Latest News

'സുകുമാരന്‍ നായര്‍ക്ക് എന്നെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്'; വി ഡി സതീശന്‍

എന്‍എസ്എസിനും എസ്എന്‍ഡിപിക്കുമെതിരേ താന്‍ സംസാരിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍

സുകുമാരന്‍ നായര്‍ക്ക് എന്നെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്; വി ഡി സതീശന്‍
X

കൊച്ചി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസിനും എസ്എന്‍ഡിപിക്കുമെതിരേ താന്‍ സംസാരിച്ചിട്ടില്ലെന്നും വര്‍ഗീയത പറയരുതെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂവെന്നും വി ഡി സതീശന്‍. തന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം സുകുമാരന്‍ നായര്‍ക്കുണ്ടെന്നും തനിക്കെതിരേ വ്യക്തിപരമായി പറയുന്നതില്‍ യാതൊരു വിരോധവുമില്ലെന്നും അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയതയ്ക്കെതിരേ സംസാരിക്കുന്നതും സമുദായ നേതാക്കളെ കാണുന്നതും രണ്ടും രണ്ടാണ്. താന്‍ പെരുന്നയില്‍ പലതവണ പോയിട്ടുണ്ടെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് വി ഡി സതീശന്‍ പറഞ്ഞു.

സമുദായങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാകാന്‍ പാടില്ലെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന സംസ്ഥാനമെന്ന പേര് കേരളത്തിനുണ്ടാകട്ടെ. എല്ലാവരും യോജിക്കുന്നതാണ് നല്ലത്. തനിക്കെതിരേ ആക്രമണം നടത്താനും മാത്രം എന്‍എസ്എസിനും എസ്എന്‍ഡിപിക്കുമെതിരേ താന്‍ സംസാരിച്ചിട്ടില്ല. വര്‍ഗീയത പറയരുതെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് തനിക്കെതിരേ സംസാരിക്കുന്നത്. വ്യക്തിപരമായ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. വ്യക്തിപരമായി എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാകണമെന്നില്ലെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആകുന്നതിനു മുന്‍പും അതിനു ശേഷവും പെരുന്നയില്‍ പലതവണ ഞാന്‍ പോയിട്ടുണ്ട്. കെ സി വേണുഗോപാലിനൊപ്പം സുകുമാരന്‍ നായരെ കണ്ടിട്ടുണ്ട്. അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോള്‍ ആശുപത്രിയില്‍ പോയും കണ്ടിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളേയും കാണുന്നയാളാണ് ഞാന്‍. ഇന്നലെയും കുമ്പനാട്ടെ പൊന്തക്കോസ്ത് സമ്മേളത്തില്‍ പങ്കെടുത്തു. ചെറുകോല്‍പ്പുഴ ഹിന്ദുസമ്മേളനത്തിലേക്ക് വിളിച്ചിട്ടുണ്ട്. കാന്തപുരത്തിന്റെ കേരള യാത്രയിലും ജിഫ്രി തങ്ങളുടെ യാത്രയിലും പങ്കെടുത്തു. ദളിത് സംഘടനകളെല്ലാം ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും. ഇരിക്കുന്ന സ്ഥാനം പരിഗണിച്ചാണ് എല്ലാവരും ക്ഷണിക്കുന്നത്. അവിടെയൊക്കെ പോകാറുമുണ്ട്. രാഷ്ട്രീയ നേതൃത്വം സമുദായ നേതാക്കളെ കാണാറും ആശയവിനിമയം നടത്താറുമുണ്ട്. ഒരു സമുദായനേതാവിനെയും കാണില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല.

കേരളത്തിലെ സമുദായ നേതാക്കള്‍ എല്ലാം വര്‍ഗീയ നേതാക്കളാണോ? സമുദായ നേതാക്കളെ കാണുന്നതും വര്‍ഗീയതക്കെതിരേ പറയുന്നതും തമ്മില്‍ ബന്ധമില്ല. താന്‍ ആരേയും അവഗണിച്ചിട്ടില്ല. തന്റേയും കോണ്‍ഗ്രസ് നേതൃത്വത്തിന്റേയും അഭിപ്രായവും ഇത് തന്നെയാണ്. ഒരു പ്രതിപക്ഷ നേതാവും കേള്‍ക്കാത്തത്രയും ആക്ഷേപങ്ങള്‍ താന്‍ കേട്ടുകഴിഞ്ഞിരിക്കുന്നു. പറയാനുള്ളത് പറയുമ്പോള്‍ പല വികാരങ്ങളും കടന്നുവരും. വര്‍ഗീയത ആര് പറഞ്ഞാലും വെള്ളം ചേര്‍ക്കാത്ത നിലപാട് സ്വീകരിക്കും. തന്റെ ഭാഗത്ത് തെറ്റ് വല്ലതും സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താനും തയ്യാറാണ്. ലീഗിനെ വലിച്ചിഴക്കുന്നത് പരോക്ഷമായി വര്‍ഗീയത കൊണ്ടുവരാനുള്ള ശ്രമമെന്നും ഇതിനൊക്കെ പിന്നില്‍ എന്തെല്ലാമെന്ന് കാത്തിരുന്ന് കാണാമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയ്‌ക്കെതിരേ സംസാരിക്കുന്നതും സമുദായ നേതാക്കളെ കാണുന്നതും രണ്ടാണ്. സമുദായങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ നമ്മളാണ് അവിടെ ആദ്യം ഓടിയെത്തേണ്ടത്. വര്‍ഗീയതയ്‌ക്കെതിരേ പറയുന്നയാള്‍ സമുദായ നേതാക്കളെ കാണാന്‍ പാടില്ലേ. എനിക്കെതിരേ വ്യക്തിപരമായി പറയുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല. ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. സാമുദായിക നേതാക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എന്റെ പാര്‍ട്ടിയിലുള്ളവര്‍ക്കും എന്നെ വിമര്‍ശിക്കാം. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ തെറ്റ് തിരുത്തും. എല്ലാവരും എന്നോട് യോജിക്കണമെന്ന പിടിവാശി എനിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it