Latest News

2014നു ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ 500 ശതമാനം വര്‍ധനയെന്ന് റിപോര്‍ട്ട്

2014നു ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ 500 ശതമാനം വര്‍ധനയെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: 2014നു ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ 500 ശതമാനം വര്‍ധനയെന്ന് ക്രിസ്ത്യന്‍ അവകാശ പ്രവര്‍ത്തകര്‍. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളിലെ വര്‍ധനവിനെ കുറിച്ചുള്ള വാര്‍ഷിക റിപോര്‍ട്ട് പത്രസമ്മേളനത്തില്‍ പുറത്തിറക്കി. 2014നും 2024നും ഇടയില്‍ അക്രമസംഭവങ്ങള്‍ 500 ശതമാനം വര്‍ധനിച്ചു. അതായത് 2014ല്‍ 139 എന്നായിരുന്നു കണക്കെങ്കില്‍ 2024 ആയപ്പോഴേക്കും അത് 834 ആയി.

മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കാന്‍ ഒരു സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് ക്രിസ്ത്യന്‍ അവകാശ പ്രവര്‍ത്തക സിസ്റ്റര്‍ മീനാക്ഷി പറയുന്നു. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ആദിവാസി ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങളെക്കുറിച്ചും അവരെ പുറത്താക്കുന്നതിനെക്കുറിച്ചും അഭിഭാഷകയായ തെഹ്‌മിന അറോറ സംസാരിച്ചു.'ഇന്ത്യയിലുടനീളം ഏകദേശം എഴുപത് ദശലക്ഷം ആദിവാസി ക്രിസ്ത്യാനികളുണ്ട്. ഈ ആളുകള്‍ രാജ്യത്തെ ഏറ്റവും വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്നു, അവര്‍ വളരെ ദുര്‍ബലരാണ്, അതുകൊണ്ടാണ് അവരെ പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്,' അവര്‍ പറഞ്ഞു. ഛത്തീസ്ഗഢിലെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച്, ആദിവാസി സമൂഹങ്ങളില്‍പ്പെട്ട ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് അറോറ ആരോപിച്ചു.

2025 ജനുവരിയില്‍, ബസ്തറില്‍ നിന്നുള്ള കനിക കശ്യപ് എന്ന സ്ത്രീ മതം മാറിയതിന്റെ പേരില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ആ സമയത്ത് അവര്‍ ഗര്‍ഭിണിയായിരുന്നു, ഗര്‍ഭം അലസിപ്പോയി. അവര്‍ പോലിസില്‍ പരാതി നല്‍കിയിട്ടും പോലിസ് ഒരു നടപടിയും എടുത്തില്ലെന്നും അവര്‍ പറഞ്ഞു.

ഒരുതരത്തിലും ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗം ഇല്ല. ഇഷ്ടപ്പെട്ട് ഒരു മതം തിരഞ്ഞെടുത്താലും ആ വിശ്വാസം തുടര്‍ന്നു പോകാന്‍ അനുവാദമില്ല. അവര്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു. സുപ്രിംകോടതിയില്‍ ഈ വിഷയം എത്തിയിട്ടും ഒരു കാര്യവുമില്ലെന്നും അവരുടെ കൈകള്‍ കൊട്ടിയടച്ചിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പലതിലും പോലിസ് നടപടിയെടുക്കില്ലെന്നും അവര്‍ പറഞ്ഞു. 2025 ലെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ മാത്രം 579 സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും എഫ്ഐആര്‍ ഫയല്‍ ചെയ്തത് 39 എണ്ണത്തില്‍ മാത്രമാണ് എന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ഇതില്‍ 71 ഭീഷണിപ്പെടുത്തല്‍/പീഡന കേസുകള്‍, പ്രാര്‍ഥനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ 51 കേസുകള്‍, ഒമ്പത് ശാരീരിക ആക്രമണങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.

പല സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികള്‍ പല തരത്തിലുള്ള ആക്രമണങ്ങള്‍ക്കാണിരയാകുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം കേസുകള്‍ ഉള്ളതെന്നും അവര്‍ പറയുന്നു. ഈ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരുമായി ഉന്നയിക്കുന്നതിനായി ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നവംബര്‍ 29 ന് ദേശീയ ക്രിസ്ത്യന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് സമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it