Latest News

എസ്ഐആർ: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 91 ലക്ഷം പേർ പുറത്തായി

എസ്ഐആർ: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 91 ലക്ഷം പേർ പുറത്തായി
X

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) പൂർത്തിയാക്കിയതിനെ തുടർന്ന് 91 ലക്ഷത്തിലധികം പേർ പട്ടികയിൽ നിന്ന് പുറത്തായതായി റിപോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. എന്നാൽ അന്തിമ വോട്ടർ പട്ടിക ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.

ഫെബ്രുവരി 28നു പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം നവംബർ മുതൽ ആരംഭിച്ച പരിഷ്കരണ നടപടികൾക്ക് ശേഷം 63.66 ലക്ഷം പേരെ (ഏകദേശം 8.3%) പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതോടെ വോട്ടർമാരുടെ ആകെ എണ്ണം 7.66 കോടിയിൽ നിന്ന് 7.04 കോടിയായി കുറഞ്ഞു.

വിചാരണ ആവശ്യമായതായി തിരിച്ചറിഞ്ഞ 60 ലക്ഷത്തിലധികം പേരിൽ 59.84 ലക്ഷം കേസുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിൽ 27.16 ലക്ഷം പേരെ അന്തിമമായി ഒഴിവാക്കിയപ്പോൾ, 32.68 ലക്ഷം പേർക്ക് പട്ടികയിൽ തുടർന്നുനിൽക്കാൻ സാധിച്ചു. ശേഷിക്കുന്ന ചില കേസുകൾ ഇ-സിഗ്നേച്ചറിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇതെല്ലാം ചേർത്ത് കണക്കാക്കുമ്പോൾ എസ്ഐആർ പ്രക്രിയ ആരംഭിച്ചതിനുശേഷം പട്ടികയിൽ നിന്ന് പുറത്തായവരുടെ എണ്ണം 90.83 ലക്ഷത്തിന് മുകളിലാണെന്നാണ് റിപോർട്ട്.

പട്ടികയിൽ നിന്ന് പുറത്താക്കിയവരിൽ 95 ശതമാനവും മുസ് ലിംകളാണെന്ന പഠന റിപോർട്ട് വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി പ്രതിനിധീകരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തെ ആസ്പദമാക്കി നടത്തിയ പഠനമാണ് ഈ കണ്ടെത്തൽ മുന്നോട്ട് വയ്ക്കുന്നത്.

സബാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ, സപ്ലിമെൻ്ററി പട്ടികയിൽ നിന്ന് നീക്കംചെയ്ത 2,826 പേരിൽ 2,700 പേരും മുസ് ലിം സമൂഹത്തിൽപ്പെട്ടവരാണെന്നാണ് വ്യക്തമാക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ ഏകദേശം 26 ശതമാനം മാത്രമായിരുന്ന മുസ് ലിം വോട്ടർമാരുടെ പ്രാതിനിധ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഗൗരവകരമായ അസമത്വമാണെന്ന വിമർശനവും ഉയരുന്നു.

ഈ മാസം 23 മുതൽ 29 വരെ സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കാനിരിക്കെ, വോട്ടർ പട്ടിക സംബന്ധിച്ച ഈ വിവാദം രാഷ്ട്രീയ രംഗത്ത് ശക്തമായ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്.

Next Story

RELATED STORIES

Share it