Latest News

ഇന്‍ഫോസിസിനെതിരേയുള്ള ആര്‍എസ്എസ് ആക്രമണം; വ്യവസായികള്‍ക്കിടയില്‍ ആശങ്ക പടരുന്നതായി റിപോര്‍ട്ട്

ഇന്‍ഫോസിസിനെതിരേയുള്ള ആര്‍എസ്എസ് ആക്രമണം; വ്യവസായികള്‍ക്കിടയില്‍ ആശങ്ക പടരുന്നതായി റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ഇന്‍ഫോസിസിനെതിരേ ആര്‍എസ്എസ് മുഖപത്രം അഴിച്ചുവിട്ട ആക്രമണം ഇന്ത്യന്‍ വ്യവസായ സമൂഹത്തില്‍ ആശങ്ക പടര്‍ത്തിയതായി റിപോര്‍ട്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും സുപ്രധാനമായ ഐടി കമ്പനിയായി അറിയപ്പെടുന്ന ഇന്‍ഫോസിസ്തന്നെ ആക്രമണത്തിനിരയായത് വന്‍കിട കമ്പനി ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ഭീതിയാണ് ജനിപ്പിച്ചിട്ടുള്ളത്. ഇന്‍ഫോസിസിനെതിരേ നടന്ന അതേ മട്ടിലുള്ള ആക്രമണം ടാറ്റയ്ക്ക് നേരിട്ടതോടെ ആശങ്ക വര്‍ധിക്കുകയും ചെയ്തു. റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഇന്ത്യന്‍ ആദായനികുതി വകുപ്പ് വെബ് സൈറ്റില്‍ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന സാങ്കേതികപ്രശ്‌നങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യ ഇതിനെതിരേ രംഗത്തുവരികയും ഇന്‍ഫോസിസിനെ ദേശവിരുദ്ധരെന്ന് ആക്ഷേപിക്കുകയും ചെയ്തു.

ഇതിനും ഒരു മാസം മുമ്പ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്‍ഫോസിസ് സിഇഒയെ വിളിച്ച് വരുത്തി വെബ്‌സൈറ്റിലെ സാങ്കേതികപ്പിഴവുകളുടെ പേരില്‍ പ്രതിഷേധമറിയിച്ചിരുന്നു. മാത്രമല്ല, അക്കാര്യം ട്വിറ്റര്‍ വഴി പരസ്യപ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ സ്ഥാപനങ്ങളോടുള്ള താല്‍പര്യം പരസ്യമായി അംഗീകരിക്കുന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്റെ നയംമാറ്റം പല കമ്പനി ഉദ്യോഗസ്ഥരിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഗസ്തില്‍ ടാറ്റ ഗ്രൂപ്പിനെതിരേയും സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ ലാഭത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെന്നായിരുന്നു ധമന്ത്രിയുടെ ആക്ഷേപം.

ആമസോണ്‍, മൊന്‍സാന്റോ തുടങ്ങിയ കമ്പനികള്‍ക്കെതിരേ പരസ്യനിലപാട് സ്വീകരിക്കാറുണ്ടെങ്കിലും മോദി സര്‍ക്കാര്‍ ഇന്ത്യന്‍ കമ്പികള്‍ക്കെതിരേ ഇത്തരം നിലപാടെടുക്കുന്നത് ഇതാദ്യമാണ്.

ഇന്ത്യന്‍ ഐടി മേഖല കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച കമ്പനിയാണ് ഇന്‍ഫോസിസ് എന്ന്് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ ഭാര്‍ഗവ പ്രതികരിച്ചു. ആഗോള തലത്തില്‍ അംഗീകരിക്കുന്ന കമ്പനിയാണ് ഇന്‍ഫോസിസെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളുണ്ട്, അത് ഇന്ത്യയെ താറടിച്ചുകാണിക്കുന്നതിന്റെ ഭാഗമാണെന്ന ആര്‍എസ്എസ് നിലപാടിനെതിരേ അദ്ദേഹം രംഗത്തുവന്നു.

കോര്‍പറേറ്റുകള്‍ക്കെതിരേ രംഗത്തുവരാന്‍ പാടില്ലേ? അവര്‍ വിശുദ്ധപശുക്കളാണോ എന്ന് ഇതേ കുറിച്ച പേര് വെളിപ്പെടുത്താത്ത ഒരു ആര്‍എസ്എസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it