Latest News

കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കാനാണ് തീരുമാനം

കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ
X

ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് പച്ചക്കൊടി കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം.കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരത്തിനായി അഭ്യര്‍ഥിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി ഭാരതി പവാര്‍ അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ധനമന്ത്രാലയം ആണെന്നും കേന്ദ്രമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാലു സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കാനാണ് തീരുമാനം.കേന്ദ്ര ധനകാര്യ മന്ത്രാലയം അതിന്റെ തുടര്‍നടപടികളിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കേരള സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന് പലവട്ടം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കെ മുരളീധരന്‍ എംപി ചട്ടം 377 പ്രകാരം ചോദിച്ച ചോദ്യത്തിന് മറുപടി ആയി നല്‍കിയ കത്തിലാണ് കേന്ദ്രം ഈ കാര്യം അറിയിച്ചത്.ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി തൃപ്തികരമാണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ധനവകുപ്പ് അനുമതി നല്‍കിയാല്‍ കേരളം നിര്‍ദേശിച്ചിട്ടുള്ള നാലു സ്ഥലങ്ങളും വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Next Story

RELATED STORIES

Share it