Latest News

മുസ് ലിം വംശഹത്യക്കുള്ള ആഹ്വാനത്തിനെതിരേ സുപ്രിം കോടതി ഇടപെടണമെന്ന് റാഷനലിസ്റ്റ് ലോയേഴ്‌സ് അസോസിയേഷന്‍

മുസ് ലിം വംശഹത്യക്കുള്ള ആഹ്വാനത്തിനെതിരേ സുപ്രിം കോടതി ഇടപെടണമെന്ന് റാഷനലിസ്റ്റ് ലോയേഴ്‌സ് അസോസിയേഷന്‍
X

തിരുവനന്തപുരം: ഹരിദ്വാറിലെ ധര്‍മ്മ സന്‍സദ് സമ്മേളനത്തില്‍ മുസ് ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ കൊന്ന് ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ പരസ്യ ആഹ്വാനം നടത്തിയ സംഭവത്തില്‍ വര്‍ഗീയ കലാപം തടയാനുള്ള നിയമപ്രകാരം കേസ് എടുക്കാന്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് യുക്തിവാദി അഭിഭാഷക സംഘടനയായ റാഷനലിസ്റ്റ് ലോയേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു

മുസ് ലിംകളെ മ്യാന്‍മര്‍ മോഡലില്‍ വംശശുദ്ധീകരണം നടത്തണമെന്നും അതിനായി പോലിസും സൈന്യവും രാഷ്ട്രീയക്കാരും കൂട്ടത്തില്‍ ഹിന്ദുക്കളും ആയുധമെടുത്ത് വംശഹത്യ നടത്തണമെന്നും അതല്ലാതെ വേറെ ഒരു മാര്‍ഗവും അവശേഷിക്കുന്നില്ലെന്നുമായിരുന്നു ഡിസംബര്‍ 17 മുതല്‍ 20 വരെ ഹരിദ്വാറില്‍ നടന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പ്രസംഗിച്ചത്. ദേശീയ ഐക്യത്തിനും രാജ്യത്തിന്റെ മതനിരപേക്ഷ സങ്കല്‍പത്തിനും കനത്ത ഭീഷണിയാണ് ഇത്തരം കൊലവിളി പ്രസംഗങ്ങള്‍. ഹിന്ദു മഹാസഭയുടെ ജനറല്‍ സെകട്ടറി സ്വാധ്വി അന്നപൂര്‍ണ്ണ, ഹിന്ദു രക്ഷാ സേന നേതാവ് പ്രബോധാനന്ദഗിരി, ബിജെപി നേതാവ് അശ്വനി ഉപാധ്യായ, ബി ജെ പി മഹിളാ മോര്‍ച്ച നേതാവ് ഉദ്ദിത് ത്യാഗി തുടങ്ങിയവരാണ് മുസ് ലിംകള്‍ക്കെതിരെ വിഷം തുപ്പുന്ന കലാപ ആഹ്വാനം നടത്തിയിരുന്നത്.

ഹരിദ്വാറിലെ സന്യാസി സമ്മേളനത്തിന് പിന്നാലെ ഛത്തിസ്ഗഢിലെ റായ്പൂരില്‍ സംഘടിപ്പിച്ച ധര്‍മ്മ സന്‍സദ് സമ്മേളനത്തിലും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചു. ഹിന്ദു നേതാവ് കാളി ചരണ്‍ മാഹാരാജ് രാഷ്ട്ര പിതാവിനെ അപമാനിക്കുകയും അദ്ദേഹത്തിന്റെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. മുസ് ലിംകള്‍ക്കെതിരെ തീവ്ര വര്‍ഗീയ വിഷം ചീറ്റുന്നതില്‍ കാളി ചരണും മത്സരിക്കുകയായിരുന്നു. രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചടക്കുകയാണ് മുസ് ലിംകളുടെ പ്രവര്‍ത്തനമെന്ന ആരോപണവും ഉന്നയിച്ചിരുന്നു.

പോലിസ് അന്വേഷണം നടത്തുന്നുണ്ട് എന്ന ഒഴുക്കന്‍ മട്ടിലുളള പ്രതികരണം പോലും വര്‍ഗീയ വാദികള്‍ക്ക് കലാപത്തിനുള്ള ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്ന നടപടിയാണെന്നും റാഷനലിസ്റ്റ് ലോയേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it