Latest News

സഞ്ജൗലി പള്ളി പൂർണമായും പൊളിച്ചു നീക്കാൻ കോടതി ഉത്തരവ്; വിശദമായ ഉത്തരവ് വരട്ടെയെന്ന് വഖ്ഫ് ബോർഡ്

പള്ളി നിയമവിരുദ്ധമായാണ് നിർമ്മിച്ചിരിക്കുന്നതെന്ന ഹിന്ദുത്വ വാദികളുടെ ആരോപണത്തെ തുടർന്നാണ് നടപടി.

സഞ്ജൗലി പള്ളി പൂർണമായും പൊളിച്ചു നീക്കാൻ കോടതി ഉത്തരവ്; വിശദമായ ഉത്തരവ് വരട്ടെയെന്ന് വഖ്ഫ് ബോർഡ്
X

ചണ്ഡീഗണ്ഡ്: സഞ്ജൗലി പള്ളിയുടെ രണ്ട് നിലകൾ കൂടി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് ഷിംല മുനിസിപ്പൽ കോർപ്പറേഷൻ കോടതി. നേരത്തെ മൂന്നു നിലകൾ പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. ഇതോടെ പള്ളി പൂർണമായും ഇല്ലാതാകും. പള്ളി നിയമവിരുദ്ധമായാണ് നിർമ്മിച്ചിരിക്കുന്നതെന്ന ഹിന്ദുത്വ വാദികളുടെ ആരോപണത്തെ തുടർന്നാണ് നടപടി. നിർമ്മാണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുത്വർ ഹരജി സമർപ്പിക്കുകയായിരുന്നു.

ജില്ലയിലെ അനധികൃത നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കമ്മീഷണർ ഭൂപേന്ദർ ആത്രിയാണ് വാദം കേട്ടത്.

"ഹിമാചൽ പ്രദേശ് വഖഫ് ബോർഡും സഞ്ജൗലി മസ്ജിദ് കമ്മിറ്റിയും പള്ളി നിർമ്മാണത്തിനുള്ള അനുമതികൾ ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു കോടതി പറഞ്ഞത്. നേരത്തെ, 2024 ഒക്ടോബർ 5 ന്, സഞ്ജൗലി പള്ളിയുടെ മൂന്ന് നിലകൾ പൊളിക്കാൻ കമ്മീഷണർ കോടതി ഉത്തരവിട്ടിരുന്നു," എന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ജഗത്പാൽ പറഞ്ഞു.ഒരു മണിക്കൂറോളം നീണ്ട വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിശദമായ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, പള്ളി സ്ഥലത്തെ നിർമ്മാണം നിയമവിരുദ്ധമാണെന്ന് കോടതി വിധിക്കുകയായിരുന്നു.

അതേസമയം, വിശദമായ ഉത്തരവ് വരട്ടെ എന്നും അതിനു വേണ്ടി കാത്തിരിക്കുകയാണെന്നും വഖ്ഫ് ബോർഡിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ബി എസ് താക്കൂർ പറഞ്ഞു.

Next Story

RELATED STORIES

Share it