Latest News

ഷാര്‍ജ രാജ്യാന്തര പുസ്തക മേള; ഇന്ത്യന്‍ പുസ്തക ശാലകളില്‍ വന്‍ തിരക്ക്

ഷാര്‍ജ രാജ്യാന്തര പുസ്തക മേള; ഇന്ത്യന്‍ പുസ്തക ശാലകളില്‍ വന്‍ തിരക്ക്
X

ഷാര്‍ജ: 42-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വന്‍ സന്ദര്‍ശക തിരക്ക്. ഡിസി ബുക്സ് അടക്കമുള്ള ഇന്ത്യന്‍ സ്റ്റാളുകളില്‍ വെള്ളിയാഴ്ച പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു. മേള തുടങ്ങി മൂന്നാം ദിനത്തിലെത്തിയപ്പോള്‍ നിന്നു തിരിയാനിടമില്ലാത്ത വിധം പ്രദര്‍ശന ഹാളുകള്‍ ജനനിബിഢമായിക്കഴിഞ്ഞിരുന്നു. വാരാന്ത്യ അവധി ദിനങ്ങളായ ശനിയും ഞായറും വിശേഷിച്ചും ഇന്ത്യന്‍ പ്രസാധകരുടെ സ്റ്റാളുകളില്‍ നല്ല വില്‍പന നടന്നു.ഏറ്റവുമധികം പുസ്തകങ്ങള്‍ എത്തിച്ച പ്രസാധകരില്‍ മുന്‍നിരയിലാണ് ഡിസി ബുക്സ്. മേളയിലെ 6, 7 ഹാളുകളിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

പുസ്തകോല്‍സവം വെള്ളിയാഴ്ച മൂന്നാം ദിനം പിന്നിടുമ്പോള്‍ വലിയ ജനശ്രദ്ധയാണുള്ളത്. ഏറ്റവുമധികം വില്‍പനയുള്ള പുസ്തകങ്ങളെല്ലാം ഇവിടെ കിട്ടുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളും ക്ലാസ്സിക്കുകളും സ്റ്റാളുകളില്‍ ലഭ്യം. ചെറുകഥ, നോവല്‍, ന്യൂ അറൈവല്‍സ്, ക്രൈം ത്രില്ലറുകള്‍ എന്നിവയ്ക്ക് നിരവധി പേരെത്തുന്നു. എഴുത്തുകാരില്‍ വിനോയ് തോമസിന്റെ രചനകള്‍, എം. മുകുന്ദന്റെ 'നിങ്ങള്‍', കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി.ഷിനിലാലിന്റെ 'സമ്പര്‍ക്ക കാന്തി' എന്നിവയ്ക്ക് നല്ല ആവശ്യക്കാരുണ്ട്. എസ്.ഹരീഷിന്റെ 'മീശ', ബഷീര്‍ സമ്പൂര്‍ണ കൃതികള്‍, ഒരു പൊലീസ് സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയവ വന്‍ ഹിറ്റ് ഗ്രന്ഥങ്ങളിലുള്‍പ്പെടുന്നു. അമര്‍ ചിത്രകഥ, പെന്‍ഗ്വിന്‍ ബുക്സ്, ഹാര്‍പര്‍ കോളിന്‍സ് തുടങ്ങിയവയുടെ പുസ്തകങ്ങളും വില്‍പനക്കുണ്ട്.


പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കുക, സ്വയം പ്രചോദിതരാവുക: നീന ഗുപ്ത

ഷാര്‍ജ: സ്വന്തം ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് അവരവര്‍ തന്നെ പരിഹാരം കണ്ടെത്തുന്നതാണ് ഉചിതമെന്നും മറ്റൊരാള്‍ വന്ന് അത് പരിഹരിച്ച് തരുമെന്ന കാത്തിരിപ്പ് വെറുതെയാകുമെന്നും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീന ഗുപ്ത അഭിപ്രായപ്പെട്ടു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിലെ ബുക് ഫോറം 1 ല്‍ 'സച്ച് കഹോം തോ' സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ അഭിനയ ജീവിതവും എഴുത്തും സാമൂഹിക പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് നീന ഗുപ്ത സംസാരിച്ചത്.


'നിങ്ങള്‍ വിജയിച്ചവരാണെങ്കില്‍ എല്ലാം നല്ലതായി തോന്നും, സുന്ദരമായി തോന്നും. നിങ്ങള്‍ പരാജയപ്പെട്ടവരാണെങ്കില്‍ ചെയ്യുന്നത് നല്ലതായി തോന്നണമെന്നില്ല. ജീവിതത്തില്‍ വിജയിക്കാന്‍ ആത്മവിശ്വാസമാണ് പ്രധാനം. ആത്മാര്‍ത്ഥതയും അത്ര തന്നെ പ്രധാനപ്പെട്ടതാണ്' -അവര്‍ പറഞ്ഞു.


ജീവിതത്തില്‍ എന്തെങ്കിലും കാര്യങ്ങളോട് നോ പറയുമ്പോള്‍ വലിയ സന്തോഷം തോന്നിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സ്വന്തം നിലപാടിന്റെ പ്രകടനമാണത്. സത്യം പറയല്‍ പലപ്പോഴും അപകടകരമാണ്. ജീവിതാനുഭവങ്ങളില്‍ നിന്നാണ് അത് പറയുന്നതെന്നും അവര്‍ സൂചിപ്പിച്ചു.


