Latest News

റഷ്യന്‍ കടന്നുകയറ്റം; തരൂരിനെത്തള്ളി സര്‍ക്കാര്‍ നിലപാടിന്റെ അരികുപറ്റി കോണ്‍ഗ്രസ്

റഷ്യന്‍ കടന്നുകയറ്റം; തരൂരിനെത്തള്ളി സര്‍ക്കാര്‍ നിലപാടിന്റെ അരികുപറ്റി കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി; റഷ്യയുടെ യുക്രെയ്‌നിലേക്കുള്ള അധിനിവേശം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിന് സര്‍ക്കാര്‍ നിലപാടുകളുമായി നിരവധി സാമ്യങ്ങള്‍. സര്‍ക്കാര്‍ നിലപാടിനു സമാനമായി നയന്ത്രപരമായ സമീപനമാണ് യുക്രെയ്ന്‍ കടന്നുകയറ്റത്തോട് കോണ്‍ഗ്രസ് സ്വീകരിച്ചത്. യുക്രെയ്ന്‍ -റഷ്യ സംഘര്‍ഷത്തില്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്ന് സര്‍ക്കാര്‍ നിലപാടിനെയും കോണ്‍ഗ്രസ് പിന്തുണച്ചു. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാടിനെത്തള്ളി യുദ്ധവിരുദ്ധ നിലപാടെടുത്ത തരൂരിന്റേത് തികച്ചും വ്യക്തിപരമായ സമീപനമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ വിശേഷിപ്പിച്ചു.

മിന്‍സ്‌ക്, റഷ്യ-നാറ്റോ കരാറുകളെയും മുന്‍കാല ധാരണകളെയും മാനിച്ച് റഷ്യയും യുക്രെയ്‌നും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് നയതന്ത്ര ചര്‍ച്ചകളുടെ പാത എല്ലാ ആത്മാര്‍ത്ഥതയോടെയും സ്വീകരിക്കണമെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. നിലവിലുള്ള സംഘര്‍ഷം നയതന്ത്രപരമയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ്സിന്റെ നിലപാടിനെ തള്ളി തരൂര്‍ രംഗത്തുവന്നു. യുദ്ധവിരുദ്ധ നിലപാടെടുക്കാതെ ചരിത്രത്തിന്റെ തെറ്റായ ഒരു പക്ഷത്താണ് രാജ്യം നിലയുറപ്പിച്ചതെന്ന് തരൂര്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെയും ഫലത്തില്‍ കോണ്‍ഗ്രസ് നിലപാടിനെയും പരിഹസിച്ചു.

റഷ്യന്‍ പതാക ചുറ്റി നില്‍ക്കുന്ന ഒരു യുവാവും യുക്രെയ്ന്‍ പതാക ചുറ്റിയ യുവതിയും തമ്മില്‍ ആലിംഗനം ചെയ്തുനില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

'ഉഗ്രന്‍. യുക്രെയ്ന്‍ പതാകയില്‍ പൊതിഞ്ഞ ഒരു പുരുഷന്‍ റഷ്യന്‍ പതാക ധരിച്ച ഒരു സ്ത്രീയെ ആലിംഗനം ചെയ്യുന്നു. യുദ്ധത്തിനും സംഘര്‍ഷത്തിനും മേല്‍ സ്‌നേഹവും സമാധാനവും സഹവര്‍ത്തിത്വവും വിജയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.'- തരൂര്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it