Latest News

സമസ്ത മുശാവറ പുനസംഘടിപ്പിച്ചു; ആറു പുതുമുഖങ്ങള്‍

മുശാവറ അംഗങ്ങളുടെ എണ്ണം 38 ആയി

സമസ്ത മുശാവറ പുനസംഘടിപ്പിച്ചു; ആറു പുതുമുഖങ്ങള്‍
X

മലപ്പുറം: സമസ്ത മുശാവറ പുനസംഘടിപ്പിച്ചു. ആറു പേരെ പുതുതായി മുശാവറ അംഗങ്ങളാക്കി. ഇതോടെ മുശാവറ അംഗങ്ങളുടെ എണ്ണം 38 ആയി. ബഷീര്‍ ഫൈസി ചീക്കോന്ന്, ടി കെ അബ്ദുല്ല മുസ്‌ലിയാര്‍ വെളിമുക്ക്, പി സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, അലവി ഫൈസി കൊളപ്പറമ്പ്, ഷെരീഫ് ബാഖവി കണ്ണൂര്‍, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ എന്നിവരാണ് പുതുതായി മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സസ്പെന്‍ഡ് ചെയ്ത ലീഗ് അനുകൂല പണ്ഡിതനായ മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുത്തില്ല. ജിഫ്രി തങ്ങള്‍ക്കെതിരായ വിമര്‍ശനത്തെ തുടര്‍ന്നാണ് മുസ്തഫല്‍ ഫൈസിയെ സസ്‌പെന്‍ഡ് ചെയ്തത്. മുസ്തഫല്‍ ഫൈസിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഇതിനു കാരണമായി നേതൃത്വം പറയുന്നത്.

പാണക്കാട് കുടുംബത്തെ ഇത്തവണയും മുശാവറയിലേക്കു പരിഗണിച്ചില്ല. സാദിഖലി തങ്ങളെ മുശാവറ അംഗമാക്കണമെന്ന് ലീഗ് അനുകൂല വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും രണ്ടുപേരെയും മുശാവറയില്‍ ഉള്‍പ്പെടുത്തിയില്ല. അതേസമയം പാണക്കാട് കുടുംബാംഗങ്ങള്‍ പരിഗണനക്കു വന്നില്ലെന്ന് മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു. മുശാവറയില്‍ രണ്ടൊഴിവുകള്‍ കൂടിയുണ്ടെന്നും ഭാവിയില്‍ പരിഗണിച്ച് കൂടായ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it