Latest News

ഇന്തോനേഷ്യയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു

90ലധികം പേര്‍ക്ക് പരിക്ക്, 65 ഓളം കുട്ടികള്‍ കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി

ഇന്തോനേഷ്യയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു
X

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു. 65 ഓളം കുട്ടികള്‍ കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ട്. 90ലേറെ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കിഴക്കന്‍ ജാവ നഗരമായ സിദോര്‍ജോയിലെ അല്‍ ഖോസിനി ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലാണ് അപകടമുണ്ടായത്.


65 വിദ്യാര്‍ഥികളെ കാണാതായെന്ന് സ്‌കൂള്‍ കെട്ടിടസമുച്ചയത്തിനുമുന്നിലെ പട്ടികയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പതിമൂന്നുകാരനാണ് മരിച്ചത്. 12നും 17നുമിടയില്‍ പ്രായമുള്ള, ഏഴുമുതല്‍ 11ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെയാണ് കാണാതായിട്ടുള്ളത്. ഇന്നലെ മുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.


വലിയ കോണ്‍ക്രീറ്റ് സ്ലാബുകളും മറ്റവശിഷ്ടങ്ങളും നീക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഓക്സിജനും കുടിവെള്ളവും എത്തിക്കുന്നതായി റിപോര്‍ട്ട്. വലിപ്പം കൂട്ടുന്നതിനായുള്ള നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയായിരുന്ന കെട്ടിടത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വിദ്യാര്‍ഥികള്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ സമയത്താണ് അപകടമുണ്ടായതെന്ന് പ്രാദേശിക പോലിസുദ്യോഗസ്ഥന്‍ പറയുന്നു. പരിക്കേറ്റ കുട്ടികളില്‍ പലര്‍ക്കും തലക്ക് പരിക്കേല്‍ക്കുകയും അസ്ഥികള്‍ ഒടിയുകയും ചെയ്തു. ആണ്‍കുട്ടികളാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥിനികള്‍ മറ്റൊരു കെട്ടിടത്തിലായതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it