Latest News

മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട പ്രതി പിടിയില്‍

ഇതോടെ കക്കോടിയില്‍നടന്ന പതിനഞ്ചോളം മോഷണക്കേസുകളാണ് തെളിഞ്ഞത്,യുട്യൂബില്‍നിന്ന് മോഷണപഠനം

മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട പ്രതി പിടിയില്‍
X

കോഴിക്കോട്: കക്കോടിയില്‍ മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവിനെ ചേവായൂര്‍ പോലിസ് പിടികൂടി. ഞായറാഴ്ച രാത്രി പ്രിന്‍സ് ഓഡിറ്റോറിയത്തിനുസമീപം കുറ്റിവയലില്‍ പത്മനാഭന്റെ വീട്ടില്‍ മോഷണശ്രമം നടത്തിയ വെസ്റ്റ്ഹില്‍ സ്വദേശി തേവര്‍കണ്ടി അഖില്‍(32)ആണ് പിടിയിലായത്. സമീപവാസികള്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വാഹനമുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

സിറ്റി ക്രൈം സ്‌ക്വാഡിന്റെയും ചേവായൂര്‍ പോലിസിന്റെയും നേതൃത്വത്തിലാണ് പ്രതി പിടിയിലായത്. എലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലെ മോരിക്കരയില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെ അഖിലിനെ പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പറമ്പില്‍ബസാറിലെ അടച്ചിട്ട വീട്ടില്‍നിന്ന് 22 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചതടക്കം ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ അഖിലെന്ന് മെഡിക്കല്‍ കോളേജ് എസിപി എ ഉമേഷ്, സിറ്റി പോലിസ് ഡിസിപി അരുണ്‍ കെ പവിത്രന്‍ എന്നിവര്‍ പറഞ്ഞു. പറമ്പില്‍ബസാറിലെ വീട്ടില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് അഖില്‍ പിടിയിലാകുന്നത്.

ഇതോടെ കക്കോടിയില്‍നടന്ന പതിനഞ്ചോളം മോഷണക്കേസുകളാണ് തെളിഞ്ഞത്. കക്കോടി ചെറുകുളത്തെ സ്വകാര്യബാങ്കിനുസമീപം ഒറ്റത്തെങ്ങ് പ്രദേശത്ത് വാടകയ്ക്കാണ് പ്രതി താമസിക്കുന്നത്. സാമ്പത്തികബാധ്യതകള്‍ കൂടിയപ്പോള്‍ മോഷണമാണ് പ്രതി കണ്ടെത്തിയ മാര്‍ഗം. അതിനായി യുട്യൂബ് വീഡിയോകള്‍ കണ്ടാണ് മോഷണം നടത്തിയത്. ചെരിപ്പുധരിക്കാതെ കുനിഞ്ഞുമാത്രം നടന്ന് മോഷണത്തിനെത്തുന്ന രീതിയാണ് സാമൂഹികമാധ്യമത്തില്‍നിന്ന് ലഭിച്ചതെന്നാണ് പ്രതി പോലിസിനോട് പറഞ്ഞത്.

Next Story

RELATED STORIES

Share it