Latest News

ചാര്‍ട്ടേഡ് വിമാനത്തില്‍ നാടണഞ്ഞ പ്രവാസികളെ കൈവിടാതെ എസ്ഡിപിഐ

ചാര്‍ട്ടേഡ് വിമാനത്തില്‍ നാടണഞ്ഞ പ്രവാസികളെ കൈവിടാതെ എസ്ഡിപിഐ
X

കൊച്ചി: സോഷ്യല്‍ഫോറം ഒമാന്റെ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ പ്രവാസികള്‍ക്ക് സഹായവും മാര്‍ഗനിര്‍ദേശം നല്‍കി എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം ജനശ്രദ്ധ പിടിച്ചുപറ്റി. സോഷ്യല്‍ ഫോറം ഒമാന്‍, ട്രിപ്‌സ് മാര്‍ട്ട് ട്രാവല്‍ & ടൂറിസത്തിന്റെ സഹായത്തോടെ മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്ക് ചാര്‍ട്ട് ചെയ്ത സ്‌പൈസ് ജെറ്റ് എസ് ജി 9995 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ തുണയായത്.

11 സൗജന്യ യാത്രക്കാര്‍ ഉള്‍പ്പെടെ 180 പേരുമായി ജൂണ്‍ 30 നു രാത്രി 8:45 നാണ് വിമാനം കൊച്ചിയിലെത്തിയത്. രോഗികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ ജോലി നഷ്ടമായവര്‍, വിസിറ്റിംഗ് വിസയില്‍ വന്ന് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിലായവര്‍, ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ അവശ്യക്കാര്‍ അടങ്ങുന്നവരായിരുന്നു യാത്രാസംഘം.

യാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷകിറ്റും ഫുഡ്കിറ്റും സോഷ്യല്‍ ഫോറം ഒമാന്‍ വോളന്റിയര്‍മാര്‍ എയര്‍പ്പോര്‍ട്ടില്‍ വിതരണം ചെയ്തു. യാത്ര തുടങ്ങുന്നതിനു മുന്നേ തന്നെ യാത്രികര്‍ പാലിക്കേണ്ട കൃത്യമായ മാര്‍ഗരേഖയും വോളന്റിയര്‍മാര്‍ നല്‍കിയിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ വാഹനങ്ങള്‍ നിയന്ത്രിച്ചും യാത്രക്കാരെ ബസ്സുകളിലേക്കെത്തിച്ചും ടാക്‌സികള്‍ തയ്യാര്‍ ചെയ്തുകൊടുത്തും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൊണ്ടും കൂടെ നിന്നത് പ്രവാസികളെ ആട്ടിയകറ്റുന്ന വാര്‍ത്തകള്‍ നിരന്തരം കേട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശ്വാസത്തിനു വകയേകി.

എയര്‍പോര്‍ട്ടില്‍ എത്തുന്ന പ്രവാസികളെ അവരുടെ നാടുകളിലേക്ക് എത്താനാവശ്യമായ വാഹന സൗകര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യുകയും എസ്ഡിപിഐ എറണാകുളം ജില്ലാ ജന.സെക്രട്ടറി വി എം ഫൈസല്‍, കമ്മിറ്റിയംഗം നൗഷാദ് തുരുത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അവസാന യാത്രക്കാരനെ യാത്രയാക്കുന്നത് വരെയും കൂടെ നിന്നത് മറക്കാനാവാത്ത അനുഭവമായി മാറിയത് യാത്രക്കാര്‍ പങ്കു വെച്ചു.

യാതൊരു മുഷിപ്പുമില്ലാതെ പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തി മാതൃകയായ എസ്ഡിപിഐ എറണാകുളം ജില്ലാ ടീമിനും യാത്രക്കാരെ നാട്ടിലെത്തിക്കാനുള്ള സഹായം ചെയ്ത സോഷ്യല്‍ ഫോറം ഒമാന്‍ ഘടകത്തിനും നന്ദി അറിയിച്ചു കൊണ്ട് നിരവധി സന്ദേശങ്ങളാണ് ആണ് വാട്ട്‌സ്അപ്പ് വഴിയും ഫേസ്ബുക്ക് പേജ് വഴിയും പ്രചരിക്കുന്നത്.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന ചുമതലകള്‍ മാത്രം വഹിച്ചിരുന്ന കൂട്ടായ്മകളില്‍ നിന്നും വ്യത്യസ്തമായി നാട്ടില്‍ യാത്രക്കാര്‍ ഇറങ്ങിയാല്‍ അവര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ സജ്ജമാക്കി ഒരു പിടി മുന്നിട്ടിരിക്കുകയാണ് സോഷ്യല്‍ ഫോറം ഒമാന്‍.



Next Story

RELATED STORIES

Share it