Latest News

നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്

നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്
X

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതായി റിപോര്‍ട്ട്. യൂറോപ്യന്‍ യൂണിയനടക്കം കാനഡ, ജപ്പാന്‍, ആസ്‌ത്രേലിയ, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇതിനകം വൈറസ് വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ കണ്ടെത്തുന്നത്. അതോടെ ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയോ നിയന്ത്രണം ശക്തിപ്പെടുത്തുകയോ ചെയ്തു. പക്ഷേ, ആ നിയന്ത്രണങ്ങള്‍ക്കിടയിലും വൈറസ് വ്യാപിക്കുന്നതായാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന.

ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി, ഇറ്റലി തുടങ്ങിയവയാണ് പുതിയ വൈറസ് കണ്ടെത്തിയ ചില രാജ്യങ്ങള്‍.

കഴിഞ്ഞ ദിവസം കാനഡയിലെ ഒന്‍ടാറിയോവില്‍ ബ്രിട്ടീഷ് കൊവിഡ് വൈറസ് കണ്ടെത്തിയിരുന്നു. വടക്കേ അമേരിക്കയില്‍ ഈ വൈറസ് കണ്ടെത്തുന്നത് ഇതാദ്യമാണ്. കാനഡയില്‍ കൊവിഡ് സ്ഥിരീകരിച്ച ദമ്പതികളില്‍ രണ്ട് പേരും ഈ അടുത്ത നാളുകളിലൊന്നും വിദേശയാത്ര നടത്തിയവരല്ല.

അതേസമയം യുഎസ്സില്‍ പുതിയ വൈറസ് കണ്ടെത്താതിരിക്കുന്നത് അതിനുള്ള പരിശോധന ശക്തമാക്കാത്തതുകൊണ്ടാണെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ യുഎസ്സിലെത്തുന്ന എല്ലാ യാത്രികരും 72 മണിക്കൂറിനുള്ളില്‍ കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യുഎസ്സ് സര്‍ക്കാര്‍ നേരത്തെ ചൈന, യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ജപ്പാന്‍ രാജ്യത്തിന്റെ അതിര്‍ത്തി ഭാഗികമായി അടച്ചു. വിദേശത്തുനിന്നെത്തുന്ന സ്വദേശികള്‍ക്ക് മാത്രമേ ശനിയാഴ്ച മുതല്‍ രാജ്യത്ത് പ്രവേശനം അനുവദിക്കുന്നുള്ളൂ. വെള്ളിയാഴ്ചയാണ് ജപ്പാനില്‍ ആദ്യത്തെ ബ്രിട്ടീഷ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 5 പേര്‍ക്കാണ് ജപ്പാനില്‍ പുതിയ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുളളത്.

യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ ബ്രട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ് ആദ്യം അതിര്‍ത്തി പൂര്‍ണമായും അടച്ചെങ്കിലും ബുധനാഴ്ച യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ വിലക്ക് നീക്കി.

ക്രിസ്മസ് ദിനത്തില്‍ ഇംഗ്ലീഷ് കനാല്‍ കടന്ന് ഫ്രാന്‍സിലേക്ക് മടങ്ങുന്നവരുടെ നീണ്ട നിര കാണാമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സൗത്ത് ആഫിക്കയിലാണ് പുതിയ തരം കൊവിഡ് കണ്ടെത്തിയ മറ്റൊരു രാജ്യം. ഇന്ത്യയിലും ഈ വൈറസിന്റെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it