Latest News

ഗസയുടെ ദുരിതം ചിത്രങ്ങളില്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ സമ്മേളനം തുടങ്ങി

ഗസയുടെ ദുരിതം ചിത്രങ്ങളില്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ സമ്മേളനം തുടങ്ങി
X

തിരുവനന്തപുരം: ഗസയിലെ യാതനകളും കരള്‍ പിളര്‍ക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാര്‍ത്താ ചിത്ര പ്രദര്‍ശനത്തോടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കം.കേരളത്തിലെ പ്രതിഭാധനരായ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങളുടെ ശേഖരവും പ്രദര്‍ശന വേദിയെ സമ്പന്നമാക്കുന്നു.

സാംസ്‌കാരിക വകുപ്പിന്റെ തൈക്കാട് ഭാരത് ഭവനില്‍ ഒരുക്കിയ ത്രിദിന പ്രദര്‍ശനം തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗസയില്‍ കൊല്ലപ്പെട്ട 270 മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അവരുടെ ചിത്രങ്ങള്‍ക്കു മുന്നില്‍ ദീപം തെളിയിച്ചാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഗാസ മനുഷ്യത്വത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് എം ബി രാജേഷ് പറഞ്ഞു. ഒരു ചെറിയ ഭൂപ്രദേശത്താണ് 270 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തിനു വേണ്ടി ക്യൂ നില്‍ക്കുന്ന വരെയും ആശുപത്രിയിലെ രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ക്രൂരത മറ്റെവിടെയും നമ്മള്‍ കണ്ടിട്ടില്ല. ഇന്ത്യയില്‍ രാജ്യദ്രോഹ കുറ്റത്തിന് മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും രാജേഷ് പറഞ്ഞു.

മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. എസ്‌ജെഎഫ്‌കെ മുന്‍ പ്രസിഡന്റ് എ മാധവന്‍, സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം, ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സരിതാ വര്‍മ്മ, കെയുഡബ്‌ള്യൂജെ ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, പി മുസ്തഫ, ബി ജയചന്ദ്രന്‍ സംസാരിച്ചു.

യുദ്ധാനന്തര ഗസയിലെ കൂട്ടപ്പലായനത്തിന്റെയും തകര്‍ച്ചയുടെയും ദുരിത ജീവിതത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ എപി, എഎഫ്പി, ഗെറ്റി എന്നീ ഏജന്‍സികള്‍ പകര്‍ത്തിയതാണ് ചിത്രങ്ങള്‍. ഗസ ആക്രമണങ്ങളില്‍ രക്തസാക്ഷികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേരള മീഡിയ അക്കാദമിയും സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറവും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഗസയില്‍ ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിയും ആയിരങ്ങളുടെ കാത്തു നില്‍പ്പും പട്ടിണി മൂലം എല്ലും തോലുമായ കുട്ടികളുടെ ദൈന്യതയും കാണികളില്‍ അസ്വസ്ഥത ഉണര്‍ത്തും. യുഎന്‍ ഏജന്‍സിയുടെ സഹായമെത്തിയപ്പോള്‍ ഭക്ഷണച്ചാക്കുകള്‍ മുതുകിലേന്തി നീങ്ങുന്ന ഗ്രാമീണരുടെ ചിത്രങ്ങളുമുണ്ട്. യുദ്ധത്തിനെതിരെ തെല്‍അവീവില്‍ ഇസ്രയേലികള്‍ നടത്തിയ പ്രതിഷേധമാണ് മറ്റൊരു ശ്രദ്ധേയ ചിത്രം.

കേരളത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയതും അവാര്‍ഡുകള്‍ നേടിയതുമായ അപൂര്‍വ ചിത്രങ്ങള്‍ പ്രദര്‍ശന വേദിയിലുണ്ട്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ്.നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞക്കു പുറപ്പെടാന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കുടുംബ സമേതം കാത്തു നില്‍ക്കുന്നത്, ഭാര്യയുടെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍, നിയമസഭയില്‍ നാലു മന്ത്രിമാരടക്കം അഞ്ചു ജനപ്രതിനിധികളുടെ കൂട്ട ഉറക്കം, ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ട് എംടിയെ പകര്‍ത്തുന്ന അപൂര്‍വ ചിത്രം, ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ വിലാപം പകര്‍ത്തിയ ധനുഷ്‌കോടി ദൃശ്യം, മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ കോവളം കടലിലെ കുളി, നക്‌സല്‍ നേതാവ് അജിതയെ പൊലീസ് ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്ന ചിത്രം തുടങ്ങിയവ കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കും.

എം കുര്യാക്കോസ്, എം കെ ജോണ്‍, പി മുസ്തഫ, ബി ജയചന്ദ്രന്‍, കെ കെ രവീന്ദ്രന്‍, എസ് എസ് റാം, ഹാരിസ് കുറ്റിപ്പുറം, വിക്ടര്‍ ജോര്‍ജ്, എം കെ വര്‍ഗീസ്, ടി നാരായണന്‍, എം ടി സേവ്യര്‍, കെ ജെ ജോസ്, സി ബി പ്രദീപ് കുമാര്‍, എം പ്രകാശം, കെ അരവിന്ദന്‍, ആര്‍ രവീന്ദ്രന്‍, മൊണാലിസ ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.


Next Story

RELATED STORIES

Share it