Latest News

ആര്‍എസ്എസ് ഗണഗീതം വിദ്യാര്‍ഥികള്‍ ആലപിച്ച വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ

വിവാദമായപ്പോള്‍ പിന്‍വലിച്ചതായിരുന്നു

ആര്‍എസ്എസ് ഗണഗീതം വിദ്യാര്‍ഥികള്‍ ആലപിച്ച വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ
X

കൊച്ചി: വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫിന് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച വിഡിയോ എക്സില്‍ നിന്ന് പിന്‍വലിച്ച് വീണ്ടും പോസ്റ്റുചെയ്ത് ദക്ഷിണ റെയില്‍വേ. എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഉദ്ഘാടന വേളയില്‍ സരസ്വതി വിദ്യാലയ സ്‌കൂളിലെ കുട്ടികള്‍ അവരുടെ സ്‌കൂള്‍ ഗാനം പാടുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഗണഗീതത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് പുതിയ പോസ്റ്റ്. നേരത്തെ ദേശഭക്തി ഗാനമെന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വീഡിയോ റെയില്‍വേ പിന്‍വലിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയായിരുന്നു ഉദ്ഘാടനം. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് ഉദ്ഘാടനയോട്ടം ആരംഭിച്ചു. അല്‍പസമയത്തിനകം വിദ്യാര്‍ഥികള്‍ ഗണഗീതം ആലപിക്കുകയായിരുന്നു.

അതേസമയം, വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it