Latest News

ഏഴു വയസുകാരനെ ഹോസ്റ്റല്‍ മുറിയില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി

ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ഗോപാല്‍പൂര്‍ ചൗകിലാണ് സംഭവം, നാലു പേര്‍ പിടിയില്‍

ഏഴു വയസുകാരനെ ഹോസ്റ്റല്‍ മുറിയില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി
X

പട്‌ന: ബിഹാറില്‍ ഏഴു വയസുകാരനായ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍. വൈശാലി ജില്ലയിലെ ഹാജിപൂരിലെ ഗോപാല്‍പൂര്‍ ചൗകിലാണ് സംഭവം. പ്രദേശത്തെ ഒരു സ്‌കൂളിനു കീഴിലുള്ള ഹോസ്റ്റലിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെല്‍സറിലെ കല്യാണ്‍പൂര്‍ സ്വദേശിയായ അര്‍ജുന്‍ താക്കൂറാണ് കൊല്ലപ്പെട്ടത്. വൈശാലി പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഗ്യാന്‍ നികേതന്‍ സ്‌കൂളിന്റെ ഹോസ്റ്റലിലാണ് കുട്ടി കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കഴുത്ത് മുറിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൂടാതെ കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുമുണ്ടായിരുന്നു. അഞ്ചു മാസമായി ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്നു വിദ്യാര്‍ഥി. ഇന്നു രാവിലെയാണ് കുട്ടിയെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പോലിസെത്തിയപ്പോഴേക്കും സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയും ഹോസ്റ്റലിനു നേരെ കല്ലെറിയുകയും അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഹോസ്റ്റല്‍ കണ്‍ട്രോളറടക്കം നാലു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്ന് പോലിസ് പറഞ്ഞു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ എന്താണ് മര്‍ദനകാരണമെന്നും ആരാണ് കൊന്നതെന്നും വ്യക്തമാകൂവെന്ന് പോലിസ് പറഞ്ഞു.

'ഹോസ്റ്റലില്‍ കയറിയപ്പോള്‍ കുട്ടി കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. അവന്റെ കാലില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. വടികൊണ്ട് അടിച്ചതുപോലെ തോന്നി. ഇതോടൊപ്പം, കഴുത്തില്‍ വെട്ടിയതിന്റെ മുറിവുമുണ്ടായിരുന്നു. ഹോസ്റ്റല്‍ അധികൃതര്‍ കുട്ടിയെ മുമ്പും തല്ലിയിരുന്നു. ഇക്കാര്യം ഒരിക്കല്‍ അവന്‍ എന്നെ അറിയിച്ചിരുന്നു. പക്ഷേ പഠനവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ തല്ലിയതാവാമെന്നാണ് ഞങ്ങള്‍ കരുതിയത്. ഹോസ്റ്റല്‍ മാനേജ്‌മെന്റിന്റെ അനാസ്ഥ മൂലമാണ് ഈ കൊലപാതകം നടന്നത്. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം'- കൊല്ലപ്പെട്ട കുട്ടിയുടെ അമ്മാവന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it