Latest News

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലന്‍സ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ 250 കോടിയില്‍പരം രൂപയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. 2019-24 കാലഘട്ടത്തില്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലന്‍സുകളുടെ നടത്തിപ്പ് അഞ്ചു വര്‍ഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്കു നല്‍കിയത്. പിന്നീട് ഒരു ആംബുലന്‍സ് കൂടി ചേര്‍ത്തു 316 ആക്കി. എന്നാല്‍, ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലന്‍സുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രം. ചെലവ് വര്‍ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പാതി തുകയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ കമ്പനിക്കു കഴിയുമെങ്കില്‍ 2019-ലെ പ്രത്യേക മന്ത്രിസഭ അനുമതിയുടെ കമ്മിഷന്‍ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടില്‍ പങ്കുണ്ടെന്നും ഇതുസംബന്ധിച്ച രേഖകള്‍ പുറത്തു വിട്ട് രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു പദ്ധതിയുടെ നടത്തിപ്പിന്റെ അത്രയും തന്നെ തുക കമ്മിഷന്‍ അടിക്കുന്ന പ്രവര്‍ത്തനമാണ് ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. അനര്‍ട്ടിലും നടന്നത് പദ്ധതിചെലവിന്റെ അത്രയും തന്നെ തുകയുടെ ക്രമക്കേടാണ്. തൊട്ടതിലെല്ലാം അഴിമതി കാണിക്കുന്ന ഈ കമ്മിഷന്‍ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. ഈ തീവെട്ടിക്കൊള്ളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും വിശദീകരണം നല്‍കണമെന്നും ചെന്നിത്തലആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it