തന്റെ അഭിനയ കരിയറില്‍ കുറെയധികം ടൈപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ജനങ്ങള്‍ അവാര്‍ഡിനെ കുറിച്ചല്ല ചിന്തിക്കുന്നത്, അഭിനയത്തെ കുറിച്ച് മാത്രമാണ്.


നല്ല രീതിയില്‍ അഭിനയിച്ച് അവാര്‍ഡ് കിട്ടിയിട്ടുണ്ടെങ്കിലും പിന്നീട് മികച്ച റോളുകളെന്നും കിട്ടിയിട്ടില്ല. കോളജ് പഠന കാലത്ത് നാടകങ്ങളില്‍ പുരുഷ വേഷങ്ങളിലാണ് ധാരാളം അഭിനയിച്ചിട്ടുള്ളത്. അത് നല്ല ശരീര ഉയരമുണ്ടായിരുന്നതിനാലായിരുന്നു. നാടകങ്ങളില്‍ സ്ഥിരമായി അഭിനയിച്ചത് നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എത്താന്‍ സഹായിച്ചു. അവിടെ എല്‍ഗാസിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞു. എല്‍ഗാസി പ്രോല്‍സാഹനം നല്‍കിയിരുന്നുവെന്നും അഭിനയ ജീവിതത്തിലേക്ക് എത്തിയത് സംബന്ധിച്ച് ഗുപ്ത വിശദീകരിച്ചു.സ്ത്രീകളെ സംബന്ധിക്കുന്ന പല കാര്യങ്ങളിലും പുസ്തകത്തില്‍ എഴുതിയത് നടപ്പാക്കല്‍ അത്ര എളുപ്പമല്ല.


ഇന്ത്യന്‍ വനിതകളുടെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റമുണ്ടെന്ന് പറയാനാവില്ല. ഒരു ശതമാനത്തില്‍ താഴെ മാത്രമേ മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നുള്ളൂ. ഇന്ത്യന്‍ വനിതകള്‍ ആദ്യം വീട്ടു ജോലികള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. എന്നാല്‍, ഇന്ന് അങ്ങനെയല്ല, ഒരു ജോലിയുണ്ട്, അതോടൊപ്പം വീട്ടു ജോലികളും ചെയ്യണം. അതവരുടെ ജീവിത ഭാരം കൂട്ടുന്നതാണ്.


സ്വന്തം ജീവിതത്തെ ഒറ്റ വാചകത്തില്‍ ചുരുക്കാമോ എന്നതിന് അവര്‍ നല്‍കിയ മറുപടി , 'മൂവ് ഓണ്‍' എന്നായിരുന്നു. മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു തന്റെ ജീവിതമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസം വളരെ അത്യാവശ്യമുള്ള ഒരു കാലമാണിത്.പ്രതിസന്ധികളെ അതിജീവിക്കാന്‍ വിദ്യാഭ്യാസം സഹായിക്കും. തനിക്ക് മാതാപിതാക്കള്‍ നല്ല വിദ്യാഭ്യാസം നല്‍കി. പിഎച്ച്ഡി വരെ ചെയ്യാന്‍ സാധിച്ചു.


മറ്റൊരുപ്രധാന സന്ദേശമായി അവര്‍ പറഞ്ഞത്, സിനിമാ മേഖലയില്‍ നിലനില്‍ക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പബ്ലിക്കായി പുക വലിക്കരുത് എന്നായിരുന്നു. പലപ്പോഴും സുഹൃത്തുക്കളെയൊക്കെ വിശ്വസിച്ച് നാം പലതും ചെയ്യും. എന്നാല്‍, അതെല്ലാം പിന്നീട് പൊതുസമൂഹത്തിന് മുന്നിലെത്തുമ്പോള്‍ ദോഷകരമായിപ്പോകും. അതിന് വലിയ വില കൊടുക്കേണ്ടി വരും. താനങ്ങനെ ചെയ്തതു വഴിയുണ്ടായ ദുരനുഭവം പങ്കുവച്ചു കൊണ്ടാണ് അവര്‍ ഇങ്ങനെയൊരു ഉപദേശം നല്‍കിയത്. അത്തരം തെറ്റുകള്‍ പറ്റിക്കൂടാ. മകള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്ന കാര്യം അവര്‍ പങ്കു വച്ചു. കാസ്റ്റിംങ് കൗച്ചിനെ കുറിച്ച് ഒരധ്യായം തന്നെ അവരുടെ പുസ്തകത്തിലുണ്ട്. എന്നാല്‍, കാസ്റ്റിങ് കൗച്ചിന്റെ ഗുണഫലങ്ങളോ ദോഷ ഫലങ്ങളോ അതൊരു വ്യക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്നാണവര്‍ അഭിപ്രയപ്പെട്ടത്.


എഴുത്ത് പോലെ തന്നെ ധീരമായാണ് നീന ഗുപ്ത തന്റെ നിലപാടുകള്‍ അവതരിപ്പിച്ചത്. ഗള്‍ഫ് ന്യൂസ് എന്റര്‍ടെയിന്‍മെന്റ് എഡിറ്റര്‍ മഞ്ജുഷ മോഡറേറ്ററായിരുന്നു. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങളോട് നീന ഗുപ്ത സന്ദര്‍ഭോചിതവും രസകരവുമായി മറുപടി നല്‍കി. ബുക് സൈനിംഗ് സെഷനും ഉണ്ടായിരുന്നു.







Next Story

RELATED STORIES

Share it