിക്കണമെന്നും പുതിയ ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്നതായി ഭരണഘടനാ നിര്‍മാണ സമിതി അംഗമായ അബ്ദുല്‍ ഹമീദ് അല്‍ അവാക് പറഞ്ഞു. ബശ്ശാറുല്‍ അസദിന്റെ കാലത്തെ അതിക്രമങ്ങളിലെ കുറ്റക്കാരെ ശിക്ഷിക്കാന്‍ ഇടക്കാല നീതി കമ്മീഷന്‍ രൂപീകരിക്കും. രാജ്യത്തിന്റെ നിയമങ്ങള്‍ രൂപീകരിക്കാന്‍ നിയമനിര്‍മാണ സഭയുണ്ടാവും. അതിലെ മൂന്നില്‍ ഒന്ന് അംഗങ്ങളെ പ്രസിഡന്റായിരിക്കും നാമനിര്‍ദേശം ചെയ്യുക. ഈ സഭയായിരിക്കും സ്ഥിരം ഭരണഘടന രൂപീകരിക്കുകയെന്നും അബ്ദുല്‍ ഹമീദ് അല്‍ അവാക് വിശദീകരിച്ചു.

അതേസമയം, ഇടക്കാല ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കെതിരെ ന്യൂനപക്ഷമായ കുര്‍ദുകളുടെ സൈനികവിഭാഗമായ എസ്ഡിഎഫ് രംഗത്തെത്തി. സിറിയയുടെ യാഥാര്‍ത്ഥ്യവും വൈവിധ്യവും കാണാത്തതാണ് ഇടക്കാല ഭരണഘടനയെന്ന് എസ്ഡിഎഫ് കുറ്റപ്പെടുത്തി. കുര്‍ദുകള്‍ക്ക് പുറമെ സിറിയക്, അസീറിയന്‍, ഡ്രൂസ് തുടങ്ങിയ വിവിധ വിഭാഗങ്ങളും സിറിയയില്‍ ഉണ്ടെന്നും അവര്‍ക്ക് പ്രസിഡന്റ് പദവിയില്‍ എത്താന്‍ കഴിയില്ലെന്നത് അംഗീകരിക്കാനാവില്ലെന്നും എസ്ഡിഎഫ് പ്രതിനിധി പറഞ്ഞു.

ഇടക്കാല ഭരണഘടനയില്‍ അഹമദ് അല്‍ ഷറ ഒപ്പിടുന്ന സമയത്ത് ദമസ്‌കസില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ ആസ്ഥാനത്താണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.


എന്നാല്‍, ആ കെട്ടിടം ആസ്ഥാനമായിരുന്നില്ലെന്ന് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് വക്താവ് മുഹമ്മദ് അല്‍ ഹാജ് മൂസ പറഞ്ഞു. ആക്രമണത്തില്‍ മൂന്നു സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Next Story

RELATED STORIES

Share it