Latest News

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനനികുതിക്കൊള്ള; ഏജീസ് ഓഫിസിനും സെക്രട്ടറിയേറ്റിനും മുമ്പില്‍ വ്യാഴാഴ്ച എസ്ഡിപിഐ ധര്‍ണ

പെട്രോള്‍ വിലയില്‍ 27.90 രൂപ കേന്ദ്ര നികുതിയും 30.08 സംസ്ഥാന നികുതിയുമാണ്. ഡീസലിന് 21.80 രൂപ കേന്ദ്രനികുതിയും 22.76 ശതമാനം സംസ്ഥാന നികുതിയുമാണ്. ഇതു കൂടാതെ അധിക എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ സെസും വരും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനനികുതിക്കൊള്ള; ഏജീസ് ഓഫിസിനും സെക്രട്ടറിയേറ്റിനും മുമ്പില്‍ വ്യാഴാഴ്ച എസ്ഡിപിഐ ധര്‍ണ
X

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്നതിനു പിന്നില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ നികുതിയും സെസും ഇനത്തില്‍ പിരിച്ചെടുക്കുകയും വിലവര്‍ധനയില്‍ പരസ്പരം പഴി ചാരി ജനങ്ങളെ കബളിപ്പിക്കുകയുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനിയന്ത്രിത നികുതിക്കൊള്ളയ്‌ക്കെതിരേ വ്യാഴാഴ്ച രാവിലെ 11ന് ഏജീസ് ഓഫിസിനു മുമ്പിലും സംസ്ഥാന സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്‌ക്കെതിരേ അന്നേ ദിവസം സെക്രട്ടറിയേറ്റിനു മുമ്പിലും എസ്ഡിപിഐ ധര്‍ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

രാവിലെ 11ന് ഏജീസ് ഓഫിസിനു മുമ്പില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്യും. പെട്രോള്‍ വിലയില്‍ 27.90 രൂപ കേന്ദ്ര നികുതിയും 30.08 സംസ്ഥാന നികുതിയുമാണ്. ഡീസലിന് 21.80 രൂപ കേന്ദ്രനികുതിയും 22.76 ശതമാനം സംസ്ഥാന നികുതിയുമാണ്. ഇതു കൂടാതെ അധിക എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ സെസും വരും. ഇന്ധന വില നിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 11 മുതല്‍ 20 വരെ എസ്ഡിപിഐ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും ധര്‍ണ ഉള്‍പ്പെടെയുള്ള പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

മണ്ഡലംതലങ്ങളില്‍ വനിതകളുടെ പ്രതിഷേധങ്ങള്‍, പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ സൈക്കിള്‍ റാലി, ബ്രാഞ്ച് തലങ്ങളില്‍ ഗൃഹസമ്പര്‍ക്കവും ലഘുലേഖ വിതരണവും തുടങ്ങി വ്യത്യസ്ഥമായ പ്രതിഷേധ, പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it