Latest News

ഹയര്‍ സീറ്റുകളിലെ സംവരണ അട്ടിമറി: ശശിധരന്‍ നായര്‍ കമ്മീഷനിലെ ശുപാര്‍ശകള്‍ ലംഘിച്ച് ഹൈക്കോടതിയിലെ സര്‍ക്കാര്‍ സത്യവാങ്മൂലം

ഹയര്‍ സീറ്റുകളിലെ സംവരണ അട്ടിമറി: ശശിധരന്‍ നായര്‍ കമ്മീഷനിലെ ശുപാര്‍ശകള്‍ ലംഘിച്ച് ഹൈക്കോടതിയിലെ സര്‍ക്കാര്‍ സത്യവാങ്മൂലം
X

കൊച്ചി: ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിലെ സീറ്റുകളില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് സര്‍ക്കാര്‍ ഇറക്കിയ ആദ്യ ഉത്തരവിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തെളിയിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം. മഞ്ചേരി സ്വദേശിയും വിദ്യാര്‍ഥിയുമായ യു ശബീര്‍ അഹമ്മദ്, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫീഖ് കല്ലായി എന്നിവര്‍ അഡ്വ. കെ പി ഇബ്രാഹീം മുഖേന നല്‍കിയ ഹരജിയില്‍ കോടതി സര്‍ക്കാരിനോട് ഒക്ടോബര്‍ 27ന് വിശദീകരണം തേടിയതിനെ തുടര്‍ന്ന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സംവരണ അട്ടിമറി നടന്നത് സര്‍ക്കാര്‍ അംഗീകരിക്കുന്നത്. സാമ്പത്തിക സംവരണം നല്‍കുന്നത് ജനറല്‍ കാറ്റഗറിയില്‍ നിന്നുള്ള 10 ശതമാനമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതു സംബന്ധിച്ച് ശശിധരന്‍ നായര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ 2020 ജനുവരി 3ന് പുറത്തിറക്കിയ ഉത്തരവിലെ 8ാം നിര്‍ദേശത്തില്‍ വ്യക്തമായി പറയുന്നുമുണ്ട്. എന്നാല്‍ അതിന്റെ ലംഘനംകൂടിയാണ് കോടതിയില്‍ നല്‍കിയ കണക്കില്‍ സര്‍ക്കാര്‍ നിരത്തുന്നത്.

ജനറല്‍ കാറ്റഗറിയെന്നും സംവരണ കാറ്റഗറിയെന്നും രണ്ടു തരത്തിലാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍ തിരിക്കുന്നത്. ഇതില്‍ ജനറല്‍ കാറ്റഗറിയായ 52 ശതമാനത്തിലെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യത്തെ ഓര്‍ഡറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതേ ഉത്തരവിന് ഘടകവിരുദ്ധമായാണ് നിലവില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ആകെ സീറ്റുകള്‍ 162815 ആണ്. ഇതില്‍ നിന്ന് 48 ശതമാനം സംവരണവും 52 ശതമാനം ജനറലുമായാണ് സീറ്റ് വിഭജിക്കുന്നത്. ഇങ്ങനെ വിഭജിക്കുന്ന ജനറല്‍ കാറ്റഗറിയിലെ 52 ശതമാനത്തിന്റെ 10 ശതമാനമായ 5.2 ശതമാനം സീറ്റാണ് മുന്നോക്ക സംവരണമായി നല്‍കേണ്ടത്. എന്നാല്‍ ആകെ സീറ്റിന്റെ 10 ശതമാനമായ 16711 സീറ്റുകളാണ് നിലവില്‍ സര്‍ക്കാര്‍ ഇ.ഡബ്ലു.എസിന് അനുവദിച്ച് നല്‍കിയിരിക്കുന്നത്. ആകെ സീറ്റിന്റെ ജനറല്‍ കാറ്റഗറിയായ 52 ശതമാനം സീറ്റ് എന്നു പറയുന്നത് 84663 സീറ്റാണ്. ഇതിന്റെ 10 ശതമാനമായ 8466 സീറ്റുമാത്രമേ സാമ്പത്തിക സംവരണ സീറ്റായി നല്‍കാന്‍ പാടുള്ളു. ഇങ്ങനെ നോക്കുമ്പോള്‍ 8245 സീറ്റുകള്‍ അധികമായി നല്‍കിയെന്ന് വ്യക്തമാണ്. മുന്നോക്ക സംവരണ സീറ്റില്‍ ഒഴിഞ്ഞുകിടക്കുന്നവ ജനറല്‍ മെറിറ്റിലേക്ക് നല്‍കും എന്നു പറഞ്ഞ് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് സംവരണത്തിന്റെയും ശശിധരന്‍നായര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെയും നഗ്‌നമായ ലംഘനമാണ്. സംവരണ അട്ടിമറി നടന്നില്ലെന്നു പറയുന്ന ഇടതുപക്ഷ വക്താക്കളുടെ വാദങ്ങള്‍ പൊളിക്കുകകൂടിയാണ് ഇതുവഴി ചെയ്യുന്നത്.




Next Story

RELATED STORIES

Share it