Latest News

പതിനാറുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം ശരിവച്ച് സുപ്രിംകോടതി

പതിനാറുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം ശരിവച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: പതിനാറ് വയസുള്ള മുസ്‌ലിം പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നിയമപരമായ സംരക്ഷണം നല്‍കിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ കമ്മീഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. പതിനെട്ട് വയസാവാത്ത പെണ്‍കുട്ടിയെ തടങ്കലിലാക്കി മുസ്‌ലിം വ്യക്തിനിയമത്തിന്റെ മറവില്‍ വിവാഹം കഴിച്ചുവെന്നാണ് കമ്മീഷന്‍ ആരോപിച്ചത്. എന്നാല്‍, ഈ കേസില്‍ നിയമപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ആര്‍ മഹാദേവനും പറഞ്ഞു. ഈ കേസില്‍ ഇടപെടാന്‍ തന്നെ കമ്മീഷന് അവകാശമില്ലെന്നും കോടതി വിമര്‍ശിച്ചു. കേസിലെ നിയമപ്രശ്‌നം മാത്രം വാദത്തിന് എടുക്കണമെന്ന കമ്മീഷന്റെ ആവശ്യവും കോടതി തള്ളി.

തന്റെ കാമുകിയെ വീട്ടുകാര്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും അവളെ വിവാഹം കഴിക്കണമെന്നും പറഞ്ഞ് ഒരു മുസ്‌ലിം യുവാവാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിക്കും ഹരജിക്കാരനും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന് മുസ്‌ലിം വ്യക്തിനിയമം പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ''മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായം മുസ്‌ലിം വ്യക്തി നിയമപ്രകാരമാണ്. സര്‍ ദിന്‍ഷാഹ് ഫര്‍ദൂഞ്ഞി മുല്ലയുടെ പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോയിലെ 195ാം അധ്യായം നോക്കുകയാണെങ്കില്‍ പതിനാറു വയസുള്ള ഈ പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാം. ഹരജിക്കാരനായ യുവാവിന് 21 വയസില്‍ കൂടുതല്‍ പ്രായമുണ്ട്. അതിനാല്‍ ഇരുവര്‍ക്കും വിവാഹപ്രായമായിട്ടുണ്ട്....മാനസിക പ്രശ്‌നങ്ങളില്ലാത്ത, പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹമെന്ന കരാറില്‍ ഏര്‍പ്പെടാം. പ്രായപൂര്‍ത്തിയായതിന് തെളിവില്ലെങ്കില്‍ പ്രായത്തില്‍ 15 വയസെന്നും കണക്കാക്കാം...''-ഹൈക്കോടതി പറഞ്ഞു.

എന്നാല്‍, ഈ വിധി ബാലവിവാഹം പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും 2006ലെ ശൈശവ വിവാഹം തടയല്‍ നിയമത്തിന് എതിരാണെന്നും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് സുപ്രിംകോടതിയില്‍ വാദിച്ചു. കൂടാതെ മതനിരപേക്ഷ നിയമമായ പോക്‌സോ പ്രകാരം 18 വയസിന് താഴെയുള്ള പെണ്‍കുട്ടി നല്‍കുന്ന സമ്മതം നിലനില്‍ക്കില്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍, പ്രായപൂര്‍ത്തിയാകാന്‍ പോകുന്ന വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ വ്യത്യസ്തമായി കാണണമെന്ന് ജസ്റ്റിസ് നാഗരത്‌ന ഇതിന് മറുപടി നല്‍കി.

''കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് പോക്‌സോ നിയമം. പ്രായപൂര്‍ത്തിയാകാന്‍ പോകുന്ന കൗമാരക്കാര്‍ ഒളിച്ചോടുന്ന പ്രണയ കേസുകളുമുണ്ട്. യഥാര്‍ത്ഥ പ്രണയമുള്ളിടത്ത് അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. അത്തരം കേസുകളെ ക്രിമിനല്‍ കേസുകളായി കാണരുത്. ക്രിമിനല്‍ കേസുകളും അവയും തമ്മില്‍ വേര്‍തിരിച്ചറിയണം.''- ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

''ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയെ സ്‌നേഹിക്കുകയും അവന്‍ ജയിലിലേക്ക് അയയ്ക്കപ്പെടുകയും ചെയ്താല്‍ അവള്‍ക്ക് ഉണ്ടാകുന്ന ആഘാതം നോക്കൂ. ഒളിച്ചോട്ടം മറച്ചുവയ്ക്കാന്‍ മാതാപിതാക്കള്‍ പോക്‌സോ കേസ് ഫയല്‍ ചെയ്യും.''-ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. നല്ല കേസുകളില്‍ ഇടപെടുന്നതാണ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന് ഉചിതമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it