Latest News

യൂറോപ്യന്‍ അക്കാദമികളെ നേരിടാനൊരുങ്ങി സ്‌പോര്‍ട്ടിങ് യുണൈറ്റഡ്

ജനുവരി മുതല്‍ ഏപ്രില്‍ വരെ നീണ്ടുനില്‍ക്കുന്ന ഹോം ആന്റ് എവേ രീതിയില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ലീഗിലേക്കാണ് സ്‌പോര്‍ട്ടിങ്ങിന് ക്ഷണം ലഭിച്ചിരിക്കുന്നത്.

യൂറോപ്യന്‍ അക്കാദമികളെ നേരിടാനൊരുങ്ങി സ്‌പോര്‍ട്ടിങ് യുണൈറ്റഡ്
X

ജിദ്ദ: സിഫ് ജൂനിയര്‍ ഫുട്‌ബോള്‍ ബ്ലൂ സ്റ്റാര്‍ ടൂര്‍ണമെന്റുകളിലെ ഹാട്രിക് ജേതാക്കളായ സ്‌പോര്‍ട്ടിങ് യുണൈറ്റഡ് അക്കാദമി, ജുവന്ററസ് അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ യൂറോ അക്കാദമി യൂത്ത് ഡെവലപ്‌മെന്റ് ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെ നീണ്ടുനില്‍ക്കുന്ന ഹോം ആന്റ് എവേ രീതിയില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ലീഗിലേക്കാണ് സ്‌പോര്‍ട്ടിങ്ങിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ജനുവരി 12 നു സ്‌പോര്‍ട്ടിങ് യുണൈറ്റഡ് അക്കാദമി ജുവന്ററസ് അക്കാദമിയെ നേരിടുന്നതോടുകൂടി നാലുമാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന് തുടക്കം കുറിക്കും. യൂറോപ്പിലെ പ്രകത്ഭരായ പിഎസ്ജി, ജുവന്ററസ്, എസി മിലന്‍, ആഴ്‌സനല്‍ ക്ലബ്ബുകളുടെ കീഴില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമികള്‍ക്ക് പുറമെ ജിദ്ദ പ്രഫഷനല്‍ അക്കാദമി, ജെകെഎസ് അക്കാദമി തുടങ്ങി 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഈ ടൂര്‍ണമെന്റിലേക്ക് ക്ഷണം ലഭിച്ച ഏക ഇന്ത്യന്‍ അക്കാദമിയാണ് സ്‌പോര്‍ട്ടിങ് യുണൈറ്റഡ്. അക്കാദമിയുടെ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ലോകത്തിലെ തന്നെ പ്രഗത്ഭരായ ക്ലബ്ബുകളുടെ അക്കാദമികളില്‍ പരിശീലനം ലഭിച്ച കുട്ടികളുമായി കളിക്കാന്‍ സൗദിയില്‍ ആദ്യമായി ലഭിക്കുന്ന അവസരം അക്കാദമിയിലെ കുട്ടികള്‍ക്ക് മികച്ച ഒരനുഭവമായിരിക്കുമെന്ന് സ്‌പോര്‍ട്ടിങ് ചെയര്‍മാന്‍ ഇസ്മായില്‍ കൊളക്കാടനും ജനറല്‍ ക്യാപ്റ്റന്‍ സമീര്‍ റോഷനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം കൊല്‍ക്കത്തയില്‍വച്ച് ഇന്ത്യയിലെ രണ്ടു പ്രഫഷനല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ അക്കാദമികളുമായി സൗഹൃദമല്‍സരങ്ങള്‍ക്കും സ്‌പോര്‍ട്ടിങ് യുണൈറ്റഡിന് ക്ഷണംലഭിച്ചതായും സംഘാടകര്‍ അറിയിച്ചു. സ്‌പോര്‍ട്ടിങ് യുണൈറ്റഡിന്റെ പ്രൊഫഷനല്‍ കൊളാബറേഷന്‍ വിങ്ങിന്റെ ശ്രമഫലമായാണ് ഇത്തരം അവസരങ്ങള്‍ അക്കാദമിക്ക് ലഭിക്കുന്നതെന്നും പ്രശസ്തമായ ഒരു യൂറോപ്യന്‍ അക്കാദമിയുമായി ദീര്‍ഘകാല സാങ്കേതികസഹകരണത്തിന് ശ്രമങ്ങള്‍ നടന്നുവരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി വി വി അഷ്‌റഫ്, ഷബീര്‍ അലി, നാസര്‍ ഫറോക്, ജലീല്‍ കളത്തിങ്കല്‍, നജീബ് തിരൂരങ്ങാടി, ടി പി ഷുഹൈബ്, ഷിയാസ് ഇമ്പാല, അമീര്‍ ചെറുകോട് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it