Latest News

വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനാല്‍ കേരളം സില്‍വര്‍ ലൈനില്‍ നിന്ന് പിന്‍മാറണം: വിഡി സതീശന്‍

കൊവിഡ് മഹാമാരിയുടെ പിടിയില്‍ പിടയുന്ന സാധാരണക്കാരായ ജനകോടികള്‍ക്ക് ആശ്വാസത്തിന്റെ ഒരു കിരണംപോലും കേന്ദ്രബജറ്റിലില്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനാല്‍ കേരളം സില്‍വര്‍ ലൈനില്‍ നിന്ന് പിന്‍മാറണം: വിഡി സതീശന്‍
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി പരിഗണിക്കാതെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമ്പത്തികമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാമ്പത്തിക നില ഭദ്രമാണെന്ന തെറ്റായ അവകാശവാദമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. ഈ കെട്ട കാലത്തും നികുതി ഭീകരത നടപ്പാക്കിയും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലച്ചുമാണ് വരുമാനമുണ്ടാക്കുന്നത്. നോട്ടു നിരോധനവും അശാസ്ത്രീയമായി ജി.എസ്.ടി നടപ്പാക്കിയതു പോലുള്ള തെറ്റായ വഴികളിലൂടെയാണ് ജി.ഡി.പി വര്‍ധനവുണ്ടാക്കിയിരിക്കുന്നത്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് എല്ലാ രാജ്യങ്ങളുടെയും ജി.ഡി.പി മൈനസിലേക്ക് പോയപ്പോള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 3.1 ആയി പിടിച്ചു നിര്‍ത്തിയിരുന്നു.

മൂന്നു വര്‍ഷത്തിനുള്ളില്‍ നാനൂറോളം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും കൂടുതല്‍ സര്‍വീസുകള്‍ കൊണ്ടു വന്ന് സംസ്ഥാനത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. 160 മുതല്‍ 180 കിലോ മീറ്റര്‍ വരെ സ്പീഡ് ഈ ട്രെയിനുകള്‍ക്കുണ്ട്. ഇതിന്റെ മുതല്‍മുടക്കും ഇന്ത്യന്‍ റെയില്‍വെയാണ് വഹിക്കുന്നത്. അതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയും സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാക്കുന്ന സില്‍വര്‍ ലൈനില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്‍മാറണം.

ലോകത്തെ എറ്റവും വലിയ സ്‌റ്റോക് മാര്‍ക്കറ്റായിരുന്നു ഒരു കാലത്ത് ഇന്ത്യ. എന്നാലിപ്പോള്‍ അതും ഇല്ലാതായിരിക്കുകയാണ്. പേ ടി.എം പോലുള്ള ഇന്റര്‍നെറ്റ് കമ്പനികളെ പ്രോത്സാഹിപ്പിച്ച് സ്‌റ്റോക് മാര്‍ക്കറ്റില്‍ കുമിളകളുണ്ടാക്കി നിക്ഷേപകരെ നഷ്ടത്തിലേക്ക് തള്ളി വിടുകയാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നു. പക്ഷെ അത് പ്രഖ്യാപിച്ചതു പോലെ നടപ്പാക്കാനാകണം.

ജി.എസ്.ടിയില്‍ വന്‍തോതില്‍ വരുമാനം ഉണ്ടാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും കേരളത്തില്‍ വരുമാനക്കുറവുണ്ടാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്. കേരളത്തില്‍ 30 ശതമാനം നികുതി വര്‍ധിക്കുമെന്നാണ് അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞത്. എന്നാല്‍ പത്തു ശതമാനത്തില്‍ താഴെ വര്‍ധനവ് മാത്രമാണുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ നഷ്ടം നികത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ നികുതി പിരിച്ചെടുക്കാനുള്ള ഒരു നടപടികളും കേരളത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നതും പരിശോധിക്കപ്പെടണം.

കെ സുധാകരന്‍

കൊവിഡ് മഹാമാരിയുടെ പിടിയില്‍ പിടയുന്ന സാധാരണക്കാരായ ജനകോടികള്‍ക്ക് ആശ്വാസത്തിന്റെ ഒരു കിരണംപോലും കേന്ദ്രബജറ്റിലില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. രാജ്യം ഇപ്പോഴും കോവിഡിന്റെ പിടിയിലാണെന്ന വസ്തുത കേന്ദ്രഭരണാധികാരികള്‍ സൗകര്യപൂര്‍വം വിസ്മരിച്ചു.

കൊവിഡ് മഹാമാരിയെ ജനങ്ങള്‍ അതിജീവിച്ചത് യുപിഎ സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെയും തൊഴിലുറപ്പ് പദ്ധതിയിലൂടെയുമാണ്. പാവപ്പെട്ടവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതികളെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചത് അക്ഷന്തവ്യമായ വീഴ്ചയാണ്. രൂക്ഷമായ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ നടപടികളില്ല.

ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളെന്ന് ജവഹല്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിറ്റഴിക്കല്‍ തുടരുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാരിന് വലിയ ലാഭവിഹിതം നല്കുന്ന എല്‍ഐസിയെ വില്പനയ്ക്കുവച്ചത് മറ്റൊരു ഷോക്കാണ്. ഇന്ത്യക്കാരുടെ ചോരയും നീരുംകൊണ്ട് കെട്ടിപ്പെടുത്ത എല്‍ഐസി വിദേശാധിപത്യത്തിനും കോര്‍പറേറ്റാധിപത്യത്തിനും വിട്ടുകൊടുക്കുകയാണ്. എല്‍ഐസിയുടെ ഇതുവരെയുള്ള നിക്ഷേപത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍/ സാമൂഹ്യക്ഷേമ മേഖലകളിലാണ് ചെലവഴിച്ചത്. അതാണ് ഇനി അവസാനിക്കാന്‍ പോകുന്നത്.

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരത്തിലും വിഭവസമാഹരണത്തിലുമുള്ള കൈകടത്തലായി മാറാം. ഡിജിറ്റല്‍ കറന്‍സി നടപ്പാക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പക്വമായോ എന്നതും ചിന്തിക്കേണ്ടതാണ്. സാമ്പത്തിക അന്തരത്തോടൊപ്പം ഡിജിറ്റല്‍ അന്തരവും രാജ്യത്തു വളര്‍ന്നു വരുകയാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it