Latest News

'സില്‍വര്‍ലൈന്‍ പ്രായോഗികമല്ല, സംസ്ഥാനത്തിന് താല്‍പര്യമെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാം'; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍

സില്‍വര്‍ലൈന്‍ പ്രായോഗികമല്ല, സംസ്ഥാനത്തിന് താല്‍പര്യമെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍
X

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നും സംസ്ഥാനത്തിന് താല്‍പര്യമുണ്ടെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാമെന്നും കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ആര്‍ആര്‍ടിഎസ്-ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സില്‍വര്‍ ലൈന്‍ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെന്നും അത് നടപ്പാക്കാനാകുന്നതല്ലെന്നും റെയില്‍വേ മന്ത്രി മറുപടിയായി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസോ, ഇ ശ്രീധരന്റെ പദ്ധതിയോ, ഏതെങ്കിലും പരിഗണനയ്ക്കായി കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്‍ ചോദിച്ചിരുന്നത്.

സംസ്ഥാനത്തിന് താല്‍പര്യമുണ്ടെങ്കില്‍ ഹൈസ്പീഡ് റെയില്‍ പദ്ധതി പരിഗണിക്കാം. എന്നാല്‍ റെയില്‍വേ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരെ സഹകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനം കേന്ദ്രസര്‍ക്കാറിന് പിന്തുണ നല്‍കണം. ഭൂമി ഏറ്റെടുത്ത് നല്‍കണം. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണ്. സംസ്ഥാനം സഹകരിച്ചില്ലെങ്കില്‍ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. ഇതുവരെ പദ്ധതിക്കായി 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നല്‍കിയതെന്നും ഇങ്ങനെ എങ്ങനെ മുന്നോട്ട് പോകുമെന്നും അശ്വിനി വൈഷ്ണവ് ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ ഇടത് അംഗങ്ങള്‍ ബഹളം വെച്ചു പ്രതിഷേധിച്ച്. കേന്ദ്ര സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തരുതെന്ന് അധ്യക്ഷന്‍ നിര്‍ദേശിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 30 ട്രെയിനുകള്‍ നിര്‍ത്താതെ പോകുന്നുവെന്നും രാജധാനി അടക്കം കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമോയെന്നും ഹാരിസ് ബീരാന്‍ എംപി ചോദിച്ചു. 90 ട്രെയിനുകള്‍ സ്റ്റേഷനില്‍ നിര്‍ത്തുന്നുണ്ടെന്നും മറ്റ് ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ പരിഗണിക്കുമെന്നും മന്ത്രി മറുപടി നല്‍കി. അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഷന്‍ വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിവേഗ റെയില്‍ പദ്ധതിക്കായി ഇ ശ്രീധരന്‍ ഓഫീസ് തുറന്നതിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്വാഗതം ചെയ്തു. റെയില്‍വേയെക്കുറിച്ചും സാങ്കേതിക വിഷയത്തിലും ജ്ഞാനമുള്ള വ്യക്തിയാണ് ഇ ശ്രീധരന്‍. ശ്രീധരന്‍ എന്നല്ല ആരായാലും റെയില്‍വേ വികസനത്തിന് മുന്നിലേക്ക് വന്നാല്‍ അവരെ റെയില്‍വേ മന്ത്രാലയം സ്വാഗതം ചെയ്യുന്നു. ശ്രീധരന്റെ ഇത്തരത്തിലുള്ള നടപടികളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

Next Story

RELATED STORIES

Share it