Latest News

200 വര്‍ഷം പഴക്കമുള്ള തകിയ മസ്ജിദ് പൊളിച്ചുമാറ്റുന്നത് ശരിവച്ച് സുപ്രിംകോടതി

200 വര്‍ഷം പഴക്കമുള്ള തകിയ മസ്ജിദ് പൊളിച്ചുമാറ്റുന്നത് ശരിവച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള 200 വര്‍ഷം പഴക്കമുള്ള തകിയ മസ്ജിദ് പൊളിച്ചുമാറ്റുന്നത് ശരിവച്ച് സുപ്രിംകോടതി. 1985ല്‍ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പള്ളി ആരാധനാലയമായി ഉപയോഗിച്ചുവരികയാണെന്നും സമൂഹത്തിന്റെ ആത്മീയ പൈതൃകത്തിന്റെ ഭാഗമാണെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍ വാദം തള്ളിയ കോടതി, മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.

'പാര്‍ക്കിങ് സ്ഥലം വികസിപ്പിക്കുന്നതിനായി 200 വര്‍ഷം പഴക്കമുള്ള ഒരു പള്ളി പൊളിച്ചുമാറ്റുന്നത് അംഗീകരിക്കാനാവില്ല. നമ്മുടെ സ്വന്തം പള്ളിയില്‍ ആരാധന നടത്താനുള്ള നമ്മുടെ അവകാശത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ല,'മുതിര്‍ന്ന അഭിഭാഷകന്‍ എം ആര്‍ ഷംഷാദ് പറഞ്ഞു.എന്നാല്‍ ഹൈക്കോടതി വിധി വസ്തുതകളുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നുവെന്നും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ഏറ്റെടുക്കല്‍ പ്രക്രിയ നിയമം അനുസരിച്ചായിരുന്നെന്നും കോടതി വ്യക്തമാക്കി.

നേരത്തെ, ഹിന്ദു ക്ഷേത്രത്തിന്റെ പാര്‍ക്കിങ് സ്ഥലം വികസിപ്പിക്കുന്നതിനുള്ള സൗകര്യാര്‍ഥം ഒരു പള്ളി പൊളിച്ചുമാറ്റുന്നത് മതപരമായ സ്ഥലങ്ങള്‍ക്കുള്ള ഭരണഘടനാപരവും നിയമപരമായതുമായ സംരക്ഷണങ്ങളുടെ ലംഘനമാണെന്ന് ഹരജിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശ് ഹൈക്കോടതി ഹരജിക്കാരുടെ വാദം തള്ളുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് കേസ് സുപ്രിംകോടതിയിലേക്കെത്തിയത്.

തകിയ മസ്ജിദ് ഞങ്ങളുടെ സമൂഹത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്നെന്നും അത് നഷ്ടപ്പെടുന്നത് വെറും നിയമപരമായ പ്രശ്നമല്ല, അത് ഞങ്ങളുടെ സ്വത്വത്തിനും വിശ്വാസത്തിനും നേരെയുള്ള ഒരു പ്രഹരമാണെന്നും പ്രദേശവാസിയായ അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it