Latest News

'കുടുംബവാഴ്ച ജനാധിപത്യത്തിന് ഭീഷണി'; നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് ശശി തരൂര്‍

കുടുംബവാഴ്ച ജനാധിപത്യത്തിന് ഭീഷണി; നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് ശശി തരൂര്‍
X

തിരുവനന്തപുരം: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നാണ് ശശി തരൂരിന്റെ വിമര്‍ശനം. 'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടില്‍ മംഗളം ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. നേതാക്കളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന രീതി വരണമെന്നും ഇതിനായി വോട്ടര്‍മാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ശാക്തീകരിക്കാനുമുള്ള കൂട്ടായ പരിശ്രമം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

കുടുംബവാഴ്ചയ്ക്കു പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴ ചേര്‍ന്നിരിക്കുന്നതാണ്. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

കുടുംബവാഴ്ചയുള്ള കുടുംബങ്ങള്‍ക്ക് സാധാരണയായി ഗണ്യമായ സാമ്പത്തിക മൂലധനമുണ്ട്. അത് അവര്‍ അധികാരത്തിലിരുന്ന വര്‍ഷങ്ങളിലൂടെ സമ്പാദിച്ചതാണെന്നും കുടുംബവാഴ്ചാ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. മണ്ഡലത്തിലെ ജനങ്ങളോട് ഇവര്‍ ഫലപ്രദമായി ഇടപെടില്ല. ഇവരുടെ പ്രകടനം മോശമായാല്‍ ജനങ്ങളോട് കണക്കു പറയേണ്ടതില്ല. കുടുംബ വാഴ്ചയ്ക്കു പകരം കഴിവിനെ അംഗീകരിക്കണം.

'പാരമ്പര്യത്തിന് പ്രാധാന്യം ലഭിക്കുമ്പോള്‍, ഭരണത്തിന്റെയും നേതൃത്വത്തിന്റെയും ഗുണനിലവാരം കുറയുന്നു. സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗ്യത കുടുംബപ്പേര് മാത്രമാകുമ്പോള്‍ അത് പ്രശ്നമാകുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വാഗ്ദാനമായ 'ജനങ്ങളാല്‍, ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളുടെ ഭരണം' പൂര്‍ണ്ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല', തരൂര്‍ വിമര്‍ശിച്ചു.

സമാജ്വാദി പാര്‍ട്ടി, ശിവസേന, ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി, ശിരോമണി അകാലി ദള്‍, കശ്മീരിലെ പിഡിപി, തമിഴ്‌നാട്ടിലൈ ഡിഎംകെ എന്നീ പാര്‍ട്ടികളെയും കുടുംബവാഴ്ചയുടെ പേരില്‍ തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതി സ്ഥാപകന്‍ കെ ചന്ദ്രശേഖര റാവുവിന്റെ മകനും മകളും തമ്മില്‍ പിന്തുടര്‍ച്ചാവകാശ പോരാട്ടം നടക്കുകയാണ്. ഈ പ്രതിഭാസം ഏതാനും പ്രമുഖ കുടുംബങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല, ഗ്രാമസഭകള്‍ മുതല്‍ പാര്‍ലമെന്റിന്റെ ഉന്നതതലങ്ങള്‍ വരെ, ഇന്ത്യന്‍ ഭരണക്രമത്തിന്റെ ഘടനയില്‍ ഇത് ആഴത്തില്‍ വേരൂന്നിയതാണ്.

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയെന്ന ബിജെപി ആരോപണം സാധൂകരിക്കുന്നതാണ് ശശി തരൂരിന്റെ ഈ ലേഖനം. കോണ്‍ഗ്രസുമായി കടുത്ത ഭിന്നത പരസ്യമാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്ന തരൂര്‍, ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ തരൂരിന്റെ ലേഖനത്തോട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it