Latest News

ഉറച്ച നിലപാടുകളെ വിലമതിക്കാതിരിക്കാനാവില്ല; പിടി തോമസിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എംബി രാജേഷ്

നിലപാടുകള്‍ക്ക് കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ചോ ലാഭനഷ്ടങ്ങളെക്കുറിച്ചോ ചിന്തിക്കാതെ അതില്‍ ഉറച്ചുനില്‍ക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്

ഉറച്ച നിലപാടുകളെ വിലമതിക്കാതിരിക്കാനാവില്ല; പിടി തോമസിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എംബി രാജേഷ്
X

തിരുവനന്തപുരം: പിടി തോമസിന്റെ വിയോഗവാര്‍ത്ത വളരെ ദുഃഖവും വേദനയും ഉളവാക്കുന്നതാണെന്ന് സ്പീക്കര്‍ എംബി രാജേഷ്. ദിവസമാണ് വെല്ലൂരിലെ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ആശുപത്രിയില്‍ നിന്ന് സംസാരിച്ചു പിരിയുമ്പോള്‍, നിയമസഭയുടെ ബജറ്റ് സമ്മേളനമാകുമ്പോഴേക്ക് ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്താനാവുമെന്ന ആത്മവിശ്വാസമാണ് പി ടി പ്രകടിപ്പിച്ചത്. ബജറ്റ് സമ്മേളനത്തില്‍ സഭയിലെത്താമെന്ന പ്രത്യാശയോടെ പിരിഞ്ഞ് ഇത്ര പെട്ടെന്ന് ഈ വിയോഗവാര്‍ത്തയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല എന്ന് സ്പീക്കര്‍ അനുസ്മരിച്ചു.

അദ്ദേഹത്തിന് രോഗബാധയുണ്ടായത് മുതല്‍, ആദ്യം മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വെല്ലൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമൊക്കെ ചെയ്തപ്പോള്‍ ഓരോ ഘട്ടത്തിലും അദ്ദേഹവുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെട്ട് രോഗവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നുവെന്നും ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതിനു ശേഷം മിനിയാന്ന് വൈകിട്ടും അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിച്ചിരുന്നു.

പുരോഗതിയുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സ്പീക്കറുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍. എന്നാല്‍ അതെല്ലാം ഇപ്പോള്‍ അസ്ഥാനത്തായിരിക്കയാണ്.

പിടി തോമസിന്റെ പേര് ആദ്യം കേള്‍ക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. അദ്ദേഹം അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. പിന്നീട് പിടി തോമസ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ വളര്‍ച്ച ദൂരെനിന്ന് കണ്ടിട്ടുണ്ട്. അതിനുശേഷം പാര്‍ലമെന്റില്‍ ഒരുമിച്ച് അഞ്ചു വര്‍ഷം സഹപ്രവര്‍ത്തകരായിരുന്നു. പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി നിയമസഭയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ അടുത്തുനിന്ന് വീക്ഷിച്ചപ്പോള്‍ ചില സവിശേഷതകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിയമനിര്‍മാണ സഭകളിലെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന തികഞ്ഞ ഉത്തരവാദിത്വവും പ്രതിബദ്ധതയുമാണ് ഏറ്റവും ശ്രദ്ധേയമായി തോന്നിയിട്ടുള്ളത്. പാര്‍ലമെന്റില്‍ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഹാജര്‍ 100 ശതമാനമായിരുന്നു. ഒരു ദിവസം പോലും അദ്ദേഹം സഭയില്‍ ഹാജരാവാതിരുന്നില്ല. നിയമസഭയിലും സഭ തുടങ്ങിയാല്‍ പിരിയുംവരെ സ്വന്തം സീറ്റില്‍ പിടി തോമസ് ഉണ്ടായിരിക്കും. ജാഗ്രതയോടെ സഭാനടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്, ഇടപെടേണ്ട ഒരു സന്ദര്‍ഭവും പാഴാക്കാതെ ശക്തമായി ഇടപെട്ടും നല്ല ഗൃഹപാഠം ചെയ്തുകൊണ്ടുമാണ് നിയമനിര്‍മാണവേദികളില്‍, പ്രത്യേകിച്ച് നിയമസഭയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ബില്ലുകള്‍ വളരെ ആഴത്തില്‍ പഠിച്ച് അതിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ അദ്ദേഹം പ്രത്യേകം പ്രാവീണ്യം പ്രകടിപ്പിച്ചു. ഇതൊക്കെ പുതിയ സാമാജികര്‍ക്ക് അദ്ദേഹത്തില്‍ നിന്ന് പഠിക്കാവുന്ന കാര്യങ്ങളാണ്.

അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത നിലപാടുകളില്‍ പുലര്‍ത്തിയ ദാര്‍ഢ്യമാണ്. അദ്ദേഹത്തിന്റെ നിലപാടുകളോട് രാഷ്ട്രീയമായി യോജിക്കുകയോ വിയോജിക്കുകായ ചെയ്യാം. പക്ഷെ അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാടുകളെ വിലമതിക്കാതിരിക്കാനാവില്ല. നിലപാടുകള്‍ക്ക് കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ചോ ലാഭനഷ്ടങ്ങളെക്കുറിച്ചോ ചിന്തിക്കാതെ അതില്‍ ഉറച്ചുനില്‍ക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

പിടി തോമസിന്റെ വിയോഗം കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മാത്രമല്ല, നാടിനാകെ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും പങ്കുചേരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it