Latest News

സ്‌കാര്‍ലറ്റ് മകാവോ; സംഭവമാണ് ഈ വിദേശി തത്ത

ലോകത്തിലെ പക്ഷി സ്‌നേഹികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഇനമാണ് വര്‍ണ്ണ മനോഹരമായ സ്‌കാര്‍ലറ്റ് മകാവോ പക്ഷികള്‍.

സ്‌കാര്‍ലറ്റ് മകാവോ; സംഭവമാണ് ഈ വിദേശി തത്ത
X

കോഴിക്കോട്: 80 വര്‍ഷത്തോളം ജീവിക്കുന്ന ഒരു പക്ഷി. അതും ജീവിതകാലം മുഴുവന്‍ ഒരൊറ്റ ഇണയെ മാത്രം സ്വീകരിക്കുന്ന പക്ഷി. അതാണ് പഞ്ചവര്‍ണ്ണ തത്ത എന്ന് നമ്മുടെ നാട്ടില്‍ പറയുന്ന പക്ഷികളുടെ ഇനത്തില്‍ പെട്ട സ്‌കാര്‍ലറ്റ് മകാവോ.

സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 3000 അടി വരെ ഉയരമുള്ള നിത്യഹരിത വനങ്ങളിലാണ് സ്‌കാര്‍ലറ്റ് മകാവോയെ കാണപ്പെടാറുള്ളത്. 80 വര്‍ഷത്തോളം ജീവിക്കുന്ന ഇവ ഒരൊറ്റ ഇണയെ മാത്രമാണ് സ്വീകരിക്കുക. തീറ്റ തേടലുള്‍പ്പടെ എല്ലാം ഇണയോട് ഒന്നിച്ചാണ് ചെയ്യുക. ഇതിനിടയില്‍ ഇണ മരിച്ചാല്‍ പിന്നീട് മരണം വരെ തനിച്ച് കഴിയും. ഒരു ഇണയെ മാത്രം സ്വീകരിക്കുന്ന ഇവയുടെ സ്വഭാവം വീട്ടില്‍ വളര്‍ത്തുമ്പോഴും വ്യത്യാസപ്പെടുന്നില്ല എന്നാണ് പറയുന്നത്. സ്‌കാര്‍ലറ്റ് മകാവോയെ വളര്‍ത്തുമ്പോള്‍ അവ ഒരാളോട് മാത്രമാണ് കൂടുതലായി ഇണങ്ങുക.


മധ്യ അമേരിക്കന്‍ കാടുകളാണ് സ്‌കാര്‍ലറ്റ് മകാവോയുടെ ജന്മദേശം. അതിമനോഹരമായ തൂവലുകളും വളരെ വേഗം ഇണങ്ങുന്ന പ്രകൃതവുമായതു കാരണം ഈ ഇനം തത്തകളെ വേട്ടക്കാര്‍ കൂട്ടമായി പിടികൂടി വില്‍ക്കാന്‍ തുടങ്ങി. ഇതോടെ ഇവയുടെ എണ്ണവും വളരെയധികം കുറഞ്ഞു. അതിവേഗം ഇല്ലാതായികൊണ്ടിരിക്കുന്ന ഇനം പക്ഷികളുടെ പട്ടികയിലാണ് ഈ ഇനം തത്തകളുള്ളത്. യുഎസില്‍ ഇവയുടെ വില്‍പ്പനയും കയറ്റുമതിയും ശിക്ഷാര്‍ഹമായ കുറ്റമാണ്.


ലോകത്തിലെ പക്ഷി സ്‌നേഹികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഇനമാണ് വര്‍ണ്ണ മനോഹരമായ സ്‌കാര്‍ലറ്റ് മകാവോ പക്ഷികള്‍. ബുദ്ധിശക്തിയിലും മുന്നിട്ടു നില്‍ക്കുന്ന ഇവ പരിശീലിപ്പിച്ചാല്‍ പത്തു വാക്കുകള്‍ വരെ സംസാരിക്കും. മനോഹാരിതയും ദീര്‍ഘായുസ്സും, സംസാര ശേഷിയും കാരണം ഇവയുടെ വിലയും അല്‍പ്പം കൂടുതലാണ്. ഒന്നര ലക്ഷത്തോളമാണ് ഇവക്ക് ഇന്ത്യയിലെ വില.




Next Story

RELATED STORIES

Share it