Latest News

സിദ്ധു മൂസേവാലയുടെ അവസാന ഗാനം യൂ ട്യൂബില്‍ നിന്ന് നീക്കി

സിദ്ധു മൂസേവാലയുടെ അവസാന ഗാനം യൂ ട്യൂബില്‍ നിന്ന് നീക്കി
X

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ അവസാന ഗാനം യൂ ട്യൂബില്‍ നിന്ന് നീക്കി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. യമുന- സത്‌ലജ് ലിങ്ക് കനാല്‍ പദ്ധതിയെക്കുറിച്ച് ഗാനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പദ്ധതിയെച്ചൊല്ലി ഹരിയാന- പഞ്ചാബ് സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കമുണ്ട്. ഇതെത്തുടര്‍ന്നാണ് ഗാനം നീക്കിയത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം രണ്ടുദിവസംകൊണ്ട് 2.7 കോടി ആളുകളാണ് കണ്ടത്. മെയ് 29ന് വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പായി അദ്ദേഹം ഗാനം പൂര്‍ത്തിയാക്കിയിരുന്നു. ജൂണ്‍ 23നാണ് നിര്‍മാതാവ് MXRCI വീഡിയോ റിലീസ് ചെയ്തത്. എന്നാല്‍, ഈ ഗാനം യൂ ട്യൂബില്‍ ഇപ്പോള്‍ ലഭ്യമല്ല. വീഡിയോയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 'സര്‍ക്കാരില്‍ നിന്നുള്ള നിയമപരമായ പരാതി കാരണം ഈ ഉള്ളടക്കം ഡൊമെയ്‌നില്‍ ലഭ്യമല്ല' എന്ന ഒരു സന്ദേശമാണ് ഇപ്പോള്‍ ദൃശ്യമാവുന്നത്.

അവിഭക്ത പഞ്ചാബിനെക്കുറിച്ചും 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും കര്‍ഷക പ്രക്ഷോഭത്തിനിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയതിന്റെ വീഡിയോകളും ഗാനത്തിലുണ്ട്. മെയ് 29 നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ സിദ്ധു മൂസെ വാല അക്രമികളുടെ വെടിയേറ്റ് മരിച്ചത്.

മൂസെ വാലെ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പോലിസ് പിന്‍വലിച്ചതിന് ഒരുദിവസത്തിന് ശേഷമായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ മൂസെ വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Next Story

RELATED STORIES

Share it