Latest News

മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാന്‍ ശ്രമം; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമെന്നും കോടിയേരി

ഗൂഢാലോചനയില്‍ അന്വേഷണം വേണം

മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാന്‍ ശ്രമം; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമെന്നും കോടിയേരി
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കലാണ് ആരോപണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ഉള്‍പെടുത്താന്‍ ആദ്യം തന്നെ ശ്രമമുണ്ടായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കരുത്. ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി ആവശ്യപ്പെട്ടു.

രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സ്വപ്ന മുമ്പ് നല്‍കിയ രഹസ്യ മൊഴിയും ഇപ്പോള്‍ നല്‍കിയ രഹസ്യ മൊഴിയും തമ്മില്‍ നിറയെ വൈരുധ്യങ്ങളുണ്ട്. മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കും എതിരെ പ്രചാരണം നടത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമില്ലെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്നും അദ്ദേഹത്തിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും ഒന്നര വര്‍ഷം മുന്‍പ് അവര്‍ മൊഴി നല്‍കി. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായാണ് പറയുന്നത്. ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഡാലോചനയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.

ആരോപണങ്ങള്‍ ആദ്യമായി കേള്‍ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. കമലാ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുണ്ടെന്ന ആരോപണം നേരത്തെ വന്നിരുന്നു. അതൊരു കഥയായിരുന്നു. എല്ലാം കഥകളാണ്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയാണ്. ഇത്തരം ആക്ഷേപങ്ങള്‍ കേട്ടുകൊണ്ട് ഉയര്‍ന്ന് വന്നയാളാണ് പിണറായി വിജയന്‍. കള്ളക്കഥകള്‍ക്ക് മുന്നില്‍ സിപിഎം കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല.

മുഖ്യമന്ത്രിയെ കൊണ്ട് രാജിവയ്പ്പിക്കാണ് ഉദ്ദേശം. മുഖ്യമന്ത്രി രാജിവെക്കില്ല. ഈ പ്രചരണത്തിന് മുന്നില്‍ കീഴടങ്ങില്ല. ജനങ്ങളെ അണിനിരത്തി നേരിടും. എല്‍ഡിഎഫില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. വിപുലമായ കാംപയിനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും കോടിയേരിയും ഫണ്ട് കൊണ്ട് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. മൂന്ന് തവണ അമേരിക്കയില്‍ പോയിട്ടുണ്ട്. അത് ചികിത്സക്ക് വേണ്ടിയാണ്. പാര്‍ട്ടിയാണ് ചികിത്സാ ചിലവ് വഹിച്ചത്. ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ല. ഷാജ് കിരണിനെ അറിയില്ല. പേര് ആദ്യമായാണ് കേള്‍ക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ല.

ആദ്യം ഈ വിഷയം വന്നപ്പോള്‍ അന്വേഷണത്തിനായി കേന്ദ്രത്തിന് കത്തയച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത്രയും കാലമായി ആര്‍ക്ക് വേണ്ടി ആര് സ്വര്‍ണ്ണം അയച്ചു എന്ന് കണ്ടെത്തിയില്ല. കേസില്‍ ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് അന്ന് വിദേശ കാര്യമന്ത്രാലയം സ്വീകരിച്ചത്. ബിജെപിയിലേക്ക് അന്വേഷണം എത്തും എന്ന സ്ഥിതി വന്നപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. മുഖ്യമന്ത്രിയെ ഉള്‍പെടുത്താന്‍ ആദ്യം തന്നെ ശ്രമമുണ്ടായിരുന്നു. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും കോടിയേരി പറഞ്ഞു.

Next Story

RELATED STORIES

Share it